രാഹുല്‍ ഗാന്ധി വയനാട്  സീറ്റില്‍ മത്സരിക്കും? 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിറ്റിംഗ് മണ്ഡലമായ യു.പിയിലെ അമേത്തിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമെന്ന് സൂചന. അത് കേരളത്തിലാകുമെന്നാണ് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ വയനാട് പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്. കേരളത്തിലെ ചില നേതാക്കള്‍ ഇതേക്കുറിച്ച് പറയുന്നുണ്ടെങ്കിലും നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.  ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ കര്‍ണാടകയിലെ ചില മണ്ഡലങ്ങളെയാവും പരിഗണിക്കുകയെന്നാണ് നെഹ്‌റു കുടുംബത്തിലെ കീഴ്‌വഴക്കങ്ങള്‍ നോക്കി പലരും കരുതുന്നത്. എന്നാല്‍, കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും കേരളത്തിന്റെയും മദ്ധ്യഭാഗം എന്ന നിലയില്‍ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നത് നന്നാകുമെന്ന അഭിപ്രായം കേരള നേതാക്കളില്‍ ചിലര്‍ പ്രകടിപ്പിച്ചെന്നാണറിയുന്നത്.
വയനാട് യു.ഡി.എഫിന്റെ പരമ്പരാഗത മണ്ഡലവും ഉറച്ച കോട്ടയുമായാണ് വിലയിരുത്തപ്പെടുന്നത്. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് എം.ഐ. ഷാനവാസ് ആണ് സിറ്റിംഗ് എം.പി. വര്‍ക്കിംഗ് പ്രസിഡന്റ് ആയ സ്ഥിതിക്ക് ഷാനവാസിന് വീണ്ടും സീറ്റ് ലഭിക്കാനിടയില്ല. പകരം എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതിനിടയിലാണ് നാടകീയമായി രാഹുലിന്റെ പേര് പാര്‍ട്ടി വൃത്തങ്ങളില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. 
ദേശീയ തിരഞ്ഞെടുപ്പില്‍ മോഡിപ്രഭാവം മങ്ങി യു.പി.എയ്ക്ക് പ്രതീക്ഷ കൈവരികയും കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുകയും ചെയ്താല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍. അതുകൊണ്ട് കൂടിയാണ് ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് കൂടി മത്സരിക്കണമെന്ന ചര്‍ച്ച സജീവമായത്. ഇന്ദിരാഗാന്ധി മുമ്പ് കര്‍ണാടകയിലെ ചിക്മംഗലൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

Latest News