ശബരിമലയെ മറ്റൊരു സുവർണ ക്ഷേത്രമാക്കാനോ?

ശബരിമല പ്രശ്‌നം സംബന്ധിച്ച് വെള്ളിയാഴ്ചയുണ്ടായ സംഭവ വികാസങ്ങൾ കാണിക്കുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയും കൂടുതൽ അപകടത്തിലേക്ക് നീങ്ങുകയും ചെയ്യുന്നുവെന്നാണ്. അതിന് മുഖ്യമന്ത്രി വിഷയത്തിൽ സ്വീകരിക്കുന്ന നയവും പോലീസ് നയവും മന്ത്രിസഭയിൽ തന്നെ അതിലുള്ള വിയോജിപ്പും കാരണമാണ്. പ്രശ്‌നം ഇങ്ങനെ സംഗ്രഹിക്കാം:
ഒന്ന്, സിക്ക് മത തീവ്രവാദം അമൃത്‌സറിലെ സുവർണ ക്ഷേത്രം കേന്ദ്രീകരിച്ച് രാജ്യത്തെ ക്രമസമാധാനം തകർത്തതു പോലുള്ള ഒരവസ്ഥയിലേക്ക് ശബരിമല പ്രശ്‌നം കൈവിട്ടുപോകുകയാണെന്ന് മുൻകൂട്ടി കാണേണ്ട സമയം വൈകിയിരിക്കുന്നു. 
പന്തളം രാജാവിന്റെ ഉപദേശമനുസരിച്ച് ശ്രീകോവിൽ അടച്ചുപൂട്ടി താക്കോൽ കൈമാറി ഇറങ്ങിപ്പോകാൻ തന്ത്രി എടുത്ത തീരുമാനം, ശാന്തിമാരും പരികർമ്മികളും സ്ഥലത്തെത്തിയ തീർത്ഥാടകരും ചേർന്ന് ക്ഷേത്ര ചരിത്രത്തിലാദ്യമായി നടത്തിയ പ്രതിഷേധ സമരം, ദർശനത്തിനായി പോലീസ് സംരക്ഷണത്തിൽ കൊണ്ടുവന്ന രണ്ടു സ്ത്രീകളെ തിരിച്ചുകൊണ്ടുപോയി ആ സമരം വ്യാപിക്കാതെ തടഞ്ഞ പോലീസ് നടപടി.  പോലീസിന് വീഴ്ച  പറ്റിയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന. 
രണ്ട്, മന്ത്രി കടകംപള്ളിയുടെ പ്രസ്താവന തള്ളി വിശ്വാസികളായി ദർശനത്തിനു വരുന്ന എല്ലാവർക്കും സംരക്ഷ നൽകേണ്ടത് പോലീസിന്റെ ചുമതലയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തുടർന്നുള്ള പ്രതികരണം. ദേവസ്വം ബോർഡ് സുപ്രീം കോടതി വിധിയിൽ സ്വീകരിച്ച നിലപാടിന് എതിരും അതുകൊണ്ട് പരിഹാസ്യവുമാണ് ബോർഡ് തന്നെ പുനഃപരിശോധനാ ഹരജി നൽകണമെന്ന ആവശ്യമെന്നും കോടിയേരി. ആക്റ്റിവിസ്റ്റുകളാണോ അല്ലയോ എന്ന് നോക്കാതെ വിശ്വാസികളെയെല്ലാം സുപ്രീം കോടതി വിധിയനുസരിച്ച് ക്ഷേത്ര ദർശനം നടത്താൻ സംരക്ഷണം നൽകേണ്ട ചുമതല പോലീസിനുണ്ടെന്നും പാർട്ടി സെക്രട്ടറി.
മൂന്ന്, സുപ്രീം കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ച് വിശേഷിച്ച്  മാസപ്പൂജയ്ക്ക് ശബരിമല ക്ഷേത്രം തുറന്നതിനെ തുടർന്നുണ്ടായ ഗുരുതരമായ സംഭവങ്ങളുടെ വെളിച്ചത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ വെള്ളിയാഴ്ച വൈകുന്നേരം ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം എടുത്ത തീരുമാനം.  നേരത്തെ ദേവസ്വം ബോർഡിനെ സുപ്രീം കോടതിയിൽ പ്രതിനിധീകരിച്ച സീനിയർ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വിയുമായി ആലോചിച്ച് നൽകുമെന്ന ബോർഡ് അധ്യക്ഷൻ എ പത്മകുമാറിന്റെ വെളിപ്പെടുത്തൽ. ശബരിമല കലാപ ഭൂമിയാക്കാൻ അനുവദിക്കില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രഖ്യാപനത്തെ പിന്തുണച്ച നിലപാട്. ശബരിമലയുടെയും വിശ്വാസികളായ ഭക്തജനങ്ങളുടെയും താൽപര്യം ബോർഡ് ഉയർത്തിപ്പിടിക്കുമെന്ന പ്രഖ്യാപനം. 
