- എട്ട് പേർ അറസ്റ്റിൽ, വാഹനം തടയാൻ അനുവദിക്കില്ലെന്ന് പോലീസ്
പത്തനംതിട്ട- തുലാമാസ പൂജക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കാനിരിക്കേ, നിലയ്ക്കലിൽ വിശ്വാസികളുടെ പ്രതിഷേധം സംഘർഷത്തിന് വഴിമാറി. ശബരിമലയിലേക്ക് വന്ന തമിഴ് ദമ്പതികളെയും മാധ്യമ വിദ്യാർഥിനികളെയും സമരക്കാർ തടഞ്ഞു. ആശങ്കയുടെയും സംഘർഷ ഭീതിയുടെയും മുൾമുനയിലായ ശബരിമലയിലേക്ക് യുവതികളുടെ പ്രവേശം ബലം പ്രയോഗിച്ച് തടുക്കാൻ ഒരുങ്ങുകയാണ് ഹിന്ദു സംഘടനകൾ.
പമ്പയിലേക്കുള്ള പോലീസ് വാഹനവും തടഞ്ഞു പരിശോധിക്കാൻ സമരക്കാർ ശ്രമിച്ചതോടെ രാത്രി പോലീസ് ശക്തമായ നടപടിയെടുത്തു. എട്ട് പേർ അറസ്റ്റിലായി. റോഡിന്റെ ഇരുവശത്തും പോലീസ് അണിനിരന്ന് വാഹനങ്ങൾ കടത്തിവിടാൻ ആരംഭിച്ചു. സമരക്കാരുടെ വാഹന പരിശോധന അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു. തടിച്ചുകൂടിയവരെ പോലീസ് ലാത്തി വീശി ഓടിച്ചു.
ശബരിമലയിലെ യുവതീ പ്രവേശന വിധി മറികടക്കാൻ നിയമ നിർമ്മാണം നടത്തുന്നതിനോ റിവ്യൂ ഹരജി നൽകാനോ സർക്കാർ തയാറല്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുകയും ദേവസ്വം ബോർഡ് നടത്തിയ സമവായ ചർച്ച പരാജയപ്പെടുകയും ചെയ്തതോടെയാണ് സ്ഥിതി സംഘർഷത്തിലേക്ക് നീങ്ങുന്നത്.
നിലയ്ക്കലേക്ക് പ്രതിഷേധക്കാരായ ഭക്തർ കൂടുതൽ എത്തുകയാണ്. ദിവസങ്ങൾക്ക് മുൻപ് തന്നെ നിലയ്ക്കലിൽ പർണശാല കെട്ടി സമരം ആരംഭിച്ചിരുന്നു. ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമരം. നിലയ്ക്കൽ വഴി എത്തുന്ന വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞ് പരിശോധിച്ച ശേഷമാണ് കടത്തി വിട്ടത്. യുവതികൾ ഉണ്ടോ എന്നറിയുന്നതിനാണ് പരിശോധന. സ്ത്രീകളായ സമരക്കാർ ആണ് വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുന്നത്. നിലയ്ക്കലിൽനിന്നു ഒരു യുവതിയെ പോലും കടത്തിവിടില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ. സംയമനത്തോടെ നീങ്ങണമെന്ന് നിർദേശം ലഭിച്ചതിനാൽ സമരക്കാരെ നേരിടാൻ തയാറാകാതിരുന്ന പോലീസ് രാത്രിയോടെ നിലപാട് ശക്തമാക്കി.
