കോഴിക്കോട് - ശബരിമലയെ തകർക്കാൻ ശ്രമിച്ചാൽ നിയമം കൈയിലെടുക്കാൻ മടിക്കില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. യുവതികളെ ശബരിമലയിൽ കയറ്റാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്നും സർക്കാരിന്റെ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങളാണ് ശബരിമലയിൽ നടന്നതെന്നും കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ ആരോപിച്ചു.
ശബരിമലയെ തകർക്കാൻ പ്രത്യക്ഷ ശ്രമം നടന്നാൽ കനത്ത വില കൊടുക്കേണ്ടിവരും. ഇതുവരെ സമാധാനപരമായാണ് ഇടപെട്ടതെന്ന് അവകാശപ്പെട്ട സുരേന്ദ്രൻ ഇത് എല്ലായ്‌പ്പോഴും ഉണ്ടാവില്ലെന്നും പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇടപെടണം. രക്തച്ചൊരിച്ചിൽ ഉണ്ടാവേണ്ട എന്നാണ് ബി.ജെ.പിയുടെ നിലപാട്. അതു സമ്മതിക്കില്ല എന്നാണ് സർക്കാർ പറയുന്നത്. സി.പി.എം രാഷ്ട്രീയം കളിച്ചാൽ ഞങ്ങളും കളിക്കും. കടകംപള്ളി സുരേന്ദ്രൻ നിരത്തിലിറങ്ങില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
റിവ്യൂ പെറ്റീഷനിൽ തീരുമാനം വരുന്നതിനു മുമ്പ് യുവതികളെ പ്രവേശിപ്പിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റും മന്ത്രിയും സർക്കാരും ചേർന്നു നടത്തുന്ന തന്ത്രമാണ് അവിടെ നടക്കുന്നത്. കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തുന്നതിൽ എന്തു പ്രസക്തിയാണുള്ളതെന്നു സുരേന്ദ്രൻ ചോദിച്ചു.
യുവതികൾക്ക് പോലീസ് വേഷം നൽകിയതിൽ മുഖ്യമന്ത്രി മറുപടി പറയണം. ശബരിമല തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടാണ് എത്തിയതെന്ന് യുവതിയുടെ കൂടെ വന്നയാൾ പറഞ്ഞത് ഇതു വ്യക്തമാക്കുന്നു. അന്യമത വിശ്വാസികൾ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നത് ആത്മീയ നേതാക്കൾ ഇടപെട്ട് തടയണം.
മാധ്യമ പ്രവർത്തകർ പ്രകോപനം ഉണ്ടാക്കുകയാണ്. മുറിവിൽ മുളകു തേക്കുന്ന നടപടിയാണ് മാധ്യമങ്ങൾ കൈക്കൊണ്ടത്. അതാണ് അവരെ മർദിക്കുന്നതിലേക്ക് നയിച്ചത്.
ലഖ്‌നൗവിൽ നിന്നും ഹൈദരാബാദിൽ നിന്നും മാധ്യമ പ്രവർത്തകരെ കൊണ്ടുവന്നത് എന്തിനാണ്. ഇവിടെയുള്ള വനിതാ മാധ്യമ പ്രവർത്തകർ ശബരിമലയിൽ കയറാത്തത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു.






