Sorry, you need to enable JavaScript to visit this website.

ജനാസ നമസ്‌ക്കരിക്കാന്‍ ശ്രമിച്ചതിന് രാജ്യദ്രോഹ കുറ്റം; പ്രതിഷേധവുമായി അലിഗഡിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍

അലിഗഡ്- കശ്മീരില്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മനാന്‍ ബാശിര്‍ വാനിയുടെ പേരില്‍ കാമ്പസില്‍ ജനാസ നമസ്‌ക്കാരം നടത്താന്‍ ശ്രമിച്ചതിന് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ കശ്മീരി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. യൂണിവേഴ്‌സിറ്റി അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജനാസ നമസ്‌ക്കാരം നടത്തിയിട്ടില്ലെന്നും ഇതിന്റെ പേരില്‍ നടക്കുന്ന വേട്ട അവസാനിപ്പിക്കണമെന്നും കശ്മീരി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. മൂന്ന് പേര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പിന്‍വലിച്ചില്ലെങ്കില്‍ ബുധനാഴ്ച 1200ഓളെ കശ്മീരി വിദ്യാര്‍ത്ഥികള്‍ യുണിവേഴ്‌സിറ്റി വിട്ട് വീട്ടിലേക്കു മടങ്ങിപ്പോകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി. 

നടക്കാത്ത ജനാസ നമസ്‌ക്കാരത്തിന്റെ പേരില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് പീഡനയും വേട്ടയുമാണെന്നും നീതി നിഷേധമാണെന്നും കശ്മീരി വിദ്യാര്‍ത്ഥികള്‍ യുണിവേഴ്‌സിറ്റി പ്രോക്ടര്‍ മുഹ്‌സിന്‍ ഖാന് നല്‍കിയ കത്തില്‍ ആരോപിച്ചു. വൈസ് ചാന്‍സലര്‍ക്കുള്ള കത്ത് മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് സജ്ജാദ് റാത്തര്‍ ആണ് പ്രോക്ടര്‍ക്കു കൈമാറിയത്. വേട്ട തുടര്‍ന്നാല്‍ യുണിവേഴ്‌സിറ്റി വിടുകയല്ലാതെ മാര്‍ഗമില്ലെന്നും സജ്ജാദ് പറഞ്ഞു. നിരവധി കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്തിയാണ് സജ്ജാദ് കത്ത് യുണിവേഴ്‌സിറ്റി പ്രോക്ടര്‍ക്കു സമര്‍പ്പിച്ചത്. 

അതേസമയം കശ്മീരി വിദ്യാര്‍ത്ഥികളുടെ ആരോപണം യുണിവേഴ്‌സിറ്റി തള്ളി. നിരപരാധികളെ ഒരിക്കലും കുറ്റപ്പെടുത്തില്ലെന്നും കാമ്പസില്‍ ദേശവിരുദ്ധമായ ഏതൊരു നീക്കത്തോടും കര്‍ക്കശ നിലപാടായിരിക്കുമെന്നും വക്താവ് പ്രൊഫ ശഫി ഖിദ്വായ് പറഞ്ഞു. 

അലിഗഡില്‍ പി.എച്.ഡി വിദ്യാര്‍ത്ഥിയായിരുന്നു വാനി ജനുവരിയിലാണ് കശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വാനിയുടെ പേരില്‍ ഒക്ടോബര്‍ 12ന് ജനാസ നമസ്‌ക്കാരം സംഘടിപ്പിക്കാന്‍ ഏതാനും കശ്മീരി വിദ്യാര്‍്തഥികള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ അധികൃതര്‍ ഇടപെട്ട് ഇതു തടഞ്ഞു. നമസ്‌ക്കാരത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു. പിന്നീടാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നു മൂന്ന് പേര്‍ക്കെതിരെ പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനാണ് കേസെന്ന് അലിഗഡ് ജില്ലാ സീനിയര്‍ പോലീസ് സുപ്രണ്ട് അജയ് സാഹ്നി പറഞ്ഞു. സിസിടിവ് ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും പോലീസ് പറഞ്ഞു.

നേരത്തെ ജനാസ നമസ്‌ക്കാരം സംഘടിപ്പിക്കാന്‍ ശ്രമിച്ച കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ സമിതിയേയും നിയോഗിച്ചിരുന്നു. മൂന്ന് ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണ് ഈ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഖിദ്വായ് പറഞ്ഞു. മൂന്ന് വിദ്യാര്‍ത്ഥികളെ നേരത്തെ യുണിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
 

Latest News