മക്ക- ആറാഴ്ചക്കിടെ ഇന്ത്യയിൽനിന്ന് മുക്കാൽ ലക്ഷത്തോളം ഉംറ തീർഥാടകർ പുണ്യഭൂമിയിൽ എത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം വിദേശ ഉംറ തീർഥാടകരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. മുഹറം ഒന്നു (സെപ്റ്റംബർ 11) മുതൽ സ്വഫർ എട്ട് (ഒക്‌ടോബർ 17) വരെയുള്ള കാലത്ത് 5,35,423 ഉംറ വിസകളാണ് മന്ത്രാലയം അനുവദിച്ചത്. ഇക്കാലയളവിൽ വിദേശങ്ങളിൽ നിന്ന് 2,78,706 ഉംറ തീർഥാടകർ പുണ്യഭൂമിയിൽ എത്തി.
വിദേശങ്ങളിൽ നിന്ന് എത്തിയ തീർഥാടകരിൽ 75,914 പേർ തീർഥാടന കർമം പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി.
2,02,792 തീർഥാടകരാണ് പുണ്യഭൂമിയിലുള്ളത്. ഇവരിൽ 1,40,848 പേർ മക്കയിലും 61,944 പേർ മദീനയിലുമാണ്.
ഈ വർഷം വിദേശങ്ങളിൽ നിന്ന് എത്തിയ ഉംറ തീർഥാടകരിൽ 2,61,187 പേർ വിമാന മാർഗവും കര മാർഗം 17,519 പേർ കര മാർഗവുമാണ് രാജ്യത്ത് പ്രവേശിച്ചത്. കപ്പൽ മാർഗം ആരും എത്തിയില്ല. ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് പാക്കിസ്ഥാനിൽ നിന്നാണ്. പാക്കിസ്ഥാനിൽനിന്ന് 1,19,776 തീർഥാടകർ എത്തി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 72,442 തീർഥാടകരും മൂന്നാം സ്ഥാനത്തുള്ള ഇന്തോനേഷ്യയിൽ നിന്ന് 31,729 തീർഥാടകരും നാലാം സ്ഥാനത്തുള്ള യെമനിൽ നിന്ന് 7,337 തീർഥാടകരും അഞ്ചാം സ്ഥാനത്തുള്ള ജോർദാനിൽ നിന്ന് 6,447 തീർഥാടകരും പുണ്യഭൂമിയിൽ എത്തിയതായും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.