Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൂട്ടുകാരനെ കൊലപ്പെടുത്തിയ അന്യസംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം തടവും പിഴയും

മഞ്ചേരി- ഒഡീഷ സ്വദേശിയായ പാർഥവി(23)നെ അടിച്ചു കൊലപ്പെടുത്തിയ പ്രതിയെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജീവപര്യന്തം കഠിന തടവിനും 1.1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഒഡീഷ നവരംഗപൂർ ജില്ലയിലെ പപ്പടാണ്ടി നുവാങ്കോട്ട മുതലിയഗുഡ സൈനാസി ഗൗഡയുടെ മകൻ ഒഗാത്തു ഗൗഡ (21)യെയാണ് ജഡ്ജി എ.വി മൃദുല ശിക്ഷിച്ചത്. 2016 ഡിസംബർ 18ന് ഉച്ചക്ക് രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം.  കൂലിപ്പണിക്കായി കേരളത്തിലെത്തിയ ഇരുവരും തേഞ്ഞിപ്പലം പെരുവള്ളൂർ മൂച്ചിക്കലിലുള്ള വാടക കെട്ടിടത്തിലെ മുകൾ നിലയിലെ മുറിയിൽ താമസിച്ചു വരികയായിരുന്നു.  പാർഥവ് പ്രതിയിൽ നിന്ന് 2000 രൂപ കടം വാങ്ങിയിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.  താമസ സ്ഥലത്തു വെച്ച് കൈക്കോട്ടു കൊണ്ട് തലക്കടിയേറ്റ് സാരമായി പരിക്കേറ്റ പാർഥവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പതിമൂന്നാം ദിവസം മരിച്ചു. 2017 ജനുവരി 21നു തിരൂരങ്ങാടി സി.ഐ ആയിരുന്ന വി.ബാബുരാജൻ, തേഞ്ഞിപ്പലം എസ്.ഐയായിരുന്ന അഭിലാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം കൊലപാതകത്തിനു ജീവപര്യന്തം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക തടവ്, 201 വകുപ്പ് പ്രകാരം തെളിവു നശിപ്പിച്ചതിന് മൂന്നു വർഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.  പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.അബ്ദുൽ ഗഫൂർ ഹാജരായി.


 

Latest News