കേരളം കലാപഭൂമിയാക്കുന്നവർ

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരായ കലാപങ്ങളാൽ കേരളം സംഘർഷ ഭരിതമാവുകയാണ്. ആദ്യ ദിവസങ്ങളിൽ വിധിയെ സ്വാഗതം ചെയ്തവരാണ് പിന്നീട് നിലപാട് മാറ്റി ആക്രമണ മാർഗത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. 
ഇവരുടെ ലക്ഷ്യം മറ്റു പലതാണെന്ന് ഇതിൽ നിന്നു തന്നെ വ്യക്തം. അതാകട്ടെ, വളരെ ലളിതമായ ഭാഷയിൽ ഇടതുപക്ഷം പറയുന്ന പോലെ ബി ജെ പിയുടേയും കോൺഗ്രസിന്റെയും രാഷ്ട്രീയ മുതലെടുപ്പു മാത്രമല്ല. കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന തങ്ങളുടെ ആധിപത്യത്തിന് കോട്ടം തട്ടുമെന്ന സവർണ - പുരുഷാധിപത്യ ശക്തികളുടെ വേവലാതിയാണ് ഈ പോരാട്ടങ്ങളുടെ ചാലക ശക്തി. ഇപ്പോഴിതാ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ലിംഗഭേദമില്ലാതെ പ്രവേശനം വേണമെന്ന തങ്ങളുടെ നിലപാട് തിരുത്തി ആർ എസ് എസ് കേന്ദ്ര നേതൃത്വവും രംഗത്തു വന്നിരിക്കുന്നു. അതോടെ ചിത്രം പൂർത്തിയായി. 
ഭരണഘടനാ അവകാശങ്ങളിൽ അടിസ്ഥാനപ്പെടുത്തിയുള്ള കോടതി വിധിക്കെതിരെ ആദ്യ ദിവസങ്ങളിൽ കാണാതിരുന്നതും പിന്നീട് ശക്തമായി തീർന്നതുമായ പൊതുവികാരത്തിന് പിന്നിൽ പ്രവർത്തിച്ചത് രാഹുൽ ഈശ്വറിനെ പോലെയുള്ള ബ്രാഹ്മണിസത്തിന്റെ വക്താക്കളാണ്. സംഘ്പരിവാർ സംഘടനകൾ പോലും സ്വീകരിച്ചു പോന്നിരുന്ന നിലപാടുകൾ തിരുത്തപ്പെടുന്നതും അവിടെ നിന്നാണ്. ഇതൊക്കെ കേവലം അയ്യപ്പഭക്തിയിൽ നിന്ന് മാത്രം വരുന്നതല്ല, അധികാരങ്ങൾ നഷ്ടപ്പെടുന്നതിൽ ഭരണഘടനക്കെതിരെ മനുവാദികൾ തീർക്കുന്ന കൃത്യമായ പ്രതിരോധമാണ്. രാഹുൽ ഈശ്വർ  കേവലമൊരു വ്യക്തിയല്ല, സഹസ്രാബ്ദം പഴക്കമുള്ള സവർണ അധികാര സ്ഥാപനങ്ങളുടെ ആധുനിക അംബാസഡറാണ്. കോടതി വിധി വഴി ശബരിമലയിൽ ഇല്ലതാക്കപ്പെടുന്നത്  ലിംഗ വിവേചനം മാത്രമല്ല, വരും നാളുകളിൽ ബ്രാഹ്മണിസത്തിന്റെ എല്ലാത്തരം അധീശത്വ രീതികളും ചോദ്യം ചെയ്യപ്പെടുമെന്ന ് അയാൾ തിരിച്ചറിയുന്നുണ്ട്. രാജ്യത്ത് മുഴുവൻ വ്യാപിച്ചു കിടക്കുന്ന സവർണ അധികാരങ്ങൾ ഒന്നൊന്നായി ഭരണഘടന റദ്ദ് ചെയ്യുമെന്നും ബ്രാഹ്മണിസം തിരിച്ചറിയുന്നു. 
