പട്‌ന- ആശുപത്രിയില്‍ എ.ഐ.എസ്.എഫ് നേതാവിനെ കാണാനെത്തിയ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറും സഹപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. സംഭവത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ഡോക്ടര്‍മാരുടെ സംഘടന നിലപാടെടുത്തതോടെ ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പട്‌ന എയിംസ് ആശുപത്രിയിലെ ഡോക്ടറോടും നഴ്‌സിനോടും സുരക്ഷാ ജീവനക്കാരോടും ഇവര്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയും വിഷയത്തില്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എ.ഐ.എസ്.എഫ് നേതാവ് സുശീല്‍ കുമാറിനെ കാണാനെത്തിയതായിരുന്നു കനയ്യകുമാറും സഹപ്രവര്‍ത്തകരും. ഇവര്‍ ആശുപത്രിയില്‍ തങ്ങുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്‌സിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ജീവനക്കാരുടെ മൊഴി.
എന്നാല്‍ എ.ഐ.എസ്എഫ് ആരോപണങ്ങള്‍ നിഷേധിച്ചു. സി.പി.ഐ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്എഫ് നേതാവായ കനയ്യകുമാര്‍ ബീഹാറിലെ ബെഗുസാരായ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.