Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ തട്ടിപ്പ്: മഞ്ചേരിയില്‍ നൈജീരിയക്കാരന്‍ അറസ്റ്റില്‍

മഞ്ചേരി- വിലയേറിയ മരുന്ന് ഓണ്‍ലൈനില്‍ വാങ്ങാന്‍ ശ്രമിച്ച മഞ്ചേരിയിലെ മരുന്ന് മൊത്തവില്‍പ്പനക്കാരനില്‍ നിന്നും 1.25 ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസില്‍ ഒരു നൈജീരിയന്‍ പൗരനെ കൂടി മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തിന് പണം കൈമാറാനുള്ള ഏജന്റായി പ്രവര്‍ത്തിച്ച നൈജീരിയന്‍ സ്വദേശി ഇദുമെ ചാള്‍സ് ഒന്യാമയേച്ചി (32) ആണ് പിടിയിലായത്. മഞ്ചേരിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28), ലാങ്ജി കിലിയന്‍ കെങ് (27്) എന്നിവരെയും സംഘാംഗങ്ങളായ രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് കുംഭനഗര്‍ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂര്‍ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരെയും കഴിഞ്ഞ മാസങ്ങളില്‍ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഈ കേസില്‍ നടത്തിയ തുടരന്വേഷണത്തില്‍ ഇത്തരം കേസുകളില്‍ പണം സ്വീകരിക്കുന്നതിന് ഏജന്റായി പ്രവര്‍ത്തിക്കുന്നയാളാണ് ഇദുമെ ചാള്‍സ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ ഇദുമെ ചാള്‍സിനെ മുമ്പ് സമാനമായ കേസിന് രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. പോലീസിന്റെ കണ്ണു വെട്ടിക്കാന്‍ ഇടക്കിടെ താമസസ്ഥലം മാറി വരികയായിരുന്നു ഇയാളെന്നും പോലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ സമാനമായ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ ഇവര്‍ മുഖേന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍.ബി. ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ കെ.പി. അബ്ദുല്‍ അസീസ്, ടി.പി. മധുസൂദനന്‍, ഷഹബിന്‍, ഹരിലാല്‍ എന്നിവരാണ് മഹാരാഷ്ട്രയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Latest News