എന്റെ ബൂത്ത് എന്റെ അഭിമാനം

ഒന്നര വർഷക്കാലത്തോളം  നീണ്ടുനിന്ന കണക്കെടുപ്പിനും പഠനങ്ങൾക്കും വിരാമമിട്ടുകൊണ്ട് എഐസിസി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ കോൺഗ്രസിന്റെ അമരക്കാരനായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തുകൊണ്ട് നൽകുന്ന ഒരു വലിയ പാഠം ഉണ്ട്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതനായ സൗമ്യനും കർക്കശ്യക്കാരനും അതിലുപരി തികഞ്ഞ ഗാന്ധിയൻ ജീവിത രീതി പിന്തുടരുന്ന മുല്ലപ്പള്ളിക്ക് കേരളത്തിൽ ചെയ്തു തീർക്കാൻ ചെറുതല്ലാത്ത ഉത്തരവാദിത്തവും രാഹുൽ ഏൽപിച്ചിട്ടുണ്ട്. 
 എംഎം ഹസ്സൻ താത്കാലിക പ്രസിഡന്റായി നിലനിൽക്കുമ്പോൾ തന്നെ പതിനെട്ടു മാസത്തിനിടയിൽ ഓരോ വിഭാഗത്തിൽനിന്നും തങ്ങളുടെ പ്രതിനിധികളായി ഓരോ പ്രസിഡന്റുമാരെ ഉയർത്തിക്കാട്ടാൻ നിരന്തരം സാമൂഹിക മാധ്യമങ്ങളിൽ കൂടി ശ്രമിച്ച കോൺഗ്രസ് അണികളെ നിരാശരാക്കാതെ എല്ലാ വിഭാഗത്തിനും അർഹമായ പ്രാതിനിധ്യം ഉറപ്പു വരുത്തുന്ന ഒരു കെപിസിസി പാനലിന് രാഹുൽ ഗാന്ധിയെ ഉപദേശിച്ചത് ആരായിരിക്കും?  തന്റെ ബ്ലൂപ്രിന്റ് എന്ന് മുല്ലപ്പള്ളിയെ വിശേഷിപ്പിച്ചവരോ അതോ മുല്ലപ്പള്ളി പറഞ്ഞതു പോലെ രാഹുൽ ഗാന്ധിക്ക് കേരളത്തിന്റെ കാര്യം നോക്കാൻ ഇടനിലക്കാർ വേണ്ടെന്നുള്ളതിന്റെ തെളിവോ ആണ് ഈ നിയമനങ്ങളൊക്കെയും എന്ന് വേണം കരുതാൻ.
'നേതാക്കളുടെ ബാഹുല്യം' 'ജംബോ കമ്മിറ്റികൾ' 'സ്‌റ്റേജിലിരിക്കാനുള്ള കസേര' എന്നിങ്ങനെ കോൺഗ്രസ് പ്രസ്ഥാനം നിരന്തരമായി കേട്ടുവന്നിട്ടുള്ള പഴിപറച്ചിലുകൾ മാറ്റുക എന്ന് തന്നെയാവണം രാഹുൽ ഗാന്ധി മുല്ലപ്പള്ളിയെ ഏൽപിച്ച കർമ ദൗത്യം.
എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന ആദർശ സൂക്തവുമായി പടക്കിറങ്ങിയ മുല്ലപ്പള്ളി സംഘടനയെ സ്‌നേഹിക്കുന്ന താഴേത്തട്ടിലുള്ള സാധാരണ പ്രവർത്തകർക്കൊപ്പം നിൽക്കാനാണ് ശ്രമിക്കുന്നത്. നേതാക്കൾ അധികാര കസേരക്കു ചുറ്റും ധൂമകേതുക്കളായി കറങ്ങാതെ അന്തഃപുരങ്ങളിൽനിന്നും പുറത്തു വരണമെന്ന ആഹ്വാനമാണ് എന്റെ ബൂത്ത് എന്റെ അഭിമാനം. 
കാലങ്ങളായി ഗ്രൂപ്പ് സമവാക്യങ്ങളും ചെപ്പടി വിദ്യകളും പ്രയോഗിച്ച് ജനങ്ങൾക്കിടയിലിറങ്ങി പണിയെടുക്കാതെ, പ്രവർത്തകർക്കു പോലും മതിപ്പില്ലാത്ത ഒന്നാംകിട, രണ്ടാംകിട, മൂന്നാംകിട നേതാക്കളോടെല്ലാം പുതിയ പ്രസിഡന്റിന് പറയാനുള്ള വലിയ താക്കീതാണ് എന്റെ ബൂത്ത് എന്റെ അഭിമാനം. 
തിരുവനന്തപുരം കെപിസിസി ആസ്ഥാനത്തു വെച്ച് നടന്ന അധികാര കൈമാറ്റ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ നൂറുകണക്കിന് നേതാക്കളോടായി കൂട്ടത്തിലെ തലമുതിർന്ന കാരണവർ എകെ ആന്റണി പറഞ്ഞു: നിങ്ങൾ ചെങ്ങന്നൂരിൽനിന്നും പഠിക്കൂ എന്നാണ്. എന്താണ് ചെങ്ങന്നൂരിൽനിന്നും പഠിക്കേണ്ട രാഷ്ട്രീയ പാഠം എന്ന് ഓരോ കോൺഗ്രസ് പ്രവർത്തകനും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന നേതാക്കളിൽ പലരും പ്രതിനിധാനം ചെയ്യുന്ന ജില്ലയാണ് ആലപ്പുഴ. അധികാരത്തിന്റെ ശീതളിമ ആലപ്പുഴക്കാരോളം മറ്റു ജില്ലയിൽനിന്നുള്ള നേതാക്കൾ ഇന്ന് അനുഭവിക്കുന്നില്ല എന്നതാണ് പരമമായ സത്യം. ആ ആലപ്പുഴയിലുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. അവിടെ പാർട്ടിക്കേറ്റ പ്രഹരം ചോദ്യം ചെയ്യുന്നത് ആ ജില്ലാ തറവാട്ടിൽ നിന്നും വന്നവർ തന്നെയാണ്. 
