കറാച്ചി- ആറു വയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതിക്ക് പാക്കിസ്ഥാനിൽ വധശിക്ഷ നടപ്പാക്കി. പാക്കിസ്ഥാനെ പിടിച്ചുകുലുക്കിയ സൈനബ് വധക്കേസിലെ പ്രതി ഇംറാൻ അലി എന്നയാളെയാണ് തൂക്കിക്കൊന്നത്. ഇയാളുടെ വധശിക്ഷ കാണാൻ സൈനബിന്റെ അച്ഛനും മറ്റു ബന്ധുക്കളും എത്തിയിരുന്നു. ഇന്ന് രാവിലെ ലാഹോറിലെ കോട്ട് ലഖ്പാത്ത് ജയിലിലായിരുന്നു വധശിക്ഷ. കസുർ നഗരത്തിലായിരുന്നു രാജ്യത്ത് കനത്ത പ്രതിഷേധത്തിന് ഇടയാക്കിയ ബലാത്സംഗം അരങ്ങേറിയത്. സൈനബിന്റെ മൃതദേഹം പിന്നീട് ചവറ്റുകൂനയിൽനിന്നാണ് കണ്ടെത്തിയത്. കേസിലെ പ്രതി ഇംറാൻ അലിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ആറു ചെറിയ പെൺകുട്ടികളെ ഇയാൾ ഇതുപോലെ ബലാത്സംഗം ചെയ്തുകൊന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

മകളെ കൊന്നവന് വധശിക്ഷ നടപ്പാക്കിയതിൽ ഏറെ സന്തോഷമുണ്ടെന്നും മകളുടെ ഘാതകന്റെ അന്ത്യം നേരിട്ട് കാണാനായന്നെും സൈനബിന്റെ അച്ഛൻ അമീൻ അൻസാരി പറഞ്ഞു. ഇംറാൻ അലിയുടെ വധശിക്ഷ ലോകം മുഴുവൻ കാണിക്കേണ്ടതായിരുന്നുവെന്നും അതിന് സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധമുണ്ടെന്നും അൻസാരി പറഞ്ഞു. ഇയാളെ പരസ്യമായി തൂക്കിക്കൊല്ലണമെന്നായിരുന്നു അൻസാരിയുടെ ആവശ്യം. എന്നാൽ ഇത് ലാഹോർ കോടതി അംഗീകരിച്ചില്ല. ഇക്കഴിഞ്ഞ ജനുവരി നാലിനാണ് സൈനബിന്റെ മൃതദേഹം വീടിന് സമീപത്തെ ചവറ്റുകൂനയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായി അഞ്ചു ദിവസം വരെ പോലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടർന്നുണ്ടായ പ്രതിഷേധത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു. പ്രദേശത്തെ സി.സി.ടി.വി പരിശോധിക്കാനും പോലീസ് തയ്യാറായില്ലെന്നായിരുന്നു ആക്ഷേപം.






