Sorry, you need to enable JavaScript to visit this website.

പയ്യന്നൂരില്‍ കാറും ടാങ്കറും കൂട്ടിയിടിച്ചു; കുടുംബത്തിലെ നാലു പേര്‍ മരിച്ചു

പയ്യന്നൂര്‍ - പയ്യന്നൂരിനടുത്ത് ദേശീയ പാതയിലുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ട്  കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. നാല് പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.
തൃശൂരില്‍ നിന്നും കൊല്ലൂരിലേക്കു പോവുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
തൃശൂര്‍ കൂര്‍ക്കഞ്ചേരി ഐശ്വര്യ ഗാര്‍ഡന്‍സില്‍ ബിന്ദു ലാല്‍(43), മകള്‍ ദിയ(10), സഹോദരി ബിന്ദിതയുടെ മക്കളായ തരുണ്‍(16), ഐശ്വര്യ(12) എന്നിവരാണ് മരിച്ചത്. ബിന്ദു ലാലിന്റെ മാതാവ് പത്മാവതി(68), ഭാര്യ അനിത(38), മകള്‍ നിയ(8), സഹോദരി ബിന്ദിത(40) എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ടു പേര്‍ അപകട നില തരണം ചെയ്തിട്ടില്ല.
ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം. ഇരു വാഹനങ്ങളും നേര്‍ക്കു നേര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡസ്റ്റര്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ബിന്ദുലാലും ദിയയും സംഭവ സ്ഥലത്തും, തരുണ്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയും, ഐശ്വര്യ ആശുപത്രിയിലുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മൂകാംബിക ദര്‍ശനത്തിനായി ഇവര്‍ നാട്ടില്‍ നിന്നും യാത്ര പുറപ്പെട്ടത്. ബന്ധുവിന്റെ കാറിലായിരുന്നു യാത്ര. ബിന്ദു ലാലാണ് കാര്‍ ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ബിന്ദു ലാല്‍ ഒരാഴ്ച മുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്.
മരിച്ച തരുണ്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും, ഐശ്വര്യ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും ദിയ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്. തരുണിന്റെയും ഐശ്വര്യയുടെയും പിതാവ് ദിലീപ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് ബിന്ദു ലാലിന്റെ ബന്ധുക്കള്‍ ഇന്നലെ ഉച്ചയോടെ കണ്ണൂരിലെത്തി. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലാണുള്ളത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ മംഗലാപുരം സ്വദേശി രവീന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ കൊണ്ടുവന്ന് കാര്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

 

 

Latest News