ശബരിമലയുടെ സവർണ-പുരുഷവൽക്കരണം നടന്നിട്ട് അധിക കാലമായിട്ടില്ല എന്നത് വ്യക്തമാണ്.  ക്ഷേത്രത്തിന് ആദിവാസി വിഭാഗവുമായും വാവരു സ്വാമിയുമായും ഈഴവ സമുദായവുമായുള്ള ബന്ധങ്ങൾ പല ചടങ്ങുകളിൽ നിന്നും വ്യക്തമാണ്. വേട്ടക്കാരനായ അയ്യപ്പനെ ഓർമപ്പിക്കുന്ന എരുമേലിയിലെ പേട്ടതുള്ളൽ ഓർമിപ്പിക്കുന്നത് ആദിമവാസികളുടെ  സംസ്‌കൃതിയെയാണ്. ആദിവാസികൾക്ക് ക്ഷേത്ര പ്രതിഷ്ഠക്കു മുകളിൽ തേൻ അഭിഷേകം നടത്താനുള്ള അവകാശമുണ്ടായിരുന്നല്ലോ. വിഖ്യാതമായ മകര വിളക്ക് കത്തിച്ചിരുന്നതും മറ്റാരുമായിരുന്നില്ലല്ലോ. ക്ഷേത്രത്തിലെ വെടിവഴിപാടിന്റെ കുത്തക ചേർത്തല ചീരപ്പൻ ചിറ കുടുംബത്തിനായിരുന്നു. ഇതെല്ലാം നഷ്ടപ്പെട്ടിട്ട് അധിക കാലമായിട്ടില്ല. നഷ്ടപ്പെടുകയായിരുന്നില്ല, പിടിച്ചെടുക്കപ്പെടുക തന്നൈയായിരുന്നു. അച്ചൻകോവിൽ അയ്യപ്പ ക്ഷേത്രത്തിലെ ഭഗവതിമാർക്കൊപ്പമുളള ഈഴവ, ആദിവാസി പ്രതിനിധികൾ ശബരിമലയിലുള്ള വാവരു സ്വാമി കറുപ്പുസ്വാമി മഹിഷിയേ നേരിടുമ്പോൾ രംഗത്തുണ്ടായിരുന്ന കുള്ളനായ സ്വാമി ഇവരെ ഓർമിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. തീർച്ചയായും ശബരിമലയുടെ ബൗദ്ധ പാരമ്പര്യവും പ്രകടമാണ്. ശാസ്താവ് എന്ന അയ്യപ്പന്റെ വിശേഷണത്തെ എല്ലാ ആധികാരിക നിഘണ്ടുകളിലും ബുദ്ധന്റെ പര്യായമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അയ്യാ, അയ്യൻ, അയ്യനാർ, അയ്യപ്പൻ എന്നീ ദേവ സങ്കൽപങ്ങളെല്ലാം 2300 വർഷങ്ങൾക്കു മുൻപ് ബുദ്ധ ധർമ്മത്തെ ഏഷ്യൻ വൻകരയിലാകമാനം സ്വപ്രയത്നത്താൽ പ്രചരിപ്പിച്ച  അശോകന്റെ ബോധിസത്വ സങ്കൽപം കൂടി സ്വാംശീകരിച്ചതാണ്. ശബരിമല ഭക്തരുടെ ശരണം വിളിയായ 'സ്വാമി ശരണം അയ്യപ്പ, അയ്യപ്പ ശരണം സ്വാമിയെ ' എന്നത് 'ബുദ്ധം ശരണം ഗച്ചാമി, ധര്മ്മം ശരണം ഗച്ചാമി' എന്ന ബൗദ്ധരുടെ ശരണ മന്ത്രങ്ങൾ തന്നെയാണ്. ക്ഷേത്രപ്രവേശന വിളംബരത്തിനും നൂറ്റാണ്ടുകൾക്കു മുമ്പേ ഇവിടെ എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമുണ്ടായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇപ്പോൾ പോലും അന്യമതസ്ഥതർക്കു പ്രവേശനമില്ല.  
