Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ലേബര്‍ കോടതികള്‍ക്ക് മാറ്റം; കേസുകള്‍ വേഗം തീര്‍പ്പാകും

റിയാദ് - ലേബർ ഓഫീസുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന ലേബർ കോടതികൾ ഈ മാസം 29 മുതൽ നീതിന്യായ മന്ത്രാലയത്തിനു കീഴിലേക്ക് മാറുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. സൗദി കൊമേഴ്‌സ്യൽ ആർബിട്രേഷൻ സെന്റർ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ലേബർ ഓഫീസുകളോട്‌ ചേർന്ന് പ്രവർത്തിക്കുന്ന തൊഴിൽ തർക്ക പരിഹാര സമിതികളാണ് ലേബർ കോടതികളുടെ കർത്തവ്യം നിർവഹിക്കുന്നത്. തൊഴിൽ കേസുകളിൽ വിചാരണ വേഗത്തിലാക്കുന്നതിനും കക്ഷികൾക്ക് എളുപ്പത്തിൽ നീതി ലഭ്യമാക്കുന്നതിനും ലേബർ കോടതികൾ നീതിന്യായ സംവിധാനത്തിനു കീഴിലേക്ക് മാറ്റുന്നതിലൂടെ സാധിക്കും. 
ഈ വർഷം ഇതുവരെ 60,000 ത്തോളം തൊഴിൽ കേസുകളാണ് ഉയർന്നുവന്നതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി പറഞ്ഞു. പതിനഞ്ചു ശതമാനം കേസുകൾക്കു മാത്രമാണ് തൊഴിലുടമകളുമായി ചർച്ചകൾ നടത്തി അനുരഞ്ജനത്തിലൂടെ പരിഹാരം കാണാൻ സാധിച്ചത്. കോടതികളുടെ ജോലി ഭാരം കുറക്കാൻ കേസുകൾക്ക് രമ്യമായി പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.
സൗദി കൊമേഴ്‌സ്യൽ ആർബിട്രേഷൻ സെന്ററിന്റെ പ്രവർത്തനം രാജ്യത്തെ ബിസിനസ് സാഹചര്യങ്ങളെ കുറിച്ച നിക്ഷേപകരുടെ വിശ്വാസം ശക്തിപ്പെടുത്തുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി പറഞ്ഞു. ആകർഷകമായ നിക്ഷേപ സാഹചര്യം ഉടലെടുക്കുന്നതിന് ആകർഷകമായ നീതിന്യായ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. വിഷൻ 2030 പദ്ധതി വലിയ തോതിൽ വിദേശ നിക്ഷേപങ്ങളും വിദേശ നിക്ഷേപകരെയും ആകർഷിക്കുന്നതിന് ഉന്നമിടുന്നു. ഇതിന് വാണിജ്യ തർക്കങ്ങൾക്ക് വേഗത്തിൽ തീർപ്പ് കൽപിക്കുന്ന കൊമേഴ്‌സ്യൽ ആർബിട്രേഷൻ സെന്ററുകൾ ആവശ്യമാണ്. ഇത്തരം കേന്ദ്രങ്ങൾ നിക്ഷേപകർക്കിടയിൽ വിശ്വാസമുണ്ടാക്കും. 
ആർബിട്രേഷന്റെ പ്രയോജനങ്ങളെ കുറിച്ച് ഇതുപോലുള്ള സമ്മേളനങ്ങൾ സംഘടിപ്പിച്ച് ബോധവൽക്കരിക്കുന്നത് ആർബിട്രേഷനെ കുറിച്ച അവബോധം ഉയർത്താൻ സഹായിക്കും. സൗദി കൊമേഴ്‌സ്യൽ ആർബിട്രേഷൻ സെന്ററിന് ശാഖകൾ തുറക്കുന്നതിനുള്ള പദ്ധതി വാണിജ്യ, നിക്ഷേപ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്നും ഡോ. മാജിദ് അൽഖസബി പറഞ്ഞു.
വാണിജ്യ കേസുകളിൽ തീർപ്പ് കൽപിക്കുന്നതിന് കൊമേഴ്‌സ്യൽ ആർബിട്രേഷൻ സെന്ററുകൾ സ്ഥാപിക്കുന്നത് ജുഡീഷ്യൽ സംവിധാനത്തിന് ഗുണകരമാകുമെന്ന് നീതിന്യായ മന്ത്രി ഡോ. വലീദ്അൽ സ്വംആനി പറഞ്ഞു. കൊമേഴ്‌സ്യൽ ആർബിട്രേഷൻ സെന്ററുകൾ വ്യാപകമാക്കുന്നതിലൂടെ വാണിജ്യ തർക്കങ്ങളിൽ വേഗത്തിൽ തീർപ്പ് കൽപിക്കുന്നതിനും വാണിജ്യ കേസ് വിചാരണയുടെ ഗുണമേന്മ ഉയർത്തുന്നതിനും സാധിക്കും. കേസുകളിൽ തീർപ്പ് കൽപിക്കുന്നതിന് ജുഡീഷ്യറിക്ക് സഹായകമായ സംവിധാനമാണ് കൊമേഴ്‌സ്യൽ ആർബിട്രേഷൻ. കൊമേഴ്‌സ്യൽ ആർബിട്രേഷൻ നടപടികൾ നീതിന്യായ മന്ത്രാലയം പുനഃപരിശോധിച്ചിട്ടുണ്ട്. ഏറ്റവും നവീനമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി കൊമേഴ്‌സ്യൽ ആർബിട്രേഷൻ സെന്ററുകളുടെ പ്രവർത്തനം ക്രമീകരിക്കുന്ന കരടു നിയമം മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. കൊമേഴ്‌സ്യൽ ആർബിട്രേഷൻ നടപടികൾ ലഘൂകരിക്കുന്നത് അഴിമതി പോലുള്ള നിഷേധാത്മക പ്രവണതകൾ ഇല്ലാതാക്കുമെന്നും ഡോ. വലീദ്അൽ സ്വംആനി പറഞ്ഞു. 

Latest News