നവംബറില്‍ അയോധ്യ സന്ദര്‍ശിക്കുമെന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറെ

മുംബൈ- ആര്‍.എസ്.എസിന്റെ ചുവട്പിടിച്ച് അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണാവശ്യം ഉന്നയിച്ച് ശിവസേനയും. നവംബര്‍ 25ന് ആയോധ്യ സന്ദര്‍ശിക്കുമെന്നും എന്തു കൊണ്ട് ഇതുവരെ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ചോദിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ക്ഷേത്രം ഇപ്പോഴും നിര്‍മ്മിക്കാത്തതില്‍ ദുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ മരിച്ചെന്നു കരുതുന്നവര്‍ക്കുള്ള മുന്നറിപ്പായി പറയുകയാണ്, ഞങ്ങള്‍ ഇപ്പോഴും ജീവനോടെ ഉണ്ട്-താക്കറെ പറഞ്ഞു. മുംബൈയിലെ ദാദറില്‍ ശിവ സേന സംഘടിപ്പിച്ച വാര്‍ഷിക ദസറ സമ്മേളനത്തിലായിരുന്നു താക്കറെയുടെ പ്രഖ്യാപനം.

രാമ ക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്രം ഉടന്‍ നിയമം കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് വ്യക്തമാക്കിയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ രാമ ക്ഷേത്ര വിഷയം വീണ്ടും സംഘ്പരിവാര്‍ ചര്‍ച്ചയാക്കുമെന്നതിന്റെ വ്യക്തമായ സൂചന ആയാണ് ഈ ആവശ്യം വിലയിരുത്തപ്പെട്ടത്. ഇതിനു പിന്നാലെയാണ് ശിവ സേനയും രാമ ക്ഷേത്ര വിഷയം എടുത്തിട്ടത്. രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമപരമായ നീക്കം നടത്തണമെന്ന് ആദ്യമായാണ് ആര്‍.എസ്.എസ് ആവശ്യമുന്നയിക്കുന്നത്. രാമ ക്ഷേത്ര വാഗ്ദാനം ബി.ജെ.പിയുടെ വെറുംവര്‍ത്തമാനം മാത്രമാണോ എന്നവര്‍ ആദ്യ വ്യക്തമാക്കമെന്നും എന്നിട്ടെ അവരുമായുള്ള സഖ്യത്തെ കുറിച്ച് പറയാനാകൂവെന്നും താക്കറെ പറഞ്ഞു.
 

Latest News