ന്യൂദൽഹി- പാൻക്രിയാസ് സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിൽ തുടരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ദൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ട് വിട്ടു. എന്നാൽ അദ്ദേഹത്തെ പൂർണമായും അസുഖം ഭേദമാകാതെയാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതെന്ന് റിപ്പോർട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തോടെ അദ്ദേഹത്തെ ഐ.സി.യുവിൽനിന്ന് പുറത്തു വിടുകയും പിന്നാലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുകയുമായിരുന്നുവെന്ന് എയിംസ് വക്താവ് അറിയിച്ചു. രാത്രിയോടെ അദ്ദേഹം ഗോവയിലേക്ക് തിരിച്ചതായും റിപ്പോർട്ടുണ്ട്.
പരീക്കറെ ഡിസ്ചാർജ് ചെയ്‌തെന്ന വാർത്തയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി ശ്രീപദ് നായിക് അദ്ഭുതം കൂറി. എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറെ ദിവസം കൂടി ആശുപത്രിയിൽ ചികിത്സയിൽ തുടരേണ്ടതായിരുന്നുവെന്നും ഗോവക്കാരനായ നായിക് പറഞ്ഞു.
കഴിഞ്ഞ ദിവസവും താൻ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നതാണ്. 15 ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയായിരുന്നു. എങ്കിലും കുറെ ദിവസം കൂടി അദ്ദേഹം ആശുപത്രിയിൽ തുടരേണ്ടതാണെന്നാണ് എനിക്ക് തോന്നിയതെന്ന് നായിക് പറഞ്ഞു.
കഴിഞ്ഞ ഏഴ് മാസമായി ഗോവയിലും മുംബൈയിലും അമേരിക്കയിലും ന്യൂദൽഹിയിലുമായി ചികിത്സയിലായിരുന്നു പരീക്കർ. കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ ദൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ സംസ്ഥാന രാഷ്ട്രീയത്തിൽ പൊട്ടിത്തെറികളുണ്ടാവുകയും സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ് ഗവർണർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ഗുരുതര രോഗം മൂലം ഭരണം നിർവഹിക്കാൻ കഴിയാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.വെള്ളിയാഴ്ച പരീക്കർ എയിംസിൽ മന്ത്രിമാരുടെയും ഗോവയിലെ മുതിർന്ന ബി.ജെ.പി നേതാക്കളുടെയും യോഗം വിളിച്ചിരുന്നു.