തമിഴ്‌നാട്ടിൽനിന്നെത്തിയ പഴനി (45), ഭാര്യ പഞ്ചവർണം (40) എന്നിവരെയാണ് നിലയ്ക്കലിൽ തടഞ്ഞത്. നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് പോകാൻ ബസിൽ കയറിയതായിരുന്നു ഇവർ. പമ്പ വരെയേ പോകുന്നുള്ളൂ എന്നു പറഞ്ഞിട്ടും വഴങ്ങാതെ ബസിൽനിന്ന് വലിച്ചു പുറത്തിട്ടു. പിന്നീട് സമരപ്പന്തലിലേക്ക് പഞ്ചവർണത്തെ വലിച്ചിഴച്ചു കൊണ്ടുപോയി. പോലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. തീർഥാടകരെ തടഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ നിലയ്ക്കലിൽ പ്രതിഷേധക്കാരിൽപെട്ട രത്‌നമ്മ എന്ന ആദിവാസി സ്ത്രീ കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യക്ക് ശ്രമിച്ചു. പോലീസെത്തി ഇവരെ പിന്തിരിപ്പിച്ചു. കോട്ടയത്തുനിന്ന് എത്തിയ യുവതികളായ മാധ്യമ പ്രവർത്തന വിദ്യാർഥിനികളെയും നിലയ്ക്കലിൽ സമരക്കാർ തടഞ്ഞു. ഇവരെ പോലീസെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പമ്പയിലേക്ക് പോകുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും തടഞ്ഞ് സ്ത്രീകളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് സമരക്കാർ പോകാൻ അനുവദിക്കുന്നത്. നിലയ്ക്കലിലും പമ്പയിലും രണ്ട് ബറ്റാലിയൻ വനിതാ പോലീസിനെ ഇന്നലെ വൈകിട്ട് വിന്യസിച്ചു.
അതേസമയം, തുടക്കത്തിലെടുത്ത നിലപാടിൽനിന്നു ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയാറായിട്ടില്ല. രാഷ്ട്രീയ ഭേദമില്ലാതെ സ്ത്രീകളടക്കമുള്ള ഭക്തർ തെരുവിലിറങ്ങി സമരം ചെയ്യുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തുടർന്നാണ് ദേവസ്വം ബോർഡിനെ മുൻനിർത്തി ഇന്നലെ സമവായ ചർച്ച നടത്തിയത്. എന്നാൽ റിവ്യൂ ഹരജി നൽകുന്നതിനെക്കുറിച്ച് ഉറപ്പ് നൽകാൻ ബോർഡ് തയാറായില്ല. 19 ന് ചേരുന്ന ബോർഡിന്റെ സമ്പൂർണ യോഗം വീണ്ടും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് പ്രസിഡന്റ് എ. പത്മകുമാർ പറയുന്നത്.
എന്നാൽ ഇന്ന് നട തുറക്കുകയാണ്. കോടതി വിധിയനുസരിച്ച് യുവതികൾ ശബരിമലയിലേക്ക് എത്തിയാൽ എന്ത് നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിക്കുകയെന്ന് ഇന്നലെയും പ്രസിഡന്റ് വ്യക്തമാക്കാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
നാളെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിലയ്ക്കലിലും എരുമേലിയിലും പമ്പയിലും നാമജപ യജ്ഞം നടത്തും. ഈ മൂന്ന് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് യുവതികൾ എത്തിയാൽ തടയുന്നതിനാണ് ഭക്ത സംഘടനകളുടെ നീക്കം. പന്തളത്തുനിന്നു ആയിരത്തോളം യുവാക്കൾ ഇന്നലെ ഇരുചക്ര വാഹന റാലിയായി നിലയ്ക്കലിലെത്തി. ഇവരും നിലയ്ക്കലിൽ ക്യാമ്പ് ചെയ്യുകയാണ്. വ്യാഴാഴ്ച പത്തനംതിട്ടയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ബൂത്തുതലം മുതലുള്ള പ്രവർത്തകരെ പങ്കെടുപ്പിച്ച് ഉപവാസം നടത്തും. പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിലാണ് ഉപവാസം.
കണ്ണൂർ മേഖലയിൽനിന്നു അൻപതോളം യുവതികൾ തുലാമാസ പൂജക്ക് എത്തുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.