ശ്രീനഗര്‍- കശ്മീരില്‍ പലയിടത്തായി ഞായറാഴ്ചയുണ്ടായ സംഘര്‍ഷങ്ങളിലും സ്‌ഫോടനത്തിലും 14 പേര്‍ കൊല്ലപ്പെട്ടു. കുല്‍ഗാമില്‍ ഭീകരരുമായി സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇവിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ആറു സാധാരണക്കാരും കൊല്ലപ്പെട്ടു. പ്രതിഷേധവുമായി ആയിരങ്ങളാണ് ഇവിടെ തെരുവിലിറങ്ങിയത്. ഇതിനിടെയായിരുന്നു സ്‌ഫോടനം. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് വീണു കിടക്കുകയായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ആറു പേര്‍ മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവിടേക്ക് മാര്‍ച്ച് ചെയ്യരുതെന്ന് നാട്ടുകാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിച്ചത് ഗ്രനേഡ് ആണോ മോര്‍ട്ടാര്‍ ഷെല്‍ ആണോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പോലീസിന് സംഭവ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല.
ഏറ്റുമുട്ടലുകള്‍ നടക്കുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ ഇരച്ചെത്തുന്നത് കശ്മീരില്‍ പതിവായിരിക്കുകയാണന്നും ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടും സുരക്ഷാ സേനയ്ക്ക് ഇതു തടയാനാകുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കുല്‍ഗാമില്‍ മൊബൈല്‍ സേവനവും ഇന്റര്‍നെറ്റും നിര്‍ത്തിവച്ചിരിക്കുകയാണ്. ശ്രീനഗറിലേക്കും സംഘര്‍ഷം വ്യാപിച്ചു. ഇവിടെ ഒത്തു കൂടിയ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ കണ്ണീര്‍ വാതക പ്രയോഗം നടത്തി.