വായ്പ തരാം, സെക്‌സിനു വഴങ്ങണമെന്ന് യുവതിയോട് ബാങ്ക് മാനേജര്‍; പിന്നീട് തെരുവില്‍ നടന്നത്- Video

ബംഗളുരൂ- ലൈംഗിക ബന്ധത്തിന് വഴങ്ങിയാല്‍ വായ്പ അനുവദിക്കാമെന്ന് പറഞ്ഞ ബാങ്ക് മാനേജരെ യുവതി തെരുവിലിട്ട് അടിച്ചു നിലംപരിശാക്കി. ദക്ഷിണ കര്‍ണാടകയില്‍ ദേവനഗരരെയില്‍ യുവതി ബാങ്കുദ്യോഗസ്ഥനെ പരസ്യമായി അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ചയാണ് സംഭവം. 15 ലക്ഷം രൂപയുടെ വായ്പ തേടിയാണ് യുവതി ബാങ്കിനെ സമീപിച്ചത്. എന്നാല്‍ ഇതു അനുവദിച്ചു നല്‍കുന്നതിന് ബാങ്കുദ്യോഗസ്ഥന്‍ സെക്‌സിനു വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് യുവതി ആരോപിച്ചു. 

ബാങ്കുദ്യോഗസ്ഥനെ കോളറിനു പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ച യുവതി തെരുവിലിട്ട് മരക്കഷ്ണം കൊണ്ട് അടിച്ചു. ഇതു പിടിച്ചു വാങ്ങിയതോടെ കൈപ്പത്തി കൊണ്ടായി യുവതിയുടെ പ്രഹരം. കോളറിനു പിടിച്ചു വലിച്ചു കൊണ്ടു പോകുന്നതും ദൃശ്യത്തിലുണ്ട്. പോലീസ് സ്റ്റേഷനിലേക്ക് വരാനാണ് യുവതി ബാങ്കുദ്യോഗസ്ഥനോട് ആവശ്യപ്പെടുന്നത്. വരാന്‍ കൂട്ടാക്കാത്ത ബാങ്കുദ്യോഗസ്ഥനെ ഒടുവില്‍ യുവതി ചെരിപ്പൂരി മുഖത്ത് പൊട്ടിക്കുന്നതും കാണാം.

ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നവരോട് മുഴുവനായും വേണ്ടുവേളം പകര്‍ത്തിക്കോളൂവെന്നും താന്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്നും യുവതി പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലയാതോടെ വീരപരിവേഷമാണ് യുവതിക്ക് ലഭിച്ചത്. പലരും ധീരയായ പോരാളി എന്നു വിശേഷിപ്പിച്ചു.
 

Latest News