Sorry, you need to enable JavaScript to visit this website.

ശബരിമല: ബി.ജെ.പിയുടേത് നാടകം -രമേശ് ചെന്നിത്തല

ിരുവനന്തപുരം- ശബരിമല സ്ത്രീ പ്രവേശത്തെ ദേശീയ തലത്തിൽ അനുകൂലിക്കുകയും കേരളത്തിൽ അതിനെതിരെ ജനങ്ങളെ ഇളക്കിവിട്ട് കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന ബി.ജെ.പി  നാടകം കളിക്കുകയാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 
ശബരിമലയെ സംഘർഷ ഭൂമിയാക്കാനുള്ള സംഘപരിവാറിന്റെ ശ്രമത്തിന് ഇന്ധനം പകരുകയാണ് സി.പി.എമ്മും സർക്കാരും ചെയ്യുന്നത്. ശബരിമലയിലെ സംഘർഷത്തിൽ ആർ.എസ്.എസും സർക്കാരും കൂട്ടുപ്രതികളാണ്. ബി.ജെ.പിയും സി.പി.എമ്മും ഇക്കാര്യത്തിൽ പരസ്പര സഹായ സംഘം പോലെ പ്രവർത്തിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ വിഷയത്തിൽ കോൺഗ്രസും യു.ഡി.എഫും പ്രക്ഷോഭം പകുതി വഴിയിൽ ഉപേക്ഷിച്ചുവെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിളളയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. കോൺഗ്രസും യു.ഡി.എഫും വിഷയത്തിൽ പ്രത്യക്ഷ സമരത്തിനില്ലെന്ന് തുടക്കം മുതൽ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിശ്വാസികളുടെ വികാരങ്ങളെ പിന്തുണക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതുമാണ്. ഈ വസ്തുതകൾ മറച്ചുവെച്ചാണ് ശ്രീധരൻപിള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ശബരിമലയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധിയെ ബി.ജെ.പിയും ആർ.എസ്.എസും ശക്തിയായി അനുകൂലിക്കുകയാണ് ആദ്യം ചെയ്തത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള ഉൾപ്പെടെയുള്ള നേതാക്കൾ വിധി വന്ന ആദ്യ ദിവസങ്ങളിൽ ഒരേ സമയം അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന സർക്കസ് കളിക്കുകയായിരുന്നു. പിന്നീട് കലക്ക വെള്ളത്തിൽ മീൻ പിടിക്കാമെന്ന് കണ്ടപ്പോഴാണ് ജനങ്ങളെ ഇളക്കി വിട്ട് രംഗത്തിറങ്ങിയത്. ഇപ്പോഴാകട്ടെ ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് എല്ലാ സംരക്ഷണവും നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനത്തിന് കത്തയച്ചിരിക്കുകയാണ്. സ്ത്രീ പ്രവേശനത്തിനെതിരെ ബി.ജെ.പിക്കാർ ഇവിടെ സമരം നടത്തുകയും ചെയ്യുന്നു. ഇതാണ് യഥാർഥ നപുംസക നയം.

Latest News