Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രശസ്ത എഴുത്തുകാരന്‍ റഹ്മാന്‍ മുന്നൂര് അന്തരിച്ചു

കോഴിക്കോട്-  പ്രശസ്ത എഴുത്തുകാരനും ഗാനരചയിതാവുമായ റഹ്മാന്‍ മുന്നൂര് എന്ന പി.ടി. അബദുറഹ്മാന്‍ (61) അന്തരിച്ചു. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്(ഐ.പി.എച്ച്) എഡിറ്ററായിരുന്ന
ഇദ്ദേഹം അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍നിന്ന് നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.  ശാന്തപുരം ഇസ്‌ലാമിയ കോളജില്‍നിന്ന് ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് അറബി സാഹിത്യത്തില്‍ എം.എയും കരസ്ഥമാക്കി.  ഇസ്‌ലാമിക വിജ്ഞാന കോശം അസോ.എഡിറ്റര്‍, ആരാമം ചീഫ് എഡിറ്റര്‍, പ്രബോധനം വാരിക സബ് എഡിറ്റര്‍, ബോധനം ത്രൈമാസിക എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിരവധി ഓഡിയോ കാസറ്റുകള്‍ക്ക് ഗാനരചന നടത്തുകയും ടെലിവിഷന്‍ പരിപാടികള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്.
 സര്‍വത്ത് സൗലത്തിന്റെ ഇസ്‌ലാമിക ചരിത്ര സംഗ്രഹം (നാല് വാല്യം), അബ്ദുല്‍ ഹഖ് അന്‍സാരിയുടെ സൂഫിസവും ശരീഅത്തും, വിശ്വാസിയുടെ ജീവിതലക്ഷ്യം, അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ ആത്മസംസ്‌കരണം, മൗലാനാ മൗദൂദിയുടെ സുന്നത്തിന്റെ പ്രാമാണികത, വ്രതാനുഷ്ഠാനം, താരീഖ് സുവൈദാന്റെ ഫലസ്തീന്‍ സമ്പൂര്‍ണ ചരിത്രം, അബ്ദുല്ല അടിയാറിന്റെ ഞാന്‍ സ്‌നേഹിക്കുന്ന ഇസ്‌ലാം, സദ്‌റുദ്ദീന്‍ ഇസ്‌ലാഹിയുടെ നിഫാഖ് അഥവാ കാപട്യം എന്നിവ പ്രധാന വിവര്‍ത്തനങ്ങളാണ്.
സൂഫിക്കഥകള്‍, സഅദി പറഞ്ഞ  കഥകള്‍, മുഹമ്മദലി ക്ലേ, മര്‍യം ജമീല, കുട്ടികളുടെ മൗദൂദി തുടങ്ങിയവ  സ്വന്തം കൃതികളാണ്. സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ മാസ്റ്റര്‍ പീസായ 'മാദാ ഖസിറല്‍ ആലം ബി ഇന്‍ഹിത്വാത്വി ല്‍ മുസ് ലിമീന്‍'ന്റെ വിവര്‍ത്തനമായ മുസ്‌ലിംകളുടെ അധഃപതനവും ലോകത്തിന്റെ നഷ്ടവും എന്ന കൃതിക്ക് അറബിയില്‍നിന്നുള്ള മലയാള വിവര്‍ത്തന കൃതിക്കുള്ള  പ്രഥമ സി.കെ. മുഹമ്മദ് അവാര്‍ഡ് ലഭിച്ചു.
കോഴിക്കോട് ചാത്തമംഗലം മുന്നൂരില്‍ പാറക്കാന്‍തൊടി തെക്കേക്കാരന്‍ മുഹമ്മദിന്റെയും ആമിനയുടെയും മകനായി 1956 ഡിസംബര്‍ 22ന് ജനിച്ചു. ഭാര്യ: പി.കെ. ഹഫ്‌സ. മക്കള്‍: കാമില്‍ നസീഫ്(ദോഹ), നശീദ(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്), ആദില്‍ നസീഹ്( യു.എ.ഇ), നസീബ് നസീം, സബാഹ്. മരുമക്കള്‍: റംഷി, ഹസീബ് ചേളന്നൂര്‍, ജസ്‌ന. സഹോദരങ്ങള്‍: പരേതരായ പി.ടി. അബ്ദുല്ല മൗലവി, മമ്മദ്കുട്ടി, പാത്തുമ്മ, ഖദീജ.
 

Latest News