സ്‌കോട്ട്‌ലന്റില്‍ മൊട്ടിട്ട പ്രണയം  തിരുവനന്തപുരത്ത് പൂത്തുലഞ്ഞു

പരിചയപ്പെട്ടതും പ്രണയത്തിലായതും സ്‌കോട്ട്‌ലാന്റില്‍. പക്ഷേ, വിവാഹം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ അഗ്‌നിയെ സാക്ഷിയാക്കി പ്രബോദ് ഗില്ലിയനെ താലി ചാര്‍ത്തി. തൈക്കാട് ശ്യാം നിവാസില്‍ ഡോ. എം.എസ്. നായരുടെയും എഴുത്തുകാരി ഉഷാ എസ്. നായരുടെയും മകന്‍ പ്രബോദും സ്‌കോട്ട്‌ലാന്റ് സ്വദേശികളായ അലിസണ്‍ മാക്‌നീലിന്റെയും ആന്‍ഡ്രൂ മാക്‌നീലിന്റെയും മകള്‍ ഗില്ലിയനും തമ്മിലുള്ള വിവാഹമാണ് മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്നത്.
സ്‌കോട്ട്‌ലാന്റിലെ അബേര്‍ഡീന്‍ഷെയറില്‍ കാര്‍ഡിയാക് അനസ്‌ത്തേഷിസ്റ്റായി ജോലി നോക്കുകയാണ് പ്രബോദ്. ഫിസിഷ്യന്‍ അസോസിയേറ്റായി ജോലിചെയ്യുന്ന ഗില്ലിയനും പ്രബോദും അവിടെ വച്ചാണ് പരിചയപ്പെട്ടത്. സുഹൃത് ബന്ധം പ്രണയത്തിന് വഴിമാറുകയായിരുന്നു. വിവാഹം തിരുവനന്തപുരത്ത് നടത്തണമെന്ന് ഇരുവീട്ടുകാരും ഒരുമിച്ചെടുത്ത തീരുമാനമാണ്.
ക്രീം നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമണിഞ്ഞ് വരന്‍ വിവാഹവേദിയിലെത്തിയപ്പോള്‍ ഇളം പിങ്ക് നിറത്തിലുള്ള സാരി അണിഞ്ഞ് സ്വര്‍ണാഭരണ വിഭൂഷിതയായാണ് ഗില്ലിയന്‍ എത്തിയത്. സ്വാമി സന്ദീപാനന്ദഗിരി ഭാരതീയ സംസ്‌കാരത്തില്‍ വിവാഹത്തിനുള്ള പങ്കിനെക്കുറിച്ചുള്ള സന്ദേശം നല്‍കി ആശീര്‍വദിച്ചു. കേരളീയ വേഷത്തില്‍ ഗില്ലിയന്റെ മാതാപിതാക്കളായ അലിസണ്‍ മാക്‌നീലിയും ആന്‍ഡ്രൂ മാക്‌നീലിയും പങ്കെടുത്തു. വരന്റെ അടുത്ത ബന്ധുക്കളും പങ്കെടുത്തു. 

Latest News