കൊച്ചി- മലയാള സിനിമാ താരം അലൻസിയർക്കെതിരെ ആരോപണം ഉന്നയിച്ചത് ദിവ്യ ഗോപിനാഥ്. ഇന്നലെ വനിതാതാരം തന്റെ പേര് വ്യക്തമാക്കിയിരുന്നില്ല. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നതിനെ തുടർന്നാണ് ദിവ്യ ഗോപിനാഥ് താനാണ് അലൻസിയറിനെതിരെ പ്രതികരിച്ചത് എന്ന് വ്യക്തമാക്കി രംഗത്തെത്തി. അലൻസിയർ തന്നോട് മാത്രമല്ല, പലരോടും ഇത്തരത്തിൽ മോശമായി പെരുമാറുന്നുണ്ടെന്നും ദിവ്യഗോപിനാഥ് പറഞ്ഞു. ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് തന്നോട് മോശമായി പെരുമാറിയതെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു.
വീഡിയോ കാണാം
ദിവ്യ ഗോപിനാഥിന്റെ കഴിഞ്ഞദിവസത്തെ കുറിപ്പ് ഇങ്ങനെ:
ഞാനൊരു അഭിനേത്രിയാണ് സ്വന്തം വ്യക്തിത്വം പോലും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ തെളിയിക്കാൻ പാടുപെടുന്ന ഒരു നടിയായതു കൊണ്ട് തന്നെ ഞാൻ പേരുപറയാൻ ആഗ്രഹിക്കുന്നില്ല. അലൻസിയറിന്റെ കൂടെയുള്ള ആദ്യത്തെ ചിത്രം ചെയ്തു കഴിഞ്ഞ ഉടനെ ഞാൻ തീരുമാനിച്ചു ഇത് ഞങ്ങളുടെ ഒരുമിച്ചുള്ള അവസാനത്തെ ചിത്രമായിരിക്കുമെന്ന്.
അദ്ദേഹത്തിനെ നേരിട്ടു കാണുന്നതിനും പരിചയപ്പെടുന്നതിനും മുൻപെ എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ വ്യക്തിയായിരുന്നു അലൻസിയർ. ചുറ്റുനടക്കുന്ന കാര്യങ്ങളിൽ പുരോഗമനവും ലിബറലുമായ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഒരു മുഖം മൂടിയാണ്. അദ്ദേഹത്തിന്റെ മോശം വശം മറയ്ക്കാനുള്ള ഒരു മാർഗ്ഗം മാത്രം.
ആദ്യത്തെ സംഭവം ഉച്ചഭക്ഷണ സമയത്തായിരുന്നു. ഞങ്ങൾ മൂന്നുപേരായിരുന്നു ആ സമയത്ത് ടേബിളിൽ ഉണ്ടായിരുന്നത്. അലൻസിയറും സഹപ്രവർത്തകനും ഞാനും. അലൻസിയർ തന്റെ മാറിടത്തിലേക്ക് തുറിച്ചുനോക്കികൊണ്ടാണ് സംസാരിച്ചതത്രയും. അതെന്നെ അസ്വസ്ഥയാക്കി. അതുമനസിലാക്കിയിട്ടാവണം കുറച്ചു കൂടി സോഷ്യലായി ഇടപെടണമെന്നും ഇത്തരം കാര്യങ്ങളൊക്കെ ലളിതമായി കാണണമെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. ഞാൻ പ്രതികരിച്ചില്ല. പക്ഷെ അയാളുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കുന്നത് സുരക്ഷിതമല്ലെന്ന് എനിക്ക് തോന്നി.
അടുത്ത സംഭവം വലിയൊരു ഷോക്ക് ആയിരുന്നു. അയാളെ ന്റെ റൂമിലേക്ക് ഒരു സഹനടിയുമായി കടന്നു വന്നു. നമ്മുടെ ശരീരത്തെ കുറിച്ച് നമ്മൾക്ക് വ്യക്തമായ അറിവുണ്ടായിരിക്കണമെന്നും ഒരു അഭിനേതാവിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും അയാൾ പറയാൻ തുടങ്ങി. എന്റെ അഭിനയവേദികളിലെ പരിചയക്കുറവിനെ ഒരുപാട് അപമാനിച്ചു. അയാളെ വെളിയിലെറിയാനാണ് എനിക്കപ്പോൾ തോന്നിയത്. എന്നാൽ ഞാൻ കൂടെയുണ്ടായിരുന്ന മുതിർന്ന സഹപ്രവർത്തകയുടെ സാന്നിധ്യം കാരണം എല്ലാം സഹിച്ചു നിന്നു.
