Sorry, you need to enable JavaScript to visit this website.

അന്‍വര്‍ ഇബ്രാഹിം വീണ്ടും മലേഷ്യന്‍ പാര്‍ലമെന്റംഗമായി; ഇനി പ്രധാനമന്ത്രി പദത്തിലേക്ക്

ക്വാലലംപൂര്‍- മലേഷ്യയില്‍ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നേതാവ് അന്‍വര്‍ ഇബ്രാഹിം പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. പോര്‍ട്ട് ഡിക്‌സണ്‍ മണ്ഡലത്തില്‍ നിന്ന് വന്‍ഭൂരിപക്ഷത്തിനാണ് അന്‍വര്‍ ജയിച്ചത്. സജീവ രാഷ്ട്രീയത്തിലേക്കുള്ള അന്‍വറിന്റെ തിരിച്ചുവരവിനു കളമൊരുക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗമാണ് ഈ സീറ്റ് ഒഴിഞ്ഞു കൊടുത്തത്. ബദ്ധവൈരിയായ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായി അന്‍വര്‍ അനുരജ്ഞനത്തിലെത്തിയത് മലേഷ്യയില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇരു നേതാക്കളുടേയും പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ സഖ്യം പൊതുതെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊയ്തിരുന്നു. തുടര്‍ന്ന് വീണ്ടും പ്രധാനമന്ത്രിയായ മഹാതീര്‍ പദവി അന്‍വറിന് ഒഴിഞ്ഞു കൊടുക്കമെന്നും നേരത്തെ പറഞ്ഞിട്ടുണ്ട്. ലൈംഗികാപവാദ കേസില്‍ ജയിലിലായിരുന്ന അന്‍വറിന് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ മാപ്പു നല്‍കി മോചിപ്പിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിനകം പ്രധാനമന്ത്രി പദം ഒഴിയുമെന്നാണ് മഹാതീര്‍ നേരത്തെ സൂചന നല്‍കിയിരുന്നത്. 71കാരനായ അന്‍വര്‍ ഇബ്രാഹിം പാര്‍ലമെന്റില്‍ തിരിച്ചെത്തിയതോടെ മഹാതീറിന്റെ പിന്‍ഗാമിയായി പ്രധാനമന്ത്രി പദത്തിലെത്താനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്.
 

Latest News