Sorry, you need to enable JavaScript to visit this website.

ഹറമിൽ ആറു മുഅദ്ദിനുമാരെ ജോലിയിൽ നിന്ന് മാറ്റിനിർത്തി

മക്ക - വിശുദ്ധ ഹറമിലെ ആറു മുഅദ്ദിനുമാരെ ഹറംകാര്യ വകുപ്പ് ജോലിയിൽ നിന്ന് അകറ്റിനിർത്തി. ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതിന് ഹറംകാര്യ വകുപ്പ് വാക്കാലാണ് ഇവർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് ഔദ്യോഗിക കത്തുകൾ നൽകിയിട്ടില്ല. ജോലിയിൽ നിന്ന് അകറ്റിനിർത്തുന്നതിനുള്ള കാരണം ഹറംകാര്യ വകുപ്പ് വെളിപ്പെടുത്തിയിട്ടുമില്ല. 
നിയമ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മുഅദ്ദിനുമാരെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 
നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്ന പക്ഷം ബന്ധപ്പെട്ട ജീവനക്കാർക്ക് വാണിംഗ് നോട്ടീസ് നൽകുകയാണ് ആദ്യം വേണ്ടത്. ഇതിനു ശേഷവും അതേ നിയമ ലംഘനം ആവർത്തിക്കുന്ന പക്ഷം സസ്‌പെൻഷൻ നടപടി സ്വീകരിക്കാവുന്നതാണ്. ഇക്കാര്യം മേലധികാരി നേരിട്ട് രേഖാമൂലം അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 
നിയമ ലംഘനങ്ങൾ നടത്തിയതായി ആറു മുഅദ്ദിനുമാരെയും ഹറംകാര്യ വകുപ്പ് അറിയിച്ചിരുന്നില്ല. രണ്ടാഴ്ച മുമ്പ് സസ്‌പെൻഷൻ നിർദേശം അപ്രതീക്ഷിതമായി അറിയിക്കുകയായിരുന്നു. ദശകങ്ങളോളം മുഅദ്ദിനുമാരായി സേവനമനുഷ്ഠിച്ചവരും സസ്‌പെന്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വിശുദ്ധ ഹറമിൽ ആകെ 24 മുഅദ്ദിനുമാരാണുള്ളത്. ഇക്കൂട്ടത്തിൽ ഇരുപതു പേർ ഔദ്യോഗിക മുഅദ്ദിനുമാരും നാലു പേർ അനൗദ്യോഗിക മുഅദ്ദിനുമാരുമാണ്.

Latest News