'ശമ്പള വിതരണത്തിന് വഴിനോക്കുകയാണ്'; ജീവനക്കാരോട് ജെറ്റ് എയര്‍വേയ്‌സ് 

മുംബൈ- ജീവനക്കാരുടെ മുടങ്ങിയ ശമ്പളം വിതരണം ചെയ്യുന്നതിന് വഴികളന്വേഷിച്ചു വരികയാണ് സാമ്പത്തിക പ്രതിസന്ധിയിലായ വിമാന കമ്പനി ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു. ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ ഒരു ഭാഗം ഒക്ടോബറിലാണ് നല്‍കിയത്. സെപ്തംബറിലേത് ഉടന്‍ വിതരണം ചെയ്യാനുള്ള വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും ഈ ആഴ്ച തന്നെ പരിഹാരമുണ്ടാകുമെന്നും കമ്പനി അറിയിച്ചു. പൈലറ്റുമാരുടെ പ്രതിനിധികളുമായി കമ്പനി മാനേജ്‌മെന്റ് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. പരിഹാരമുണ്ടായാല്‍ ഉടന്‍ അവരെ വിവരം അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി. ശമ്പളം വൈകിയതില്‍ ക്ഷമാപണം നടത്തിയ കമ്പനി ജീവനക്കാരുടെ ക്ഷമയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. മാസ ശമ്പളം രണ്ടു തവണകളായാണ് നവംബര്‍ മാസം വരെ വിതരണം ചെയ്യുകയെന്ന് നേരത്തെ കമ്പനി പൈലറ്റുമാരേയും എന്‍ജിനീയര്‍മാരേയും ഉന്നത മാനേജ്‌മെന്റ് ഉദ്യോഗസ്ഥരേയും അറിയിച്ചിരുന്നു. സെപ്തംബറിലേ ശമ്പളം വൈകുമെന്നും അറിയിച്ചിരുന്നു. 

അതിനിടെ ശമ്പളം വൈകുമെന്ന അറിയിപ്പിനു പിന്നാലെ ജെറ്റ് എയര്‍വേയ്‌സ് ഓഹരി വില ഇടിഞ്ഞു. ജൂണ്‍ മാസം അവസാനിച്ച പാദത്തില്‍ 1,323 കോടി രൂപയാണ് നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. യുഎഇ വിമാന കമ്പനിയായ ഇത്തിഹാദുമായി ചേര്‍ന്ന് ജെറ്റ് എയര്‍വേയ് ആരംഭിച്ച പുതിയ സംയുക്ത സംരഭത്തിന്റെ ഭാഗമായി 258 കോടി രൂപ ജെറ്റിന് ലഭിച്ചിരുന്നു.

Latest News