ബലാത്സംഗത്തിനിരയായ പെൺകുട്ടി ജീവനൊടുക്കി; പ്രതി കുറ്റക്കാരനെന്നു കണ്ടെത്തി

കൽപറ്റ- ബലാത്സംഗത്തിനിരയായ വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ബത്തേരി കൊഴുവണ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ കേസിലാണ് ഒന്നാം പ്രതി ചീരാൽ ചേനോത്ത് റോയി(36) കുറ്റക്കാരനാണെന്നു അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.രാമകൃഷ്ണൻ കണ്ടെത്തിയത്. ശിക്ഷ ഇന്നു വിധിക്കും. കേസിലെ രണ്ടാം പ്രതി ജോബിൻ തോമസിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. 
2010 ജൂൺ 28നാണ് പെൺകുട്ടിയെ വിഷം കഴിച്ചു മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫോറൻസിക് പരിശോധനയിലാണ് പെൺകുട്ടി ബലാത്സംഗത്തിനു ഇരയായെന്നു വ്യക്തമായത്. തുടർന്നു അന്നത്തെ ബത്തേരി സി.ഐ ഷാജി വർഗീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ബത്തേരി ചുങ്കത്തെ ഫാൻസി ഷോപ്പിൽ മരണത്തിനു തലേന്നു പെൺകുട്ടിയെ കടയുടമ ബലാത്സംഗം ചെയ്‌തെന്നു വ്യക്തമായത്. ബലാത്സംഗത്തിനിരയായതിലുള്ള മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നും പോലീസ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റോയിയെയും ഇയാളും പെൺകുട്ടിയും തമ്മിലുള്ള ബന്ധം അറിയാവുന്ന ജോബിൻ തോമസിനെയും അറസ്റ്റു ചെയ്തു. 2016ൽ കേസ് വിചാരണ ആരംഭിച്ചപ്പോൾ കേസിൽ രണ്ടാം പ്രതിയെ മാപ്പു സാക്ഷിയാക്കണമെന്നു അന്നത്തെ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് സഖറിയാസ് നിയമോപദേശം നൽകി. ഇതേത്തുടർന്നു കേസ് വിചാരണ നിർത്തിവെച്ചു. പിന്നീട് അന്നത്തെ ബത്തേരി സി.ഐ എം.ഡി. സുനിൽ രണ്ടാം പ്രതിയെ മാപ്പുസാക്ഷിയാക്കുന്നതിനു നടപടികൾ സ്വീകരിച്ചു. ഇതിനെതിരെ ഒന്നാം പ്രതി നൽകിയ അപ്പീലുകൾ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളി. തുടർന്നു കുറ്റപത്രം സമർപ്പിച്ച കേസിൽ സമീപ കാലത്താണ് വിചാരണ പുനരാരംഭിച്ചത്. തുടങ്ങിയ വിചാരണ നിർത്തിവെച്ച് പ്രതികളിൽ ഒരാളെ മാപ്പുസാക്ഷിയാക്കി വീണ്ടും വിചാരണ നടത്തിയെന്ന പ്രത്യേകത കേസിനുണ്ട്. എ.എസ്.ഐമാരായ ഹരീഷ്‌കുമാർ, ശശികുമാർ, റോയിച്ചൻ, ടി.കെ. ഉമ്മർ, സി.പി.ഒ മോൻസി എന്നിവരും ഉൾപ്പെടുന്നതായിരുന്നു കേസ് രണ്ടാം ഘട്ടത്തിൽ അന്വേഷിച്ച പോലീസ് സംഘം. 
 

Latest News