Sorry, you need to enable JavaScript to visit this website.

അമൃത്സര്‍ ദുരന്തം: നൊമ്പരമായി പാളത്തിനിരികെ കിടന്ന 10 മാസം പ്രായമായ കുഞ്ഞ്; മാതാപിതാക്കളെ കണ്ടെത്താനായില്ല

അമൃത്സര്‍- ദസറ ആഘോഷം കാണാനായി റെയില്‍വെ പാളത്തില്‍ കൂട്ടംകൂടിനിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞു കയറി 61 പേര്‍ മരിച്ച ദുരന്തത്തില്‍ നൊമ്പരമായി ഒരു കുഞ്ഞ്. അപകടം നടന്ന പാളത്തിനു സമീപത്തു നിന്നും നാലു മണിക്കൂറുകള്‍ക്കു ശേഷം പോലീസ് രക്ഷപ്പെടുത്തിയ 10 മാസം പ്രായമായ ആണ്‍കുഞ്ഞിന്റെ മാതാപിതാക്കളെ രണ്ടു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. കുഞ്ഞിനെ തിരിച്ചറിയുന്നവര്‍ 0183 2220205 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചെറിയ പരിക്കുകളോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇപ്പോള്‍ അമൃത്സറിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ പരിചണത്തിലാണ്. മതാപിതാക്കളെ കണ്ടെത്താനായില്ലെങ്കില്‍ കുഞ്ഞിനെ ദത്തുനല്‍കല്‍ കേന്ദ്രത്തിനു കൈമാറുമെന്ന് പോലീസ് അറിയിച്ചു. 

ദുരന്തത്തിനു ശേഷം അമൃത്സറിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഉറ്റവരെ കാണാതായെന്ന ഇരുപതോളം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇവരിലേറെയും പേര്‍ ദുരന്തമുണ്ടായ സ്ഥലത്തെ ദസറ ആഘോഷത്തിനു പോയവരാണ്. വിവിധ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്കിടയില്‍ തങ്ങളുടെ ഉറ്റവരുണ്ടോ എന്ന അന്വേഷണത്തിലാണ് കുടുംബങ്ങള്‍. മരിച്ച 61 പേരില്‍ 39 പേരുടെ മൃതദേഹങ്ങള്‍മാത്രമെ തിരിച്ചറിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവരെ ട്രെയ്‌നിന്റെ ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ് വികൃതമായതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ കുഞ്ഞിന്റെ മാതാപിതാക്കളും ഈ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസിന്റെ സംശയം. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദുരന്തത്തിനു ശേഷം പ്രതിഷേധവുമായി രംഗത്തുള്ള പ്രദേശ വാസികളുടെ രോഷപ്രകടനത്തിന് ഇനിയും ശമനമായിട്ടില്ല. ജോഡ ഫട്ക്ക മേഖലയില്‍ നാട്ടുകാര്‍ സംസ്ഥാന സര്‍ക്കാരിനും റെയില്‍വേയ്ക്കുമെതിരെ കടുത്ത പ്രതിഷേധം തുടരുകയാണ്. ആക്രമസക്തരായ പ്രതിഷേധക്കാരുടെ കല്ലേറില്‍ ഏതാനും പോലീസുകാര്‍ക്കും ഞായറാഴ്ച പരിക്കേറ്റു. റെയില്‍വെ ട്രാക്ക് ഉപരോധിച്ച നാട്ടുകാരെ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. ദസറ ആഘോഷ പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ സമരം. പാളം ഉപരോധിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള പത്തിലേറെ ട്രെയനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
 

Latest News