Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പലിശ രഹിത ബിസിനസിന്റെ പേരിൽ 20,000  കോടിയുടെ തട്ടിപ്പ്; കേരളത്തിലും ഇരകൾ

സി.ഇ.ഒ ഡോ. ആലിമ നുഹൂറ ഷെയ്ക്ക്‌
ഹീരാ ഗ്രൂപ്പിന്റെ കോഴിക്കോട് ഇടിയങ്ങരയിലെ ഓഫീസ്.


കോഴിക്കോട് - പലിശ രഹിത ബിസിനസിന്റെ പേരിൽ നടത്തിയ ഇരുപതിനായിരം കോടിയുടെ തട്ടിപ്പിന് കേരളത്തിലും ഇരകൾ.
ഇസ്‌ലാമിക് ഹലാൽ ബിസിനസ് നിക്ഷേപം എന്ന പേരിൽ ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പ് ഓഫ് കമ്പനിയാണ് കേരളത്തിൽ നിന്നും നിക്ഷേപം സ്വീകരിച്ചതായി അറിയുന്നത്. കമ്പനിയുടെ സി.ഇ.ഒ ഹൈദരാബാദ് സ്വദേശിനി ഡോ.ആലിമ നുഹൂറ ഷെയ്ക്കിനെ കഴിഞ്ഞ ദിവസം ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടികളുടെ നിക്ഷേപം സ്വീകരിച്ച് വെട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. ഇരുപതിനായിരം കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. 
തട്ടിപ്പിനെതിരെ നിക്ഷേപകർ ഹീരാ ഗ്രൂപ്പിന്റെ ഹൈദരാബാദിലെ ഹെഡ് ക്വാർട്ടേഴ്‌സിലും മുംബൈ, ബംഗളൂരു ഓഫീസുകൾക്ക് മുമ്പിലും സമരം നടത്തി വരികയായിരുന്നു. നിക്ഷേപകർക്ക് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്നാണ് കേസ്.
കേരളത്തിൽ ഏകദേശം എട്ട് വർഷം മുമ്പ് കോഴിക്കോട് ഇടിയങ്ങരയിലാണ് ഹീരാ ഗ്രൂപ്പിന്റെ ഓഫീസ് തുടങ്ങിയത്. ഇവിടെ എത്ര പേർ നിക്ഷേപം നടത്തിയിട്ടുണ്ടെന്നതിനെക്കുറിച്ച് വ്യക്തമായ വിവരമില്ല. എന്നാൽ ഓഫീസ് സ്ഥിതി ചെയ്യുന്ന ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിൽ ഹീരാ ഗ്രൂപ്പിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുവാനുള്ള നീക്കത്തിലാണ് പോലീസ്. കോഴിക്കോട്ടെ ഓഫീസിൽ ഇപ്പോഴും ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.


ഇന്ത്യക്ക് പുറമെ ദുബായ്, മക്ക, ജിദ്ദ, കുവൈത്ത് എന്നിവിടങ്ങളിൽ ഓഫീസ് പ്രവർത്തിക്കുന്നതിനാൽ അനേകം പ്രവാസികളും ഈ പലിശരഹിത തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നറിയുന്നു. ഹൈദരാബാദിലെ ഹെഡ് ക്വാർട്ടേഴ്‌സിന് മുന്നിൽ തട്ടിപ്പിനിരയായവർ ഇരുനൂറ് ദിവസമായി സമരം നടത്തി വരികയായിരുന്നു. ഹീര ഗോൾഡ് എക്‌സി സ്വർണക്കട്ടിയുടെ വ്യാപാരമാണ് ഈ ഗ്രൂപ്പ് മുഖ്യമായും നടത്തുന്നതെന്നാണ് ഇവരുടെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുന്നത്. ഇത് കൂടാതെ ജ്വല്ലറി, വസ്ത്ര വ്യാപാരം, ഭക്ഷ്യോല്പന്നങ്ങൾ, റിയൽ എസ്റ്റേറ്റ്, കെട്ടിട നിർമാണ വസ്തുക്കളുടെ വ്യാപാരം, ടൂർസ് ആന്റ് ട്രാവൽസ്, കുടിവെള്ളം തുടങ്ങി പന്ത്രണ്ടോളം സഹകമ്പനികൾ ഗ്രൂപ്പിന് കീഴിലുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. 'പലിശരഹിത ലോകത്തിലേക്ക്'എന്ന മുദ്രാവാക്യവുമായാണ് ഹീരാ ഗ്രൂപ്പ് ഉപഭോക്താക്കളെ, പ്രത്യേകിച്ച് ഇസ്‌ലാം മത വിശ്വാസികളായ ആളുകളെ നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നത്. 
ചെയർപേഴ്‌സണായ ഡോ.ആലിമ നുഹൂറ ഷെയ്ക്കിന് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി കൂടിയുണ്ട്. ഓൾ ഇന്ത്യ മഹിളാ എംപവർമെന്റ് പാർട്ടി എന്നാണ് ഇതിന്റെ പേര്. ഈ പാർട്ടി കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനാർഥികളെ നിർത്തിയെന്ന ആക്ഷേപമുണ്ടായിരുന്നു. ബി.ജെ.പിയെ സഹായിക്കുവാൻ വേണ്ടിയാണെന്ന ആരോപണം ഇവർക്കെതിരെ കോൺഗ്രസ് അന്ന് ഉയർത്തിയിരുന്നു.

Latest News