Sorry, you need to enable JavaScript to visit this website.

അമ്മയിലെ ഭിന്നത മറനീക്കി  സിദ്ദീഖിനെതിരെ ജഗദീഷ്‌

കൊച്ചി - അമ്മ സെക്രട്ടറിയായ നടൻ സിദ്ദീഖ് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞത് അമ്മയുടെ ഔദ്യോഗിക നിലപാട് അല്ലെന്ന് വക്താവ് ജഗദീഷും നടൻ ബാബുരാജും വ്യക്തമാക്കി. ഇതോടെ സിനിമയിലെ വനിതാ കൂട്ടായ്മയുടെ വാർത്താ സമ്മേളനത്തെ തുടർന്ന് താര സംഘടനയായ അമ്മയിൽ രൂപപ്പെട്ട ചേരിതിരിവും ഉൾപ്പോരും തുറന്ന വാക്‌പോരിലേക്ക് എത്തി. സിദ്ദീഖ് ദിലീപിനെ ന്യായീകരിക്കുന്നത് എന്തിന് വേണ്ടിയെന്നും ജഗദീഷ് തുറന്നടിച്ചു. ദിലീപിന്റെ പുതിയ സിനിമയുടെ സൈറ്റിൽ വെച്ചാണ് വാർത്താ സമ്മേളനമെന്നും ജഗദീഷ് വാട്‌സ് ആപ്പ് സന്ദേശത്തിൽ വെളിപ്പെടുത്തി. സംഘടനയിലെ ഗുണ്ടായിസം ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന്  ജഗദീഷ് പറഞ്ഞു. ഭീഷണി സ്വരം ഇനി അമ്മയിൽ വിലപ്പോവില്ല. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകണം. കരിയർ ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. സുഹൃത്തിനെ പിന്തുണയ്ക്കുന്നതിൽ എതിർപ്പില്ല. പക്ഷെ ഗൂഢലക്ഷ്യങ്ങൾ നടപ്പാക്കരുത്. മോഹലാൻലാൽ പറഞ്ഞതുകൊണ്ട് സംയമനം പാലിക്കുകയാണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. 
ഈ വാർത്താ സമ്മേളനം നടക്കുന്നത് തന്നെ ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. ആരോപണ വിധേയനായ ഒരാളെക്കുറിച്ച് പറയുന്ന പത്രസമ്മേളനം ആരോപണവിധേയനായ ആൾ അഭിനയിക്കുന്ന സെറ്റിൽ വെച്ച് തന്നെയാകുമ്പോൾ അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോയെന്നും ജഗദീഷ് ചോദിച്ചു. 
ആരോട് ചോദിച്ചിട്ടാണ് സിദ്ദീഖ് വാർത്താ സമ്മേളനം വിളിച്ചുചേർത്തതെന്ന് നടനും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ബാബുരാജ് മറ്റൊരു വാട്‌സ് ആപ്പ് സന്ദേശത്തിൽ ചോദിച്ചു. ഒരു സൂപ്പർ ബോഡി തീരുമാനമെടുത്താണ് മുന്നോട്ട് പോക്കെങ്കിൽ നടക്കില്ല. ഡബ്ലിയു.സി.സിയുമായുള്ള പ്രശ്‌നത്തിൽ ദിലീപിനെ ന്യായീകരിക്കണ്ട കാര്യമില്ല. അമ്മ സംഘടന ദിലീപിനെ പിന്തുണയ്‌ക്കേണ്ടതില്ല. വ്യക്തിപരമായി പിന്തുണച്ചോട്ടെ. സംഘടനയുടെ പേരിൽ പിന്തുണയ്‌ക്കേണ്ട. അങ്ങനെ ചെയ്താൽ പരസ്യമായി രംഗത്തിറങ്ങുമെന്നും ബാബുരാജ് വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ സിദ്ദീഖ് ഇതുവരെ പ്രതികരിച്ചിട്ടില്ല.     

Latest News