ന്യൂദല്‍ഹി- മോഡിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് പരസ്യം പാക്കിസ്ഥാനിലും. ഫേസ്ബുക്കില്‍ പരസ്യം നല്‍കുമ്പോള്‍ ലൊക്കേഷന്‍ നല്‍കിയതില്‍ സംഭവിച്ച പിശകാണെങ്കിലും അതിനെ ഏറ്റുപിടിച്ച് രംഗത്തു വന്നിരിക്കയാണ് ബി.ജെ.പി. മോഡിയെ നീക്കാന്‍ പാക്കിസ്ഥാനില്‍ പരസ്യം നല്‍കിയ കോണ്‍ഗ്രസിന്റെ നടപടി ഗുരുതരമാണെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പറഞ്ഞു. കോണ്‍ഗ്രസ് ഫേസ്ബുക്കില്‍ നല്‍കിയ പരസ്യത്തില്‍ ലൊക്കേഷന്‍ പാക്കിസ്ഥാന്‍ കാണിക്കുന്ന പേജുമായാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്.
എന്താണിതിന്റെ അര്‍ഥം? നമ്മുടെ ജനകീയനായ പ്രധാനമന്ത്രിയെ നീക്കം ചെയ്യാന്‍ പാക്കിസ്ഥാനില്‍ പരസ്യം നല്‍കിയിരിക്കുന്നു -ബി.ജെ.പി വക്താവ് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ ഇന്ത്യയില്‍ കാമ്പയിന്‍ നടത്തുന്നത് മനസ്സിലാക്കാം. എന്നാല്‍ പാക്കിസ്ഥാനില്‍ എന്തിനാണ് പരസ്യം സ്‌പോണ്‍സര്‍ ചെയ്യുന്നത് -അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ എപ്പോഴും പാക്കിസ്ഥാനോടുള്ള അവരുടെ സ്‌നേഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് പഞ്ചാബിലെ മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ദു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ദക്ഷിണേന്ത്യയിലുള്ളതിനേക്കാള്‍ തനിക്ക് സാംസ്‌കാരികമായി പാക്കിസ്ഥാനുമായാണ് ബന്ധമെന്ന് സിദ്ദു പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് ബി.ജെ.പി വക്താവ് ചൂണ്ടിക്കാട്ടിയത്.
കോണ്‍ഗ്രസ് ഫേസ്ബുക്ക് പരസ്യത്തിന്റെ പേജിന്റെ ഫോട്ടോ ബി.ജെ.പിയുടെ ഐ.ടി. വിഭാഗം മേധാവി അമിത് മാളവ്യയും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡിയെ നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാനില്‍ ഫേസ്ബുക്ക് പരസ്യം സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെയാണ് അജിത് മാളവ്യയുടെ ട്വീറ്റ്.






