തിരൂർ- ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂർ പൊറ്റേത്ത് പടിയിലെ അമ്മത്തൊട്ടിലിലാണ് ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സാമൂഹ്യ പ്രവർത്തകയായ ഡോ. കുമാരി സുകുമാരൻ സ്വന്തം വീട്ടുമതിലിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിലാണ് ഇടക്കാലത്തിനു ശേഷം കുഞ്ഞിനെ ലഭിക്കുന്നത്. ഇന്നലെ വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ അമ്മത്തൊട്ടിൽ വാതിൽ അടച്ചിരുന്നു. അതുകൊണ്ടു ഇതിനു താഴെ റോഡരികിൽ പുലർച്ചെ തുണിയിൽ പൊതിഞ്ഞ നിലയിലാണ് കുട്ടിയെ കിട്ടിയത്. തെരുവുനായ്ക്കളുടെ ശല്യമുള്ള സ്ഥലമാണിത്. എന്നാൽ ഭാഗ്യത്തിനു കുഞ്ഞിനു യാതൊരു പോറലുമേറ്റിട്ടില്ല.
തിരൂർ പോലീസ് ഏറ്റുവാങ്ങിയ കുഞ്ഞിനെ ജില്ലാ ആശുപത്രിയിലെ ശിശുപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ച ശേഷം മലപ്പുറത്തെ ശിശുക്ഷേമ വകുപ്പിനു കൈമാറും.






