ന്യൂദല്‍ഹി- രഹ് ന ഫാത്തിമയെന്ന യുവതിയെ ശബരിമലയിലെത്തിച്ച് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും വ്യാപക വര്‍ഗീയ കലാപത്തിന് ആസൂത്രിത നീക്കം നടത്തിയെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു. രഹ്്‌ന ഫാത്തിമയെന്ന മുസ്്‌ലിം യുവതിയെത്തിയത് സി.പി.എമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രേരണയിലാണ്. യുവതി ദര്‍ശനം നടത്തിയാല്‍ വടക്കെ മലബാറില്‍ പള്ളികള്‍ ആക്രമിക്കാന്‍ ഡി.വൈ.എഫ്.ഐക്കാരെ സി.പി.എം സജ്ജമാക്കിയിരുന്നു. ഭക്തര്‍ പ്രതിഷേധിച്ചതിനാലാണ് പ്രവേശനം നടക്കാതിരുന്നത്. ഇതോടെ കലാപനീക്കം പൊളിയുകയായിരുന്നു.
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വിഷയമാണ് ശബരിമലയിലേത്. അത് ഹിന്ദു-മുസ്്‌ലിം വിഷയമാക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതിന് തെളിവാണ് ബാബ് രി മസ്ജിദ് വിഷയം പരാമര്‍ശിച്ചുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റ്. സി.പി.എം സര്‍ക്കാര്‍ സൃഷ്ടിച്ച ദുരന്തമായിരുന്നു പ്രളയം. അന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്നു. ശബരിമല പ്രശ്‌നങ്ങളും അവര്‍ സൃഷ്ടിച്ചതാണ്. ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും സി.പി.എം ഒറ്റപ്പെട്ടുനില്‍ക്കുകയാണെന്നും ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പി.കെ കൃഷ്ണദാസ് പറഞ്ഞു. ആചാര സംരക്ഷണത്തിന് വേണ്ടി ഏതറ്റം വരെയും ബി.ജെ.പി പോകും. അടുത്ത ദിവസങ്ങളില്‍ ഇതേ നിലപാടുമായി പോയാല്‍ സര്‍ക്കാരിന് അത് ബോധ്യപ്പെടുമെന്നും കൃഷ്ണദാസ് മുന്നറിയിപ്പു നല്‍കി.