Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇടുക്കി ബി.ജെ.പിയിൽ കലഹം;  മണ്ഡലം പ്രസിഡന്റ് രാജിവെച്ചു 

ഇടുക്കി- ബി.ജെ.പിയിൽ വിഭാഗീയത രൂക്ഷമാക്കി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ടി.എസ് രാജൻ സ്ഥാനം രാജിവെച്ചു. 12ന് രാജൻ രാജിക്കത്ത് സംസ്ഥാന നേതാക്കൾക്കും ജില്ലാ പ്രസിഡന്റിനും അയച്ചു. 
ഇതു സംബന്ധിച്ച് ബി.ജെ.പി ഭാരവാഹികളുടെ വാട്‌സാപ് ഗ്രൂപ്പിൽ രാജൻ ഇക്കാര്യം പരാമർശിച്ച് പോസ്റ്റിട്ടതോടെയാണു നിയോജക മണ്ഡലത്തിലെ മറ്റു ഭാരവാഹികളും നേതാക്കളും വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം നിയോജക മണ്ഡലം ജനറൽ ബോഡി യോഗത്തിൽ രാജൻ പങ്കെടുത്തിരുന്നില്ല. പ്രസിഡന്റ് വിട്ടുനിന്നതിനെക്കുറിച്ചു ചർച്ചയായതോടെയാണു രാജന്റെ രാജി സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ടായത്. രാജന്റെ രാജിയോടെ ബി.ജെ.പിയിലെ ഗ്രൂപ്പ് കലാപം പുതിയ തലത്തിലെത്തി. 
നിലവിലുള്ള ജില്ലാ പ്രസിഡന്റിനെ പുറത്താക്കാൻ ശ്രമിക്കുന്ന തൊടുപുഴ മേഖലയിലെ ചില നേതാക്കളുടെ ഇടപെടലുകൾ അസഹ്യമായതോടെയാണു രാജൻ മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്നാണു സൂചന. പാർട്ടി നിശ്ചയിക്കുന്ന പരിപാടികൾ പരാജയപ്പെടുത്താൻ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. 
ജില്ലാ പ്രസിഡന്റ് ബിനു കൈമളിന്റെ സ്വന്തം മണ്ഡലമായ തൊടുപുഴയിൽ പാർട്ടി പരിപാടികൾ പരാജയമാണെന്നു വരുത്താൻ നിലവിലെ ഒരു ജില്ലാ ഭാരവാഹിയും അനുയായികളും ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന ഒരാൾക്കെതിരെ സ്വഭാവദൂഷ്യം സംബന്ധിച്ചു പരാതിയും ഇയാൾ വ്യാപകമായി പണപ്പിരിവ് നടത്തുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. 
നിയോജക മണ്ഡലം പ്രസിഡന്റും ഇതിനു കൂട്ടുനിൽക്കുകയാണെന്ന തരത്തിൽ പ്രചാരണം ഉയർന്നിരുന്നു. ജില്ലാ പ്രസിഡന്റിന് എതിരെ പ്രവർത്തിക്കുന്ന സംഘമാണു പ്രചാരണത്തിനു പിന്നിലെന്നു പറയുന്നു. ആരോപണ വിധേയനായ നിയോജക മണ്ഡലം സെക്രട്ടറിയെ നേരത്തെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്നു മാറ്റിയിരുന്നു. 
പാർട്ടിക്കും തനിക്കുമെതിരെ കുപ്രചാരണം നടത്തുന്നതിനു പിന്നിൽ, ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തിക്കുന്ന സംഘമാണെന്ന് ആരോപിച്ച് രാജൻ സംസ്ഥാന നേതൃത്വത്തിനു രേഖാമൂലം പരാതികൾ നൽകിയെങ്കിലും നടപടികളുണ്ടായില്ല. തെളിവുകൾ സ്വയം ഹാജരാക്കി കേസ് കൊടുക്കാനാണത്രെ ചില നേതാക്കൾ നിർദേശിച്ചത്. ഇതാണു രാജനെ പ്രകോപിപ്പിച്ചതെന്നും പറയുന്നു. 
അതേസമയം താൻ ഒരു നേതാവിന്റെയും ഗ്രൂപ്പിന്റെയും ആളല്ലെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നും ടി.എസ് രാജൻ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണു രാജൻ രാജിവെച്ചതെന്നും മറ്റു പ്രചാരണങ്ങൾ ശരിയല്ലെന്നും ജില്ലാ പ്രസിഡന്റ് ബിനു ജെ.കൈമൾ വ്യക്താക്കി. 

Latest News