പിതാവ് കുത്തേറ്റ് മരിച്ചു;  മകൻ കസ്റ്റഡിയിൽ

ആറ്റിങ്ങൽ- മകന്റെ കുത്തേറ്റ് പിതാവ് മരിച്ച കേസിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൈപ്പറ്റിമുക്ക് പുന്നയ്ക്കവിളാകം വീട്ടിൽ ശശിധരൻ നായർ (55) ആണ് കൊല്ലപ്പെട്ടത്. കേസിൽ മകൻ ശരത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പട്ടിയുടെ ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കമാണ് ശശിധരൻ നായരുടെ മരണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ ശരത്തും ശശിധരൻ നായരും തമ്മിൽ രാത്രിയിൽ വീട്ടിലെ വളർത്തു നായക്ക് ഭക്ഷണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. നായക്ക് ശരത്ത് നൽകിയ തീറ്റ കുറവാണെന്ന് ആരോപിച്ച് ബഹളം വയ്ക്കുകയും ശശിധരൻ നായർ വീണ്ടും തീറ്റ നൽകുകയും ചെയ്തു. ഇത് ശരത്തിന് ഇഷ്ടപ്പെടാതെ പിതാവ് നൽകിയ തീറ്റ തട്ടിക്കളഞ്ഞു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് ശശിധരൻ നായർ ചുറ്റിക ഉപയോഗിച്ച് ശരത്തിന്റെ തലയിൽ അടിച്ചു. അടിയേറ്റ് തല പൊട്ടിയ ശരത്ത് ദേഷ്യത്തിൽ കത്രിക ഉപോയഗിച്ച് ശശിധരൻ നായരെ കുത്തി. നാലു കുത്തേറ്റ ശശിധരൻ നായരെ ശരത്തും മാതാവ് രാധാമണിയും ചേർന്ന് ആറ്റിങ്ങൽ വലിയകുന്നിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പോലീസെത്തി ശരത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശരത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ കാരണം വ്യക്തമായത്.
 

Latest News