മൂന്നാമത്തെ സംഭവം, എന്റെ ആർത്തവ സമയത്തായിരുന്നു. അന്ന് ഷൂട്ടിങിനിടയ്ക്ക് ക്ഷീണവും തളർച്ചയും തോന്നിയതു കൊണ്ട് സംവിധായകനോട് അനുവാദം വാങ്ങിച്ച് ഇടവേളയെടുത്ത് വിശ്രമിക്കാൻ എന്റെ മുറിയിലേക്ക് പോയി. മുറിയിലിരിക്കെ വാതിൽ ആരോ മുട്ടുന്നതായി തോന്നി. വാതിലിനിടയിലൂടെ നോക്കിയപ്പോൾ അലൻസിയർ നിൽക്കുന്നതായി കണ്ട് ഞാൻ ഭയന്നു. ഉടനെ ഫോണെടുത്ത് സംവിധായകനെ വിളിച്ച് സഹായം ആവശ്യപ്പെട്ടു. ആരെയെങ്കിലും അയക്കാമെന്ന് സംവിധായകൻ ഉറപ്പും നൽകി. അലൻസിയർ അപ്പോഴും വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. വാതിലിൽ ചവിട്ടിയും വാതിൽ തുറക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവസാനം സഹികെട്ട് ഞാൻ വാതിൽ തുറക്കാൻ തീരുമാനിച്ചു. ചാടി പുറത്തിറങ്ങാനായിരുന്നു തീരുമാനം.
സംവിധായകനെ വിളിച്ച കോൾ കട്ട് ചെയ്യാതെ തന്നെ ഞാൻ വാതിൽ തുറന്നു. പക്ഷെ, ഞാൻ വാതിൽ തുറന്നപ്പോൾ തന്നെ അദ്ദേഹം തള്ളിക്കയറി റൂമിനകത്തേക്ക് കയറുകയും വാതിലടയ്ക്കുകയും ചെയ്തു. അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞാൻ ഭയന്ന് നിശ്ചലയായി നിന്നു പോയി. അയാൾ ബെഡിൽ കയറിയിരുന്ന് നാടകകലാകാരന്മാ ർ എത്രമാത്രം ശക്തരായിരിക്കണമെന്ന പഴയ തീയറികൾ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അയാൾ പിന്നീട് നടന്ന് എന്റെ അരികിലേക്ക് വന്നു. ഞാൻ ശബ്ദമുയർത്താൻ പോലും കഴിയാതെ നിൽക്കുകയായിരുന്നു. പെട്ടെന്നാണ് കോളിങ്‌ബെൽ അടിച്ചു.
ഇത്തവണ ഭയന്നത് അലൻസിയറായിരുന്നു. ഞാൻ ഓടിപ്പോയി വാതിൽ തുറന്നു, പുറത്ത് നിൽക്കുന്നയാളെ കണ്ട് ഏറെ ആശ്വാസം തോന്നി. അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അത്. അടുത്ത ഷോട്ടിൽ അലൻസിയറുണ്ടെന്നും മുഴുവൻ അണിയറ പ്രവർത്തകരും കാത്തിരിക്കുകയാണെന്നും പെട്ടെന്ന് വരണമെന്നും അസി. ഡയറക്ടർ അറിയിച്ചു. നേരത്തെ പറഞ്ഞില്ലല്ലോ എന്ന നിലപാടിലായിരുന്നു അലൻസിയറപ്പോൾ. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി അയാൾക്ക് പോവേണ്ടി വന്നു.
