ഇന്‍ഷുറന്‍സ് കമ്പനികളില്‍ സൗദിവല്‍ക്കരണം വര്‍ധിപ്പിക്കുന്നു

റിയാദ് - ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഉന്നത തസ്തികകളും സാങ്കേതിക തൊഴിലുകളും പൂര്‍ണമായും സൗദിവല്‍ക്കരിക്കുമെന്ന് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഖുലൈഫി അറിയിച്ചു. ഇന്‍ഷുറന്‍സ് കമ്പനികളിലെ ക്ലെയിം മാനേജ്‌മെന്റ്, കെയര്‍ അഡ്മിനിസ്‌ട്രേഷന്‍ തൊഴിലുകള്‍ ജൂലൈ രണ്ടിനു മുമ്പ് പൂര്‍ണമായും സൗദിവല്‍ക്കരിക്കുന്നതിന് സാമ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ സൗദിവല്‍ക്കരണം 28 ശതമാനമാണ്. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഇന്‍ഷുറന്‍സ് മേഖലയുടെ വിഹിതം ഒന്നര ശതമാനമായി കഴിഞ്ഞ വര്‍ഷം കുറഞ്ഞിട്ടുണ്ടെന്നും സാമ ഗവര്‍ണര്‍ പറഞ്ഞു.
സൗദിയില്‍ 48 ശതമാനം വാഹനങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളുടെയും അപകട മരണങ്ങളുടെയും തോതുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഈ നിരക്ക് വളരെ കുറവാണ്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ സ്വതന്ത്രമായ കസ്റ്റമര്‍ കെയര്‍ വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന് സാമ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലെയിം തുകയും പോളിസി റദ്ദാക്കുന്ന പക്ഷം തിരിച്ചുനല്‍കേണ്ട തുകയും ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികളുമായി സാമ ധാരണയിലെത്തിയിട്ടുണ്ട്. രണ്ടായിരം റിയാലില്‍ കവിയാത്ത തേഡ് പാര്‍ട്ടി ക്ലെയിമുകള്‍ അപേക്ഷ ലഭിച്ച് അഞ്ചു ദിവസത്തിനകം തീര്‍പ്പാക്കുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്.
ഇന്‍ഷുറന്‍സ് വിഷന്‍ 2022 എന്ന പദ്ധതിക്കു കീഴില്‍ 38 ലേറെ പദ്ധതികള്‍ സാമ ആരംഭിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള വാഹനങ്ങളുടെ തോത് ഉയര്‍ത്തല്‍ അടക്കമുള്ള പദ്ധതികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. മുഴുവന്‍ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന സംവിധാനത്തിന് ട്രാഫിക് ഡയറക്ടറേറ്റുമായും മറ്റു ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായും സഹകരിച്ച് സാമ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയില്‍ ആരോഗ്യ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതോടെ മുഴുവന്‍ ഉപയോക്താക്കളെയും ഉള്‍ക്കൊള്ളുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാധിക്കുമെന്ന് സാമയിലെ ഇന്‍ഷുറന്‍സ് കമ്പനി നിരീക്ഷണ വിഭാഗം ആക്ടിംഗ് മേധാവി ഹിശാം താശ്കന്ദി പറഞ്ഞു. ആരോഗ്യ സേവനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയ നീക്കത്തിന് സാമ പിന്തുണയും സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News