നാല്, ശബരിമല പ്രശ്‌നം ക്രമസമാധാന വിഷയമായി വളരുന്നതിൽ ഉത്കണ്ഠപ്പെട്ട് ഗവർണർ പി. സദാശിവം ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ വിളിച്ചുവരുത്തി നടത്തിയ ഇടപെടൽ.  
ഇത് ശബരിമല വിശ്വാസികളുടെ സമരത്തെ ആർ.എസ്.എസ് - സംഘ് പരിവാർ താൽപര്യത്തിനനുസരിച്ച് ദീർഘമായ രാഷ്ട്രീയ സമരമായി കൊണ്ടുപോകാനുള്ള ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നതാണ് ഈ സംഭവ വികാസങ്ങൾ. സംസ്ഥാന ഗവണ്മെന്റിലും അതിനെ നയിക്കുന്ന ഇടതുപക്ഷ - ജനാധിപത്യ മുന്നണിയിലും വൈരുധ്യം മൂർഛിപ്പിച്ച് ബി.ജെ.പിക്ക് ഊർജമാക്കാൻ അവർക്കു സാവകാശം കിട്ടുന്നു. പ്രശ്‌നം സുപ്രീം കോടതിയിലേക്കും ഹൈക്കോടതിയിലേക്കും കൊണ്ടുപോകാനുള്ള ബോർഡ് തീരുമാനം നീണ്ട സമയം ആവശ്യപ്പെടുന്നതാണ്. അതിനിടയിൽ വിശ്വാസികളുടെ വികാരം ജ്വലിപ്പിച്ചുകൊണ്ട് വളർത്തിക്കൊണ്ടുവന്ന സമരത്തെ കൂടുതൽ ആളിക്കത്തിക്കാൻ അവസരവും സാവകാശവും സംഘ് പരിവാർ ശക്തികൾക്കു കിട്ടും.  
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മന്ത്രിസഭയിലും സി.പി.എമ്മിലും ഇടതുപക്ഷ-ജനാധിപത്യ മുന്നണിയിൽ പൊതുവിലും ശബരിമല പ്രശ്‌നത്തിൽ രൂപപ്പെട്ടിരിക്കുന്ന ഭിന്നതയും ആശയക്കുഴപ്പവും കൂടുതൽ മൂർഛിപ്പിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സ്വീകരിച്ച നിലപാടും അതിനെ അവഗണിച്ച് മന്ത്രി ഇ.പി. ജയരാജൻ നടത്തിയ പ്രതികരണവും പോലീസ് നയത്തെ വിമർശിച്ച കടകംപള്ളിയെ തള്ളിപ്പറഞ്ഞ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യ പ്രസ്താവനയും അതിന്റെ തെളിവുകളാണ്. പാർട്ടി സെക്രട്ടറിയെ കണ്ടും കാനവുമായി ചർച്ച ചെയ്തുമാണ്  ദേവസ്വം ബോർഡ് ചെയർമാൻ ബോർഡ് യോഗം വിളിച്ച് തീരുമാനം അറിയിച്ചതെങ്കിലും പാർട്ടിയുടെ നിലപാടിൽനിന്ന് വേറിട്ട തീരുമാനമാണ് ബോർഡ് എടുത്തിട്ടുള്ളത്.  പ്രത്യേകിച്ച് സുപ്രീം കോടതി വിധി സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ ഉത്കണ്ഠ കണക്കിലെടുത്ത് മുഖ്യമന്ത്രി യോഗം വിളിച്ചുചേർക്കണമെന്ന ബോർഡ് യോഗ തീരുമാനം പ്രത്യേകിച്ചും.
ദേവസ്വം ബോർഡ് അധ്യക്ഷന്റെ നിലപാടുകളോട് പരസ്യമായി എതിർപ്പു പ്രകടിപ്പിച്ചിരുന്ന മുഖ്യമന്ത്രി സമവായത്തിനു പകരം മർക്കട മുഷ്ടിയുമായി മുന്നോട്ടു പോയതാണ് പ്രശ്‌നങ്ങൾ വഷളാക്കിയതെന്ന അഭിപ്രായം ദേവസ്വം മന്ത്രിക്കു മാത്രമല്ല പാർട്ടിയിലും മുന്നണിയിലും പലരും ഇതിനകം സ്വീകരിച്ചിട്ടുണ്ട്. 
