Sorry, you need to enable JavaScript to visit this website.

കൂടോത്ര ആരോപണം: നാട്ടുകോടതിയുടെ ആജ്ഞ കേട്ട് വയോധികന്റെ കൈവിരലുകള്‍ മകന്‍ വെട്ടിമുറിച്ചു

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ ദുര്‍മന്ത്ര വാദം നടത്തുന്നെന്നാരോപിച്ച് 73കാരനായ വയോധികന്റെ കൈവിരലുകള്‍ 21കാരനായ സ്വന്തം മകന്‍ വെട്ടിമുറിച്ചു. തനിക്കെതിരെ ഫന്‍ഡി സര്‍ദാര്‍ എന്ന വയോധികന്‍ കൂടോത്രം ചെയ്യുന്നുണ്ടെന്ന് അയല്‍ക്കാരിയായ ഒരു പെണ്‍കുട്ടി ആരോപിച്ചതിനെ തുടര്‍ന്നാണ് നാട്ടു കോടതി ഇടപെട്ടത്. രാധാകൃഷ്ണപൂര്‍ ഗ്രാമത്തില്‍ ഒക്ടോബര്‍ ഒമ്പതിനാണ് ഈ ക്രൂര സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ആരോപണത്തെ തുടര്‍ന്ന് ഗ്രാമീണര്‍ പ്രദേശത്തെ ഒരു മന്ത്രവാദിയെ കൊണ്ടു വന്ന് കൂടോത്രം നടക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. ഫന്‍ഡ് സര്‍ക്കാര്‍ കൂടോത്രം ചെയ്യുന്നതായി ഈ മന്ത്രവാദി ഉറപ്പിച്ചതോടെ നാട്ടുകൂട്ടം ചേര്‍ന്ന് ശിക്ഷി വിധിക്കുകയായിരുന്നു. ഇയാളുടെ കുടോത്രം കാരണം ഗ്രാമത്തില്‍ മറ്റൊരു യുവതിക്കും അസുഖം പിടിപെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് ഗ്രാമത്തെ കൂടോത്രത്തില്‍ നിന്നും രക്ഷിക്കാന്‍ ഫന്‍ഡി സര്‍ക്കാരിനെ കൊലപ്പെടുത്താന്‍ വിധിക്കുകയായിരുന്നു. ഇതോടെ ഭയന്ന കുടുംബം ഫന്‍ഡിയെ കൊല്ലരുതെന്ന് നാട്ടുകോടതിയോട് കേണപേക്ഷിച്ചു. ഒടുവില്‍ ഫന്‍ഡിയുടെ ഇളയ മകന്‍ ഹരിഷ്ചന്ദ്രയോട് അച്ഛന്റെ കൈകളിലെ 10 വിരലുകള്‍ വെട്ടിമുറിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇല്ലെങ്കില്‍ കുടുംബത്തെ മൊത്തം കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. നാട്ടുകൂട്ടത്തിന്റെ വിധിയും നാട്ടുകാരുടെ ഭീഷണിക്കും വഴങ്ങി മകന്‍ ഹരിഷ്ചന്ദ്രന്‍ അച്ഛന്റെ കൈവിരലുകള്‍ മുറിച്ചു മാറ്റുകയായിരുന്നു.

മന്ത്രവാദിയുടെ ഉപദേശം അനുസരിച്ചാണ് നാട്ടുകോടതി പ്രാകൃത ശിക്ഷാ വിധി നടപ്പിലാക്കിയത്. ഫന്‍ഡിയെ അമ്പലത്തില്‍ നിന്നും വലിച്ചിഴച്ച് വീട്ടിലെത്തിച്ച് നാട്ടുകാര്‍ തല്ലിച്ചതച്ചു. വീട്ടുമുറ്റത്തെ തുളസി തറയില്‍ ഒരു മണ്‍പാത്രം കുഴിച്ചിട്ടിട്ടുണ്ടെന്നും ഇതു കൂടോത്രത്തിന്റെ ഭാഗമാണെന്നും മന്ത്രവാദി നാട്ടുകാരോട് പറഞ്ഞിരുന്നു. ഇതു കേട്ട് നാട്ടുകാര്‍ തുളസി പൊളിച്ചു തകര്‍ത്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഫന്‍ഡിയുടെ ശാപത്തില്‍ നിന്നും ഗ്രാമത്തെ രക്ഷിക്കാന്‍ ഫന്‍ഡിയുടെ 10 കൈവിരലുകള്‍ വെട്ടിമാറ്റുകയാണ് പരിഹാരമെന്ന് മന്ത്രവാദി ഉപദേശിക്കുകയായിരുന്നു. ഇതു പ്രകാരം നാട്ടുകോടതി വിധി പറയുകയും ചെയ്തു.

കൈവിരലുകള്‍ മുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ  ഫന്‍ഡി ആറു മണിക്കൂറോളം വേദനയില്‍ കിടന്നു പുളഞ്ഞെങ്കിലും ആരു രക്ഷയ്‌ക്കെത്തിയില്ലെന്ന് കുടുംബം പറയുന്നു. ഫന്‍ഡിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകരുതെന്നും മന്ത്രവാദി നാട്ടുകാരോട് ചട്ടംകെട്ടിയിരുന്നു. ഇതോടെ കണ്ടുനിന്ന നാട്ടുകാരെല്ലാം പിരിഞ്ഞു പോയി. മണിക്കൂറുകള്‍ക്ക് ശേഷം സമീപ പ്രദേശങ്ങളില്‍ നിന്ന് ബന്ധുക്കള്‍ എത്തിയതിനു ശേഷമാണ് ഫന്‍ഡിയെ ആശുപത്രിയിലേക്കു മാറ്റിയത്.

സംഭവത്തില്‍ പോലീസ് ഇടപെട്ടതോടെ ഫന്‍ഡിയുടെ മകനാണു അക്രമിച്ചതെന്നും തങ്ങളെ കുറ്റപ്പെടുത്തേണ്ടെന്നുമാണ് നാട്ടുകാരുടെ വാദം. ഫന്‍ഡിക്കെതിരെ കൂടോത്ര ആരോപണം ഉന്നയിച്ച സുമി സര്‍ദാര്‍ എന്ന പെണ്‍കുട്ടിയും പറയുന്നത് ഇതാണ്. തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഹരിഷ്ചന്ദ്രനാണ് സ്വന്തം അച്ഛന്റെ വിരലുകള്‍ വെട്ടിമാറ്റിയതെന്നും സുമി പറഞ്ഞു. 

കേസായതോടെ പോലീസിനെ പേടിച്ച് രാധാകൃഷ്ണപൂര്‍ ഗ്രാമത്തിലെ ഭൂരിഭാഗം പുരുഷന്‍മാരെല്ലാം മുങ്ങിനടക്കുകയാണ്. ഭൃഷ്ട കല്‍പ്പിച്ച് അകത്തി നിര്‍ത്തപ്പെട്ട ഫന്‍ഡിയുടെ കുടുംബവും വീട്ടിനു പുറത്തിറങ്ങാന്‍ ഭയന്ന് കഴിയുകയാണ്. ഇവര്‍ക്ക് പൊലീസ് സുരക്ഷ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വീടിനു സമീപം പോലീസ് സാന്നിധ്യമില്ല.
 

Latest News