നാലാമത്തെ സംഭവം അടുത്ത ഷെഡ്യൂളിനിടയാണ് സംഭവിച്ചത്. ഒരു സുഹൃത്ത് ക്ഷണിച്ചതനുസരിച്ച് ഉച്ചഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഞാൻ. ടേബിളിൽ അലൻസിയറുമുണ്ടായിരുന്നു. അയാൾ മീൻ കറിയാണ് ഓർഡർ ചെയ്തത്. കറി എത്തിയപ്പോൾ മീനിന്റെ ഭാഗങ്ങളും സ്ത്രീ ശരീരങ്ങളും താരതമ്യം ചെയ്യാനയാൾ ആരംഭിച്ചു. ഓരോ തവണയും മീനിൽ തൊട്ടും കഷ്ണങ്ങൾ മുറിച്ചെടുത്തും ആസ്വദിക്കുമ്‌ബോഴും അയാൾ സ്ത്രീ ശരീരങ്ങളെ താരതമ്യപ്പെടുത്തൽ തുടർന്നു. ഇതിനിടയ്ക്ക് അയാൾ മാറിടത്തിലേക്ക് തുറിച്ചു നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒടുവിൽ ഞാനും സുഹൃത്തും എഴുന്നേറ്റ് പോകുകയാണുണ്ടായത്.
അന്നേദിവസം തന്നെ, ഷൂട്ടിങിനിടെ അയാൾ എന്നെയും സെറ്റിലെ മറ്റ് സ്ത്രീകളെയും തുറിച്ച് നോക്കിക്കൊണ്ടിരുന്നു. എപ്പോഴെങ്കിലും കണ്ണിൽപ്പെട്ടാൽ അയാൾ മുഖവും നാവും ചുഴറ്റി അത്രയും ആളുകൾക്കിടയിൽ വെച്ച് ലൈംഗിക ചേഷ്ടകൾ കാണിച്ചുകൊണ്ടേയിരുന്നു.
അന്ന് വൈകുന്നേരം തന്നെ, ഒരു പാർട്ടിയുണ്ടായിരുന്നു. അയാൾ സ്ത്രീകളെ സമീപിക്കുന്നതും അവരോട് സ്ത്രീ ശരീരങ്ങളെ കുറിച്ചും ലൈംഗികതയെ കുറിച്ചും വാതോരാതെ സംസാരിക്കുന്നതും ഞാൻ കണ്ടു. എപ്പോഴെങ്കിലും അയാൾ എന്റെ അരികിലേക്ക് വന്നാൽ കഴിയും വിധം ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. അയാളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാത്ത സ്ത്രീകളെ അയാൾ അപമാനിക്കുന്നതും എനിക്ക് അന്ന് കാണാനും കേൾക്കാനും കഴിഞ്ഞു.
പിന്നീട് മറ്റൊരു ദിവസം, ഞാൻ മുറിയിൽ ഉറങ്ങുകയായിരുന്നു. നൈറ്റ് ഷിഫ്റ്റ് അവസാനിച്ചത് രാവിലെ 6 മണിയോടെയായിരുന്നു. ഞാനും റൂംമേറ്റും അന്ന് മുറിയിലുണ്ടായിരുന്നു. മുറിയുടെ കോളിങ് ബെൽ അടിക്കുന്നത് ഞാൻ കേട്ടു. എന്റെ റൂം മേറ്റ് എഴുന്നേറ്റ് ആരാണെന്ന് നോ്കകാൻ പോയി. അത് അലെൻസിറായിരുന്നു.
അവർ കുറച്ചുസമയം സംസാരിച്ചു. അത് കഴിഞ്ഞ് അയാൾ തിരിച്ചുപോയി. എന്റെ റൂംമേറ്റ് തിരിച്ചുവന്നിട്ട് പറഞ്ഞു, അവളുടെ ഉറക്കം പോയി ഒന്ന് കുളിച്ചിട്ട് വരാമെന്ന്. പക്ഷെ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് വെച്ചാവൽ അവൾ മുറിയുടെ വാതിൽ ശരിയായി ലോക്ക് ചെയ്യാതെയായിരുന്നു കുളിക്കാൻ പോയത്.
