Sorry, you need to enable JavaScript to visit this website.

ലുലു ഗ്രൂപ്പ് ഈജിപ്തിൽ 50 കോടി  ഡോളറിന്റെ നിക്ഷേപം നടത്തും 

മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് രണ്ടു വർഷത്തിനുള്ളിൽ ഈജിപ്തിൽ 50 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഡോ. മുസ്തഫ മത്ബൂലിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഈജിപ്തിൽ വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള താൽപര്യം ലുലു ഗ്രൂപ്പ് ചെയർമാൻ വെളിപ്പെടുത്തിയത്. രണ്ടു വർഷത്തിനുള്ളിൽ ഈജിപ്തിൽ നാലു ഹൈപ്പർ മാർക്കറ്റുകൾ ലുലു ഗ്രൂപ്പ് തുറക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ നിക്ഷേപകർ നേരിടുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള ഈജിപ്ഷ്യൻ ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ഈജിപ്തിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന് ലുലു ഗ്രൂപ്പിന് പ്രചോദനമാവുകയാണ്. ഈജിപ്തിൽ രണ്ടു വർഷത്തിനുള്ളിൽ നാലു പുതിയ ഹൈപർ മാർക്കറ്റുകൾ തുറക്കുന്നതിനു പുറമെ രണ്ടു ലോജിസ്റ്റിക് സെന്ററുകളും ആരംഭിക്കും. ഈ സെന്ററുകൾ വഴി ഭക്ഷ്യവസ്തുക്കൾ സംഭരിച്ച് ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കയറ്റി അയക്കുമെന്ന് യൂസഫലി പറഞ്ഞു. മത്സ്യം സംസ്‌കരിച്ച് വിദേശത്തേക്ക് കയറ്റി അയക്കുന്നതിനുള്ള സെന്റർ സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ നിർണയിക്കുന്നതിന് ഈജിപ്ഷ്യൻ ഗവൺമെന്റിന്റെ സഹായം യൂസഫലി തേടി. ഉയർന്ന ഗുണമേന്മയുള്ള ഈജിപ്ഷ്യൻ മത്സ്യത്തിന് വിദേശ വിപണികളിൽ വലിയ ഡിമാന്റുണ്ട്. 
ഈജിപ്തിൽ എമ്പാടും നിക്ഷേപാവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശ നിക്ഷേപകർ നേരിടുന്ന ഏതു പ്രതിബന്ധങ്ങളും പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈജിപ്തിൽ വിദേശ നിക്ഷേപങ്ങൾക്ക് അനുയോജ്യമായ പ്രദേശങ്ങളുടെ വിശദമായ മാപ്പ് സർക്കാർ തയാറാക്കും. പോർട്ട്‌സഈദിന് കിഴക്ക് ലുലു ഗ്രൂപ്പിന് മത്സ്യ സംസ്‌കരണ, കയറ്റുമതി കേന്ദ്രം സ്ഥാപിക്കാവുന്നതാണ്. ഈജിപ്തിൽ ഏറ്റവും വലിയ മത്സ്യ ഫാമുകളുള്ളത് പോർട്ട്‌സഈദിലാണ്. ഈസ്റ്റ് പോർട്ട്‌സഈദ് തുറമുഖത്തിനും അൽബർദോവിൽ തടാകത്തിനും സമീപമാണ് എന്നത് ഈ പ്രദേശത്തിന്റെ അനുകൂല ഘടകമാണ്. ന്യൂ സോഹാജ് സിറ്റിയിൽ 32 ഏക്കർ വിസ്തീർണമുള്ള സ്ഥലത്ത് പാർപ്പിടകാര്യ മന്ത്രാലയം നിർമിച്ച വാണിജ്യ കേന്ദ്രം 20 ഏക്കർ സ്ഥലം കൂടി കൂട്ടിച്ചേർത്ത് വിപുലീകരിക്കാൻ സാധിക്കും. വലിയ ഫ്രീസറുകളും വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന വാണിജ്യ കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഭക്ഷ്യവസ്തുക്കളും കാർഷികോൽപന്നങ്ങളും വിദേശത്തേക്ക് കയറ്റി അയക്കുന്നതിനുള്ള ലോജിസ്റ്റിക് സെന്ററുകളിൽ ഒന്ന് സ്ഥാപിക്കുന്നതിന് ന്യൂ സോഹാജ് സിറ്റിയിലെ വാണിജ്യ കേന്ദ്രം ലുലു ഗ്രൂപ്പിന് പ്രയോജനപ്പെടുത്താൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോജിസ്റ്റിക് സെന്ററുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ നിർണയിക്കുന്നതിന് സോഹാജ്, അലക്‌സാണ്ട്രിയ, അൽഐൻ അൽസുഖ്‌ന, ഈസ്റ്റ് പോർട്ട്‌സഈദ് എന്നിവിടങ്ങളിലെ വ്യത്യസ്ത സ്ഥലങ്ങൾ ലുലു ഗ്രൂപ്പ് സംഘം നേരിട്ട് സന്ദർശിക്കുന്നതിന് യോഗാവസാനത്തിൽ ധാരണയിലെത്തി. അനുയോജ്യമായ സ്ഥലങ്ങൾ നിർണയിച്ചു കഴിഞ്ഞാലുടൻ ലോജിസ്റ്റിക് സെന്ററുകളുടെ നിർമാണം ലുലു ഗ്രൂപ്പ് ആരംഭിക്കും. ഈജിപ്തിൽ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള ലുലു ഗ്രൂപ്പിന്റെ തീരുമാനത്തിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചതായി മന്ത്രിസഭാ വക്താവ് നാദിർ സഅദ് പറഞ്ഞു.
 

Latest News