പോലീസ് തന്നെ സമരക്കാരോട് ആദ്യം സ്വീകരിച്ച നിഷ്‌ക്രിയത്വം, പിന്നീട് സ്വീകരിക്കുന്ന കർക്കശമായ നിലപാടുകൾ - ഇതെല്ലാം വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഇഛയുമായി ബന്ധപ്പെട്ടതാണെന്ന്  വരുന്നു. അതാകട്ടെ, ഗവർണർ പോലും ഭരണഘടനാപരമായി ഇടപെടേണ്ടിവരുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിയിട്ടും പാർട്ടി സെക്രട്ടറി കൂടി അതിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന സ്ഥിതി ഉൾപാർട്ടി ജനാധിപത്യം പുലരുന്ന ഒരു പാർട്ടിയിൽനിന്നു  സംഭവിക്കാത്തതാണ്.  വിശേഷിച്ചും വർഗീയ-മത ഭ്രാന്ത് ഏതുനിമിഷവും സംസ്ഥാനത്തെ കലാപ ഭൂമിയാക്കാനുള്ള അപ്രതീക്ഷിത സാഹചര്യം സുപ്രീം കോടതി വിധിയോടെ രൂപപ്പെട്ട സ്ഥിതിയിൽ.  
ഇതേത്തുടർന്ന് ശബരിമലയിലും  സംസ്ഥാനത്താകെയും  പൊട്ടിപ്പുറപ്പെടുമായിരുന്ന കലാപത്തിൽനിന്നും രക്തച്ചൊരിച്ചിലിൽനിന്നും കേരളം തലനാരിഴക്ക് രക്ഷപ്പെട്ടെന്നാണ് മന്ത്രി കടകംപള്ളി പറഞ്ഞത്. അത്തരമൊരു ഗൂഢാലോചനയും ആസൂത്രണവും വകുപ്പു മന്ത്രി വെളിപ്പെടുത്തിയിട്ടും പാർട്ടി സെക്രട്ടറി അത് ഗൗനിക്കാതെ പോലീസ് നയത്തെ ശക്തമായി പിന്താങ്ങുകയാണ് ചെയ്തത്.  പ്രത്യേകിച്ചും വിശ്വാസികളുടെ പേരിൽ സംസ്ഥാന ഗവണ്മെന്റിനെതിരായി ആർ.എസ്.എസ് രൂപപ്പെടുത്തിയിട്ടുള്ള വിശാല രാഷ്ട്രീയ മുന്നണിയുടെ ഗൂഢനീക്കങ്ങൾ പുറത്തു കൊണ്ടുവരുന്നതിൽ സംസ്ഥാന പോലീസ് ഇന്റലിജന്റ്‌സ് പരാജയപ്പെടുകയാണെന്ന പൊതു വിമർശനത്തിന്റെ പശ്ചാത്തലത്തിലും.  
ആന്ധ്രയിൽനിന്നുള്ള പത്രപ്രവർത്തകയായ ഒരു യുവതിയെയും കൊച്ചി സ്വദേശിയായ ഒരു വനിതാ ആക്റ്റിവിസ്റ്റിനെയും ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്നിധാനത്തിലെത്തിച്ചതും ദർശനത്തിനുള്ള അനുവാദം തന്ത്രിയോട് തേടിയതുമാണ് ചരിത്രത്തിൽ ആദ്യമായി ശബരിമല നടയടച്ച് മിന്നൽ സമരത്തിലേക്ക് നീങ്ങിയ സ്ഥിതി സൃഷ്ടിച്ചത്. ഇതാകട്ടെ,  ബി.ജെ.പിക്കും കോൺഗ്രസിനും പോലീസിനെതിരായ പ്രത്യേക ആയുധവും വിശ്വാസികളെ കൂടുതൽ പ്രകോപിതരാക്കുന്ന വിവരങ്ങളും നൽകാനിടയാക്കി. ന്യൂയോർക്ക് ടൈംസിന്റെ ദൽഹി ലേഖിക സുഹാസിനി ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി ശബരിമല കയറാൻ ശ്രമിച്ചതും പോലീസ് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ അതിനു നൽകിയ സംരക്ഷയും പ്രതിഷേധം ശക്തമായതിന്റെ പേരിൽ അവർ പിൻവാങ്ങിയതും വ്യാഴാഴ്ച ലോക ശ്രദ്ധ നേടി.  വെള്ളിയാഴ്ച മനോജ് എബ്രഹാമിനു പകരം നിയോഗിച്ച ഐ.ജി ശ്രീജിത്താകട്ടെ പോലീസ് യൂണിഫോമും ഹെൽമറ്റും കല്ലേറു പറ്റാത്ത പുറംചട്ടയും ധരിപ്പിച്ചാണ് ക്ഷേത്രദർശനത്തിന് രണ്ടു യുവതികളെയും സന്നിധാനത്തിൽ കൊണ്ടുപോയതെന്ന ആരോപണം  വിശ്വാസികളുടെ സർക്കാറിനോടുള്ള എതിർപ്പ് രൂക്ഷമാക്കാൻ ഇടയാക്കിയിട്ടുണ്ട്. ഈ രണ്ടു യുവതികളും വ്യാഴാഴ്ച തന്നെ പൊലീസ് സഹായം തേടി വന്നിരുന്നവരാണെന്നും ദേവസ്വം മന്ത്രി പോലും മല കയറിത്തുടങ്ങിയ ശേഷമാണ് വിവരമറിഞ്ഞതെന്ന വിമർശനവുമുണ്ട്. 
