Sorry, you need to enable JavaScript to visit this website.

മുൻ സുഡാൻ പ്രസിഡന്റിന് മദീനയിൽ അന്ത്യവിശ്രമം

അബ്ദുറഹ്മാൻ സിവാറുദ്ദഹബ്
അബ്ദുറഹ്മാൻ സിവാറുദ്ദഹബിന്റെ മയ്യിത്ത് ഖബറടക്കുന്നതിന് ജന്നത്തുൽബഖീഇലേക്ക് കൊണ്ടുപോകുന്നു. 

റിയാദ് - മുൻ സുഡാൻ പ്രസിഡന്റ് ഫീൽഡ് മാർഷൽ അബ്ദുറഹ്മാൻ മുഹമ്മദ് സിവാറുദ്ദഹബിന്റെ മയ്യിത്ത് പ്രവാചക നഗരിയിൽ ഖബറടക്കി. ഇന്നലെ ജുമുഅ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജന്നത്തുൽ ബഖീഅ് ഖബർസ്ഥാനിൽ മറവു ചെയ്തു. തന്നെ മദീനയിൽ ഖബറടക്കണമെന്ന് അബ്ദുറഹ്മാൻ മുഹമ്മദ് സിവാറുദ്ദഹബ് ഒസ്യത്ത് ചെയ്തിരുന്നു. മസ്ജിദുന്നബവിയിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് പ്രവാചക പള്ളി ഇമാം ശൈഖ് അബ്ദുൽ ബാരി അൽസുബൈത്തി നേതൃത്വം നൽകി. 
വ്യാഴാഴ്ച റിയാദിലാണ് അബ്ദുറഹ്മാൻ സിവാറുദ്ദഹബ് ഇഹലോകവാസം വെടിഞ്ഞത്. 1985 ഏപ്രിൽ ആറു മുതൽ 1986 മെയ് ആറു വരെയാണ് അബ്ദുറഹ്മാൻ സിവാറുദ്ദഹബ് സുഡാൻ പ്രസിഡന്റ് പദവി വഹിച്ചത്. 
മയ്യിത്ത് പ്രത്യേക വിമാനത്തിൽ റിയാദിൽ നിന്ന് മദീനയിൽ എത്തിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകുകയായിരുന്നു. അബ്ദുറഹ്മാൻ സിവാറുദ്ദഹബിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സുഡാൻ പ്രസിഡന്റ് ഉമർ അൽബശീറിന് സൽമാൻ രാജാവ് സന്ദേശം അയച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സുഡാൻ പ്രസിഡന്റിന് അനുശോചന സന്ദേശമയച്ചു. 
സുഡാനിലെ അൽഅബ്‌യദ് നഗരത്തിൽ 1935 ലാണ് അബ്ദുറഹ്മാൻ സിവാറുദ്ദഹബിന്റെ ജനനം. 1985 ഏപ്രിലിൽ ജനകീയ വിപ്ലവം കൊടുമ്പിരി കൊണ്ടപ്പോൾ വിപ്ലവ കക്ഷി നേതാക്കളുമായി ഏകോപനം നടത്തി സായുധ സേനാ മേധാവിയായിരുന്ന അബ്ദുറഹ്മാൻ സിവാറുദ്ദഹബ് ഇടക്കാല ഭരണ സമിതി പ്രസിഡന്റ് പദം ഏറ്റെടുക്കുകയായിരുന്നു. ഇതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട പുതിയ ഗവൺമെന്റിന് ഇദ്ദേഹം അധികാരം കൈമാറി. തുടർന്ന് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് ഇസ്‌ലാമിക പ്രബോധന മേഖലയിൽ സജീവമായി. മുൻ പ്രസിഡന്റ് ജഅ്ഫർ അൽനുമൈരിയുടെ കാലത്ത് സായുധ സേനാ മേധാവിയായിരുന്നു. പിന്നീട് പ്രതിരോധ മന്ത്രി പദവും വഹിച്ചു. 
അൽഅബ്‌യദ് നഗരത്തിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ഇവിടെ പിതാവ് മുഹമ്മദ് സിവാറുദ്ദഹബ് വിദ്യാഭ്യാസ, തഹ്ഫീസുൽ ഖുർആൻ മേഖകളിൽ സജീവമായിരുന്നു. സെക്കണ്ടറി പൂർത്തിയാക്കിയ ശേഷം ഖാർത്തൂമിൽ വാർ കോളേജിൽ ചേർന്നു. 1955 ൽ സുഡാൻ സായുധസേനാ ഉദ്യോഗസ്ഥനായി കോളേജ് പഠനം പൂർത്തിയാക്കി. സുഡാൻ സ്വതന്ത്രമാകുന്നതിന് ഒരു വർഷം മുമ്പായിരുന്നു ഇത്. ബ്രിട്ടൺ, അമേരിക്ക, ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്ന് ഉന്നത സൈനിക കോഴ്‌സുകൾ പൂർത്തിയാക്കിയിട്ടുണ്ട്. സൈനിക സർവീസിൽ പടിപടിയായ സ്ഥാനക്കയറ്റം ലഭിച്ച് സായുധ സേനാ മേധാവിയായി മാറുകയായിരുന്നു. ഇതിനു ശേഷം പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു. ഇസ്‌ലാമിക പ്രബോധന മേഖലയിലെ നിസ്തുല സംഭാവനകൾക്ക് 2004 ൽ കിംഗ് ഫൈസൽ അന്താരാഷ്ട്ര അവാർഡ് ലഭിച്ചിരുന്നു.
 

Latest News