തങ്ങളുടെ കുടുംബവും ബന്ധുക്കളും ഒക്കെ സ്ഥിതിചെയ്യുന്ന പല ബൂത്തുകളിലും തന്റെ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോലും പിന്തള്ളപ്പെട്ടതിന്റെ ഉത്തരവാദിത്തത്തിൽനിന്നും അത്ര പെട്ടെന്ന് അവർക്ക് ഒഴിഞ്ഞു മാറാനാകില്ല. അതു തന്നെയാണ് രാഹുൽ ഗാന്ധിയും ആന്റണിയും പറഞ്ഞത് നിങ്ങൾ ചെങ്ങന്നൂരിൽനിന്നും പാഠം ഉൾക്കൊള്ളണമെന്ന്. എതിർപാർട്ടിക്കാർ അവിടെ നടത്തിയ മതവർഗീയ ഇടപെടലുകൾ തടയാനാവാത്ത വിധം തൻെറ ബൂത്തിനെക്കുറിച്ചു അജ്ഞരായിരുന്നു അവിടങ്ങളിൽ നിന്നും ഖദറിട്ട് ഉന്നതങ്ങളിൽ എത്തിയ നേതാക്കൾ എന്ന് വേണം സാധാരണക്കാർ മനസ്സിലാക്കാൻ. ഒരു പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന ഈ വിഷയം അത്ര ചെറുതല്ലാത്ത കുറ്റം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ചാർജ് എടുത്ത ആദ്യ ദിനങ്ങളിൽ തന്നെ മുല്ലപ്പള്ളി കെപിസിസി ഹൗസിൽ ഒരു ശുദ്ധികലശത്തിനും ബാധ ഒഴിപ്പിക്കലിനും തയ്യാറായത്. നൂറ്റി അമ്പതോളം സെക്രട്ടറിമാർ രേഖയിലുള്ളപ്പോൾ കൃത്യമായി മീറ്റിംഗിന് എത്തുന്ന മുപ്പതോളം പേരുകൾ മാത്രം തെരെഞ്ഞെടുത്ത് വായിക്കാൻ അദ്ദേഹത്തിന് അധികം സമയമെടുക്കേണ്ടി വന്നുകാണില്ല. ആയതിനാൽ കെപിസിസി ആസ്ഥാനത്തെ ലോബീയിങ് അല്ലെങ്കിൽ നേതാക്കളുടെ ക്യാമ്പിംഗ് റൂമുകൾക്ക് താഴിട്ട് പൂട്ടി താക്കോൽ അരയിൽ സൂക്ഷിക്കാൻ കുടുംബത്തിലെ കാരണവർ തീരുമാനിച്ചത് തെറ്റാണെന്നു പറയാനൊക്കുമോ? ഇവിടെ തിക്കും തിരക്കും ഉണ്ടാക്കി ഖദർ ചുളിയാത്ത നേതാക്കളെല്ലാം അവനവന്റെ  ബൂത്തിലേക്ക് മടങ്ങിപ്പോകണമെന്നു മുല്ലപ്പള്ളി പറഞ്ഞത് പ്രസ്ഥാനത്തെ നെഞ്ചേറ്റിയ, അതിന്റെ  അടിത്തറ ഭദ്രമല്ലെന്നറിയാവുന്ന എല്ലാ അണികളും കൈയടിച്ചു സ്വീകരിച്ചത് അതുകൊണ്ടാണ്. തൻെറ  രാജ്യം പഴയത് പോലെ നിലനിൽക്കണമെങ്കിൽ കോൺഗ്രസ് ബൂത്ത് തലത്തിൽ  ശക്തിപ്പെട്ടു തിരിച്ചു വരണമെന്ന് വിശ്വസിക്കുന്ന യഥാർത്ഥ ദേശസ്‌നേഹികളാണവർ.
തന്റെ  ബൂത്ത് ഭദ്രമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം നേതാക്കൾ മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളിൽ ഇടപെടലുകൾ നടത്തിയാൽ മതിയെന്ന വലിയ സന്ദേശമുണ്ട് രാഹുൽ ഗാന്ധി മുല്ലപ്പള്ളിയിലൂടെ മുന്നോട്ട് വെക്കുന്ന ഈ ആദർശ സൂക്തത്തിൽ. 
നാളെ ചരിത്രം കേരളത്തിലെ കോൺഗ്രസിനെ അടയാളപ്പെടുത്തുമ്പോൾ വഴിത്തിരിവായി നമുക്ക് കാണാൻ കഴിയുന്ന ഒന്നാകട്ടെ നമ്മുടെ ബൂത്ത്;  നമ്മുടെ അഭിമാനം.

Latest News