മൂന്നു ദിവസത്തിനിടെ കണ്ടെത്തിയത് മൂന്നു ചോരക്കുഞ്ഞുങ്ങളെ
മഞ്ചേരി- മൂന്നു ദിവസത്തിനകം മൂന്നു ചോരക്കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. മൂന്നും ആണ്‍കുഞ്ഞുങ്ങള്‍. ഇവരെ മൂവരെയും നവജാത ശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദ്യ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയോടനുബന്ധിച്ചുള്ള അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏകദേശം പത്തു ദിവസം പ്രായവും മൂന്നര കിലോഗ്രാം തൂക്കവുമുള്ള ആണ്‍കുഞ്ഞിനെ ആശുപത്രി അധികൃതര്‍ എന്‍.ഐ.സിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷം ഇന്നലെ ഈ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറി. സമിതി കുഞ്ഞിനെ മലപ്പുറം മൈലപ്പുറത്തുള്ള ശിശുസംരക്ഷണ കേന്ദ്രത്തിലേല്‍പിച്ചു.രണ്ടാമത്തെ കുഞ്ഞിനെ ലഭിച്ചത് തിരൂരില്‍ നിന്നാണ്. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡോ. കുമാരി സുകുമാരന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഈ കുഞ്ഞ്. പോലീസ് സഹായത്തോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. സമിതി കുഞ്ഞിനെ ചികിത്സ നല്‍കുന്നതിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ ഈ കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തെ അമ്മത്തൊട്ടിലില്‍ നിന്നാണ് മൂന്നാമത്തെ കുഞ്ഞിനെ ലഭിച്ചത്. ഇന്നലെ മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഈ കുഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളേജ് എന്‍.ഐ.സി.യുവില്‍ ചികിത്സയിലാണ്. കുഞ്ഞിന് നാലു ദിവസം പ്രായമുണ്ട്. ശിശുരോഗ വിദഗ്ധന്‍ ഡോ.ഷിബു കിഴക്കാത്രയുടെ നേതൃത്വത്തില്‍ നഴ്‌സുമാരാണ് കുഞ്ഞിനെ പരിപാലിക്കുന്നത്.