Sorry, you need to enable JavaScript to visit this website.

പട്ടേലിന്റേയും നേതാജിയുടേയും സംഭാവനകൾ കോൺഗ്രസ് മായ്ച്ചുകളയുന്നു -മോഡി

ആസാദ് ഹിന്ദ് ഫൗജ് വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിക്കുന്നു.

ന്യൂദൽഹി- നെഹ്‌റു കുടുംബത്തെ മഹത്വവൽക്കരിക്കാൻ സർദാർ വല്ലഭായ് പട്ടേൽ, ബി.ആർ.അംബേദ്കർ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ഒട്ടേറെ സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ടം കോൺഗ്രസ് വിസ്മരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജവഹർലാൽ നെഹ്‌റുവിനെതിരെ പതിവു വിരോധം തുളുമ്പിയ പ്രസംഗം ആസാദ് ഹിന്ദ് ഫൗജ്'പ്രഖ്യാപനത്തിന്റെ 75-ാം വാർഷികാഘോഷത്തിലാണ് മോഡി നടത്തിയത്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലായിരുന്നു ആസാദ് ഹിന്ദ് ഫൗജ് പ്രഖ്യാപനമെന്ന് വാർഷികാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി മോഡി പറഞ്ഞു. സാധാരണ സ്വാതന്ത്ര്യ ദിനത്തിനു മാത്രമാണു ചെങ്കോട്ടയിൽ പതാക ഉയർത്താറുള്ളത്.
നെഹ്‌റുവിന്റെ പേരെടുത്തു പറയാതെയായിരുന്നു വിമർശം. സ്വാതന്ത്ര്യത്തിനു പിന്നാലെ സർദാർ പട്ടേൽ, നേതാജി എന്നിവരുടെ ഉപദേശങ്ങൾ ഇന്ത്യക്കു ലഭിച്ചിരുന്നെങ്കിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. ആ മാറ്റങ്ങൾക്കാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും മോഡി പറഞ്ഞു. ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്ക് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു നേതാജിയുടെ പ്രവർത്തനം. എന്നാൽ ഈ മേഖലകൾക്ക് ഇത്രയും കാലം ആവശ്യത്തിനു പരിഗണന ലഭിച്ചില്ല. വടക്കുകിഴക്കൻ മേഖലയെ ഇന്ത്യൻ വളർച്ചയുടെ എൻജിനാക്കി'മാറ്റാനാണ് ഇപ്പോഴത്തെ സർക്കാരിന്റെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷവും ബ്രിട്ടീഷ് കണ്ണുകളിലൂടെയാണു നാം പലതും കണ്ടത്. അതുകൊണ്ടു തന്നെ പല നയങ്ങളും ബ്രിട്ടീഷ് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഈ നയങ്ങൾ ഇന്നും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. എന്നാൽ എല്ലാം വിദേശികളുടെ കണ്ണിലൂടെ നോക്കിക്കാണേണ്ടതല്ലെന്നാണ് നേതാജി ഇന്ത്യയെ പഠിപ്പിച്ചത്.
മറ്റുള്ളവരുടെ മണ്ണ് സ്വന്തമാക്കാൻ ഇന്ത്യ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന സംഭവങ്ങളുണ്ടായാൽ ഇരട്ടി ശക്തിയോടെ ആഞ്ഞടിക്കും. സൈനികരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങളൊരുക്കാനാണു സർക്കാർ ശ്രമം. മികച്ച സാങ്കേതികതയും ഏറ്റവും പുതിയ ആയുധങ്ങളും സേനക്കു ലഭ്യമാക്കും. നേതാജി സ്വപ്‌നം കണ്ടതു പ്രകാരമുള്ള ഒരു സൈന്യമാണ് ഇന്ത്യയുടെ ലക്ഷ്യം. സ്വയം പ്രതിരോധത്തിനു വേണ്ടി മാത്രമായിരിക്കും ഇന്ത്യ അതിന്റെ സൈനിക ശക്തി ഉപയോഗിക്കുകയെന്നും മോഡി വ്യക്തമാക്കി. പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്തിയതും വിരമിച്ച സൈനികർക്ക് വൺ റാങ്ക് വൺ പെൻഷന്റെ ഗുണഫലങ്ങൾ ലഭ്യമാക്കുന്നതും മോഡി പ്രസംഗത്തിൽ പരാമർശിച്ചു.

വിമർശവുമായി കോൺഗ്രസ് 
മഹത്തായ ഓർമ ദിവസത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണു ബി.ജെ.പി സർക്കാർ ചെയ്തതെന്ന് കോൺഗ്രസ് വിമർശിച്ചു. ചരിത്രം തിരുത്തിയെഴുതാനുള്ള വെപ്രാളത്തിലാണ് ബി.ജെ.പി. സർദാർ പട്ടേലും നേതാജിയും നെഹ്‌റുവിനോടു ശത്രുതയിലായിരുന്നെന്നു വരുത്തിത്തീർക്കാനാണു മോഡിയുടെ ശ്രമം. ഇന്ത്യൻ നാഷനൽ ആർമിയുടെ (ഐ.എൻ.എ) ഭാഗമായുള്ള വിചാരണ നടക്കുമ്പോൾ നെഹ്‌റുവായിരുന്നു നേതാജിയുടെ അഭിഭാഷകരിൽ ഒരാളെന്ന് ഓർമയുണ്ടാകണം. അന്ന് ആർ.എസ്.എസിൽ നിന്ന് ആരെങ്കിലും നേതാജിയെ പിന്തുണക്കാനുണ്ടായിരുന്നോ? രാജ്യം അഭിമാനം കൊള്ളുന്ന നേതാക്കളെ മോഡി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗപ്പെടുത്തുകയാണെന്നും കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി ചൂണ്ടിക്കാട്ടി. 
 

Latest News