തിരിച്ചുവന്ന അലൻസിയർ, ഒരു വൃത്തികെട്ടവനായി മാറി. എന്റെ ബെഡ്ഷീറ്റിനടിയിലേക്ക് കയറിക്കിടന്ന് എന്റെ അരികിലേക്ക് വന്നു. പെട്ടെന്ന് എണീറ്റ ഞാൻ ഷോക്കായി. അയാൾ കിടന്നു കൊണ്ട് ചോദിച്ചു' നീ ഉറങ്ങുകയാണോ?'. ഞാൻ ചാടിയെണീറ്റു, പക്ഷെ കൈയ്യിൽ പിടിച്ചുവലിച്ച് അയാൾ കുറച്ചുസമയം കൂടെ കിടക്കാൻ പറഞ്ഞു. ഞാൻ അയാളോട് അലറി ബഹളം വെച്ചു. ശബ്ദംകേട്ട റൂംമേറ്റ് എന്താണവിടെ എന്ന് വിളിച്ചു ചോദിച്ചു, പെട്ടെന്ന് അയാൾ പറഞ്ഞത് ഒരു തമാശ കാണിക്കുകയായിരുന്നു എന്നാണ്. റൂംമേറ്റ് ബാത്‌റൂമിൽ നിന്നും പുറ്തതിറങ്ങുന്നതിനു മുൻപെ അയാൾ മുറിവിട്ട് പോയി.
അയാളുടെ സുഹൃത്ത് കൂടിയായ റൂംമേറ്റ് പിന്നീട് ഞാൻ പറയുന്നത് കേട്ട് ഞെട്ടി. അയാളെ വിളിച്ചുവരുത്തി സംസാരിക്കാൻ തന്നെ അവൾ തീരുമാനിച്ചു. പക്ഷെ അയാൾ ഒഴിഞ്ഞുമാറി.
ഇക്കാര്യം ഞങ്ങൾ സംവിധായകനെ അറിയിച്ചു. ഇക്കാര്യം ചോദ്യം ചെയ്യാൻ തന്നെ സംവിധായകനുറച്ചു. പക്ഷെ അലൻസിയർ പ്രകോപിതനാവുകയാണ് ചെയ്തത്. അത് ആ സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു. അതുകൊണ്ട് തന്നെ മുതിർന്ന നടനായ അലൻസിയർ പ്രതികാരം ചെയ്തത് വളരെ മോശമായിട്ടായിരുന്നു. അയാൾ ഷൂട്ടിങിനിടെ ഓരോ ഷോട്ടും മോശമാക്കിയും സീനുകളുടെ തുടർച്ചയെ നശിപ്പിച്ചും, മദ്യപിച്ച് സെറ്റിൽ അഴഞ്ഞാടിയും സഹതാരങ്ങളെ തെറി വിളിച്ചും ഇനി ചെയ്ത് കൂട്ടാത്തതായി ഒന്നും ബാക്കിയില്ല.
ഞാൻ ഇതെഴുതുമ്‌ബോൾ എനിക്കറിയാം, തുറന്നുപറഞ്ഞ എന്നേക്കാൾ യഥാർത്ഥ അലൻസിയറിൽ നിന്നും സമാന അനുഭവം നേരിട്ട ഈ സിനിമയിൽ പ്രവർത്തിച്ച ഒത്തിരി സ്ത്രീകൾ ഇനിയുമുണ്ടാകുമെന്ന്. ഈ കുറിപ്പ് തയ്യാറാക്കാൻ എനിക്ക് ഒരുപാട് സമയവും വേദനയുമെടുത്തു. അതുകൊണ്ട് എനിക്ക് മറ്റുള്ളവരെ മനസിലാക്കാൻ സാധിക്കും, എല്ലാം തുറന്ന് പറയാൻ ഇതുപോലെയുള്ള അല്ലെങ്കിൽ ഇതിലേറെ കയ്‌പ്പേറിയ അനുഭവങ്ങളിലൂടെ കടന്ന് പോയവർക്ക് അവരുടേതായ സമയം എടുക്കേണ്ടി വരുമെന്ന്.
# മീ ടൂ