ഗുവാഹത്തി- 24 വർഷം മുമ്പ് അസമിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കൂട്ടക്കൊല കേസിൽ മേജർ ജനറലും, മലയാളിയായ കേണലുമടക്കം ഏഴ് സൈനികോദ്യോഗസ്ഥരെ സൈനിക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മേജർ ജനറൽ എ.കെ. ലാൽ, കേണൽ തോമസ് മാത്യു, കേണൽ ആർ.എസ് സിബിരെൻ, ക്യാപ്റ്റൻ ദിലീപ് സിംഗ്, ക്യാപ്റ്റൻ ജഗ്‌ദേവ് സിംഗ്, നായിക് അൽബീന്ദർ സിംഗ്, നായിക് ശിവേന്ദർ സിംഗ് എന്നിവരെയാണ് 1994 ൽ അസമിലെ തീൻസൂകിയ ജില്ലയിൽ നടന്ന വ്യാജ ഏറ്റുമുട്ടലിന്റെ പേരിൽ സൈനിക കോടതി കോർട്ട് മാർഷ്യൽ ചെയ്തത്.
1994 ഫെബ്രുവരി 18 ന് തീൻസൂകിയ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ഓൾ അസം സ്റ്റുഡന്റ്‌സ് യൂനിയൻ നേതാക്കളായ ഒമ്പതു യുവാക്കളെ സംശയത്തിന്റെ പേരിൽ സൈന്യം പിടികൂടുകയും ഇതിൽ അഞ്ച് പേരെ ഉൾഫ ഭീകരരെന്ന് പറഞ്ഞ് പിന്നീട് വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയും ചെയ്യുകയായിരുന്നു. ബാക്കിയുള്ള നാല് പേരെ വിട്ടയച്ചു.
പ്രദേശത്തെ ഒരു തേയിലത്തോട്ടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ഇവരാണെന്ന് പറഞ്ഞാണ് യുവാക്കളെ സൈന്യം പിടികൂടുന്നത്. അസം മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ ജഗദീശ് ഭുയാന്റെ പരാതി പ്രകാരമായിരുന്നു നടപടി.
യുവാക്കളെ കാണാതായതോടെ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടണമെന്നാവശ്യപ്പെട്ട് ജഗദീശ് ഭുയാൻ ഗുവാഹത്തി ഹൈക്കോടതിയിൽ ഫെബ്രുവരി 22 ന് ഹരജി നൽകി. തുടർന്ന് ഇവരെ എല്ലാപേരെയും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് സൈന്യത്തോട് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ധോല പോലീസ് സ്റ്റേഷനിൽ അഞ്ച് മൃതദേഹങ്ങളാണ് സൈന്യം ഹാജരാക്കിയത്.
കേസിൽ പ്രതികളായ സൈനികോദ്യോഗസ്ഥർക്കെതിരായ കോർട്ട് മാർഷ്യൽ നടപടികൾ ഈ വർഷം ജൂലൈ 16 നാണ് ആരംഭിച്ചത്. ജൂലൈ 27 നു അവസാനിച്ചു. ശനിയാഴ്ചയായിരുന്നു വിധി പറഞ്ഞതെന്ന് ദുബ്രൂഗഢിലെ സൈനിക യൂനിറ്റിൽനിന്നുള്ള വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു.