ജിദ്ദ- നഗരത്തില്‍ ആളുകള്‍ സ്ഥിരമായി പക്ഷികള്‍ക്ക് ധാന്യമണികള്‍ നല്‍കാറുള്ള ഗ്രൗണ്ടില്‍ പ്രാവുകള്‍ കൂട്ടത്തോടെ ചത്തത് ജനങ്ങളെ അമ്പരപ്പിച്ചു. ഫൈസലിയ ഡിസ്ട്രിക്ടില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്റ്റേഡിയത്തിന് സമീപമുള്ള വിശാലമായ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് ഡസന്‍ കണക്കിന് പ്രാവുകള്‍ ഇന്നലെ രാവിലെ ചത്തു വീണത്. ആരോ ഇവിടെ വിതറിയ കേടായ ഭക്ഷണം കൊത്തിത്തിന്ന ശേഷമാണ് ഇവ ചത്തതെന്ന് സംശയിക്കുന്നു.

വര്‍ഷങ്ങളായി സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ പക്ഷികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്ന ഗ്രൗണ്ടാണിത്. സമീപത്തെ വീടുകളില്‍നിന്നും, ഹോട്ടലുകളില്‍നിന്നുമുള്ള ചോറും മറ്റ് ഭക്ഷണങ്ങളുമാണ് ഇവിടെ അധികവും ആളുകള്‍ കൊണ്ട് വിതറാറുള്ളത്. ഗോതമ്പും മറ്റു ധാന്യങ്ങളും വാങ്ങി കൊണ്ടുവരുന്നവരുമുണ്ട്. ദിവസവും അതിരാവിലെയാണ് ആളുകള്‍ ഇവിടെ ഭക്ഷണവുമായെത്തുക. അതുകൊണ്ടുതന്നെ നന്നെ പ്രഭാതത്തില്‍ നൂറുകണക്കിന് പ്രാവുകള്‍ കൂട്ടം കൂട്ടമായി ഇവിടെയെത്തും. ഗ്രൗണ്ടിന് സമീപം പ്രഭാത നടത്തത്തിനെത്തുന്നവര്‍ക്ക് ഇതൊരു ആനന്ദകരമായ കാഴ്ചയാണ്.

എന്നാല്‍ ഇന്നലെ രാവിലെ ഇങ്ങനെ വന്ന പ്രാവുകളില്‍ പലതും ഭക്ഷണം കൊത്തി അധികം കഴിയുംമുമ്പെ കുഴഞ്ഞുവീഴുകയും പിന്നീട് ചാവുകയുമായിരുന്നു. ഇതുകണ്ട് ആളുകള്‍ പോയി നോക്കുമ്പോള്‍ ഭക്ഷണം കൊത്തിത്തിന്നവയാണ് ചത്തുവീണതെന്ന് മനസ്സിലായി. മന്തിച്ചോറും, ഗോതമ്പും, സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന പക്ഷിത്തീറ്റകളുമെല്ലാം ഇന്നലെ വിതറിയ ഭക്ഷണത്തിലുണ്ടായിരുന്നു. കൂടാതെ പാത്രങ്ങളില്‍ വെള്ളവും നിറച്ചിരുന്നു. ഇതില്‍ ഏതാണ് പ്രാവുകള്‍ ചാവാന്‍ കാരണമായതെന്ന് വ്യക്തമല്ല.
അധികം വൈകാതെ മുനിസിപ്പാലിറ്റിയുടെ ക്ലീനിംഗ് ജോലിക്കാര്‍ സ്ഥലത്തെത്തി ചത്ത പ്രാവുകളെ നീക്കം ചെയ്തു. അവിടെ അവശേഷിച്ച ഭക്ഷണവും, വെള്ളവുമെല്ലാം അവര്‍ ഒഴിവാക്കി.






