തബൂക്ക്- ശക്തമായ കാറ്റും മഴയും മൂലം ഉത്തര സൗദിയിൽ വൈദ്യുതി വിതരണം മുടങ്ങി. മോശം കാലാവസ്ഥ മൂലം ഏതാനും വൈദ്യുതി ലൈനുകൾ തകരാറിലായതാണ് തബൂക്കിലും ഉത്തര സൗദിയിലെ ചില പ്രവിശ്യകളിലും വൈദ്യുതി വിതരണം മുടങ്ങുന്നതിന് ഇടയാക്കിയതെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു. സംഭവത്തിൽ കമ്പനി ഉപയോക്താക്കളോട് ക്ഷാമപണം നടത്തി. തകരാറുകൾ ശരിയാക്കി ഘട്ടംഘട്ടമായി സൗദി ഇലക്ട്രിസിറ്റി കമ്പനി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
ഇന്നലെ പുലർച്ചെ 12.15 ന് ആണ് ഉത്തര സൗദിയിലെ വിവിധ പ്രവിശ്യകളിൽ വൈദ്യുതി വിതരണം സ്തംഭിച്ചത്. ഉത്തര അതിർത്തി പ്രവിശ്യ, തബൂക്ക്, അൽജൗഫ്, മദീന പ്രവിശ്യകളിൽ കനത്ത മഴയാണ് വ്യാഴാഴ്ച രാത്രിയുണ്ടായത്. തബൂക്ക്, സകാക്ക, ഖുറയ്യാത്ത്, അറാർ, തുറൈഫ്, ദോമത്തുൽ ജന്ദൽ, ത്വബർജൽ, ദിബാ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി മുടങ്ങി.
അപ്രതീക്ഷിതമായി വൈദ്യുതി സ്തംഭിച്ചതു മൂലം തബൂക്കിൽ ഏഴു പേർ ലിഫ്റ്റുകളിൽ കുടുങ്ങി. ഇവരിൽ അഞ്ചു പേരെ സിവിൽ ഡിഫൻസ് സംഘങ്ങൾ എത്തുന്നതിനു മുമ്പായി മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തി. രണ്ടു പേരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി.
മദീനയിൽ മിന്നലേറ്റ് വൈദ്യുതി നിലയത്തിൽ അഗ്നിബാധയുണ്ടായി. ആളുകളും വാഹനങ്ങളും പ്രളയത്തിൽ പെട്ടതായി അറിയിച്ച് 36 പരാതികൾ മദീന സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ ലഭിച്ചു. വൈദ്യുതി ഷോക്കിനെ കുറിച്ച് ആറു പരാതികളും മദീന സിവിൽ ഡിഫൻസിൽ ലഭിച്ചു. ശക്തമായ കാറ്റിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്പടിയോടെയാണ് മദീനയിൽ മഴ പെയ്തതെന്ന് മദീന സിവിൽ ഡിഫൻസ് വക്താവ് കേണൽ ഖാലിദ് അൽജുഹനി പറഞ്ഞു. മക്കയിൽ അൽജഅ്‌റാന ഡിസ്ട്രിക്ടിൽ പ്രളയത്തിൽ പെട്ട രണ്ടു പേരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി.