തിരുവനന്തപുരം- ഡി.ജി.പി സ്ഥാനത്ത് പുനർനിയമനം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കത്തിനെതിരെ ടി.പി സെൻകുമാർ നൽകിയ ഹരജി വെള്ളിയാഴ്ച്ച പരിഗണിക്കും. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച് സെൻകുമാർ സുപ്രീം കോടതയിൽ ഹരജി നൽകിയത്. കാലാവധി തീരുന്നതിന് മുമ്പ് ഡി.ജി.പി സ്ഥാനത്ത്‌നിന്ന് മാറ്റിയതിനെതിരെ സെൻകുമാർ നൽകിയ പരാതിയിലാണ് സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.
അതേസമയം, വിധിയിൽ നിയമവശം പരിഗണിച്ചു വരികയാണെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കാര്യങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി വിഷയത്തിൽ പ്രതിപക്ഷവും നിയമസഭയിൽ കനത്ത പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, സുപ്രീം കോടതി ഉത്തരവ് എത്രയും വേഗം നടപ്പാക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.