തരൂരിന്റെ രാമക്ഷേത്ര പ്രസ്താവന വിവാദമാക്കാന്‍ ബി.ജെ.പി

ന്യൂദല്‍ഹി- അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നടത്തിയ പ്രസ്താവ വിവാദമാക്കാന്‍ ബി.ജെ.പി. തുടര്‍ന്ന് തരൂര്‍ വിശദീകരണവുമായി രംഗത്തെത്തി. താന്‍ നടത്തിയ പ്രസ്താവനയെ ചിലര്‍ ദുരുപദിഷ്ടമായി വളച്ചൊടിച്ചുവെന്നാണ് ട്വിറ്ററിലൂടെ തരൂരിന്റെ വിശദീകരണം.

'ദ ഹിന്ദു ലിറ്റ് ഫോര്‍ ലൈഫ് ഡയലോഗ് 2018' ല്‍ പങ്കെടുത്ത് തരൂര്‍ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. മറ്റൊരു വിഭാഗത്തിന്റെ ആരാധനാ സ്ഥലം തകര്‍ത്ത് അവിടെ ക്ഷേത്രം നിര്‍മിക്കണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കുന്നില്ലെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

എന്നാല്‍ ഒരു നല്ല ഹിന്ദുവും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ബി.ജെ.പിയും തരൂരിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തരൂര്‍ വിശദീകരണവുമായെത്തിയത്.

ഭൂരിഭാഗം ഹിന്ദുക്കളും രാമന്റെ ജന്മസ്ഥലമെന്ന് അവര്‍ വിശ്വസിക്കുന്നിടത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗത്തിന്റെ ആരാധനാ സ്ഥലം തകര്‍ത്ത് അവിടെ ക്ഷേത്രം നിര്‍മിക്കണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കില്ലെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. രാഷ്ട്രീയ യജമാനന്മാരെ സഹായിക്കുന്നതിന്റെ ഭാഗമായി ചില മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തരൂര്‍ ആരോപിച്ചു.

താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ വക്താവായല്ല സംസാരിച്ചതെന്നും തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News