നാമജപ സമര മുറകളുടെ പേരിൽ വാഹനങ്ങൾ തടഞ്ഞ് വനിതാ യാത്രക്കാരെ തെരഞ്ഞുപിടിച്ച് വാഹനങ്ങളിൽനിന്നിറക്കിയും നിയമം കയ്യിലെടുത്ത് പ്രവർത്തിക്കുകയായിരുന്നു സംഘ് പരിവാർ വളന്റിയർമാരായ വനിതകളും അതിന്റെ മറ്റു പ്രവർത്തകരും.  പോലീസ് ഒടുവിൽ ബലം പ്രയോഗിച്ച് സമരപ്പന്തൽ പൊളിക്കുകയും സ്ത്രീകളടക്കമുള്ള സമരക്കാരെ നിലയ്ക്കൽനിന്ന് അടിച്ചോടിക്കുകയും ചെയ്ത ശേഷം എല്ലാം പോലീസിന്റെ നിയന്ത്രണത്തിലായെന്ന തെറ്റിദ്ധാരണയിലായിരുന്നു സർക്കാർ.  മുൻകൂട്ടി നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായി പോലീസ് ഓടിച്ച സംഘ് പരിവാർ വളന്റിയർമാർ സന്നിധാനത്തിലേക്കുള്ള പഴയ പാതയുടെ ഇരുവശങ്ങളിലെയും നിബിഢ വനങ്ങളിൽ താവളമടിക്കുകയായിരുന്നു.  ഈ വിവരം പോലീസിനു കിട്ടിയിട്ടും അത് അവഗണിക്കുകയാണ് ചെയ്തത്.  കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ പ്രതിനിധികളെ സന്നിധാനത്തേക്കുള്ള യാത്രയിൽ കാട്ടിൽനിന്ന് ഇറങ്ങിവന്ന് തടഞ്ഞതും കല്ലെറിഞ്ഞതും തീർത്ഥാടകരുടെ വേഷത്തിൽ ഇവരാണ്. കൃത്യമായി ഇവരെ വിവരം അറിയിക്കുകയും നയിക്കുകയും ചെയ്യുന്ന സംവിധാനം സന്നിധാനത്തിലും പമ്പയിലും നിലയ്ക്കലും പ്രവർത്തിക്കുന്നുണ്ട്. 
സന്നിധാനം വരെ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടും അത് ലംഘിക്കാനും സമരം തുടരുകയാണെന്ന് ബോധ്യപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്.  അതിനിടയിൽ  സംഘ് പരിവാർ നിയോഗിച്ചിട്ടുള്ള ഗറില്ലാ ഗ്രൂപ്പുകൾ വനങ്ങൾ താവളമാക്കി നടത്തുന്ന അവരുടെ പോരാട്ടം വരും ദിവസങ്ങളിൽ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നത് ഈ ക്രമസമാധാന പാലനത്തിന്റെ നിർണായക ഘടകമായി മാറും.  സുവർണ ക്ഷേത്രത്തിൽ മതതീവ്രവാദികൾ നടത്തിയ ആസൂത്രണത്തിന്റെയും പ്രതിരോധത്തിന്റെയും ഒടുവിൽ അത് സൃഷ്ടിച്ച ദുരന്തത്തിന്റെയും പാഠങ്ങൾ ചരിത്രത്തിലുണ്ട്.  അത്തരമൊരു തന്ത്രസ്ഥാനത്താണ് ശബരിമല നിലകൊള്ളുന്നതെന്ന നിർണായക വസ്തുത കൂടി കണക്കിലെടുക്കാതെ സുപ്രീം കോടതി വിധിയുടെ പാലനവും ക്രമസമാധാന പാലനവും പോലീസിന് യാന്ത്രികമായി നടപ്പാക്കാനാവില്ല.  പോലീസിനെ നയിക്കുന്ന രാഷ്ട്രീയ - ഭരണ നേതൃത്വമാണ് ആ ഉൾക്കാഴ്ചയും ദീർഘ വീക്ഷണവും കാണിക്കേണ്ടത്.       
 

Latest News