ബൗദ്ധ സത്യങ്ങളുടെ പതിനെട്ടാം പടി ചവിട്ടലും 'സ്വാമി' എന്ന് പരസ്പരം സംബോധന ചെയ്യലും  'തത്വമസി' മന്ത്രവും ബൗദ്ധപാരമ്പര്യം തന്നെ. 1931 ൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടിൽ പോലും ശബരിമല ശാസ്താവിനെ ബുദ്ധനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ശബരിമല ശാസ്താ ക്ഷേത്രത്തെ ബൌദ്ധ പഗോഡ എന്നം വിശേഷിപ്പിച്ചിരുന്നു. ഈ പഗോഡ പിൽക്കാലത്ത് ശബരിമല ദേവാലയമായി തീർന്നതിനും ആദിവാസി, ഈഴവ സമുദായങ്ങൾക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതിനും ദേവസ്വം ബോർഡ്, പന്തളം മുൻ രാജകുടുംബം, തന്ത്രികൾ എന്നിവർക്കെല്ലാം പങ്കുണ്ട്. ഇപ്പോൾ ആചാരങ്ങൾ സംരക്ഷിക്കണമെന്നു പറഞ്ഞ് കലാപമുണ്ടാക്കുന്നവർ ആദിവാസിക്കും ഈഴവ കുടുംബത്തിനുമുണ്ടായ നഷ്ടത്തെ കുറിച്ച് നിശ്ശബ്ദരാണ്. ഇക്കാലയളവിലൊന്നും സ്ത്രീകൾക്കും വിവേചനമില്ലായിരുന്നു. അതു സംഭവിച്ചിട്ട് 60 ഓളം വർഷമേ ആയിട്ടുള്ള.േ ശാസ്താവിൽ അയ്യപ്പൻ ലയിച്ചു എന്ന അധികം പുരാതനമല്ലാത്ത സങ്കൽവമാണ് സവർണ - പുരുഷവൽക്കരണത്തിനായി ഉപയോഗിച്ചത്, ഇപ്പോഴത്തെ വിധിക്കെതിരേയും ഉപയോഗിക്കുന്നത്. ഭരണഘടനയേക്കാൾ മനുസ്മൃതിക്കു പ്രാധാന്യം നൽകുന്നതും വെറുതെയല്ല. ശബരിമലയിൽ പതിനെട്ട് മലകൾക്ക് അധിപനായി അയ്യപ്പൻ ഭക്തരാൽ വാഴ്ത്തപ്പെടുന്നതിന് മുൻപ് ആ പതിനെട്ട് മലകളിൽ അധിവസിച്ചിരുന്ന ആദിവാസി ഗോത്രങ്ങളായ മലഅരയർക്കും മലപണ്ടാരങ്ങൾക്കും അവകാശപ്പെട്ട ഭൂമിയും വനവിഭവങ്ങളും നഷ്ടപ്പെട്ടതും സ്വാഭാവികമല്ല.    
വാസ്തവത്തിൽ ആദിവാസികളും ദളിതരും പിന്നോക്കക്കാരും സ്ത്രീകളുമെല്ലാം തങ്ങൾക്കു നഷ്ടപ്പെട്ട ഈ ബൗദ്ധക്ഷേത്രത്തെ തിരിച്ചുപിടിക്കാനാണ് പോരാടേണ്ടത്. നിർഭാഗ്യവശാൽ സംഭവിക്കുന്നത് അതല്ല. തങ്ങളുടെ അധികാരങ്ങൾ നഷ്ടപ്പെടുമെന്ന ഭീതിയിൽ സവർണ
വിഭാഗങ്ങൾ നടത്തുന്ന സമരത്തിലാണ് ഇവരിൽ വലിയൊരു വിഭാഗം അണിനിരന്നിരിക്കുന്നത്. തങ്ങളുടെ പൂർവ്വികർ നടത്തിയ ഐതിഹാസികമായ നവോത്ഥാന പോരാട്ടങ്ങളാണ് ഫലത്തിൽ ഇവർ തള്ളിക്കളയുന്നത്. 
എങ്കിലും കെപിഎംഎസും പല ആദിവാസി സംഘടനകളും എസ് എൻ ഡി പിയിലെ ഒരു വിഭാഗവുമെല്ലാം ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നു എന്നത് പ്രതീക്ഷ നൽകുന്നു. ഇത്തരത്തിലുള്ള സമയങ്ങളിലല്ലാതെ ഹിന്ദുക്കൾ ഒന്നാകുന്നില്ല എന്നും ജാതീയവും ലിംഗപരവുമായ വിവേചനങ്ങളാണ് വാസ്തവത്തിൽ ഈ മതത്തിന്റെ നിലനിൽപെന്നും ഒരു വിഭാഗമെങ്കിലും തിരിച്ചറിയുന്നുണ്ട്. 
പോയ നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന നവോത്ഥാന സമരങ്ങൾ പോലും പ്രധാനമായും അതാതു ജാതികളിലെ അനാചാരങ്ങൾക്കെതിരായ പോരാട്ടങ്ങളായിരുന്നു എന്നും കേരളത്തിന്റെ  മൊത്തം നവോത്ഥാന സമരങ്ങളായിരുന്നില്ല എന്നും തിരിച്ചറിയുന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. വരുംകാല സമരങ്ങൾക്കു വേണ്ട ദിശയും വ്യക്തമാകും. കേവല കക്ഷിരാഷ്ട്രീയ താൽപര്യങ്ങളോ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള കലാപങ്ങളോ മാത്രമല്ല ഇപ്പോൾ നടക്കുന്നതെന്നും സംഘപരിവാറിന്റെ ദീർഘ ലക്ഷ്യത്തോടെയുള്ള നീക്കമാണ് മുരത്ത
വർഗീയ വികാരം ഇളക്കിവിട്ടുള്ള യുദ്ധസമാനമായ അന്തരീക്ഷമെന്നും ജനാധിപത്യ-മതേതര ശക്തികൾ തിരിച്ചറിയേണ്ടതുണ്ട്. 
 

Latest News