കാബൂള്‍- അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി താലിബാന്‍ പ്രതിനിധികള്‍ യു.എസ് ദൂതന്‍ സാല്‍മയ് ഖലീല്‍ സാദുമായി ചര്‍ച്ച നടത്തിയതിന് സ്ഥിരീകരണം. അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികള്‍ തേടിയാണ് ഇരു ഭാഗവും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഖത്തറില്‍ നടന്ന ചര്‍ച്ചയെ കുറിച്ച് ആദ്യമായാണ് താലിബാന്റെ ഭാഗത്തു നിന്ന് സ്ഥിരീകരണം വരുന്നത്.
താലിബാനെ ചര്‍ച്ചയിലെത്തിക്കുന്നതിന് മേഖലയിലെ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ഏകോപിപ്പിക്കുകയായിരുന്നു ചര്‍ച്ചയുടെ ലക്ഷ്യം. വെള്ളിയാഴ്ചയാണ് ഖലീല്‍ സാദും മറ്റു അമേരിക്കന്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത ചര്‍ച്ച നടന്നതെന്ന് താലിബാന്‍ വക്താവ് സബിയുല്ലാ മുജാഹിദ് മാധ്യമ പ്രവര്‍ത്തകര്‍ക്കയച്ച പ്രസ്താവനയില്‍ പറഞ്ഞു.
ജൂണില്‍ അപ്രതീക്ഷിതമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ജൂലൈയില്‍ താലിബാന്‍ പ്രതിനിധികള്‍ യു.എസ്. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. 17 വര്‍ഷമായി തുടുരന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് വഴി തുറക്കുമെന്ന പ്രതീക്ഷ ഉയരുകയും ചെയ്തു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇരുഭാഗവും സ്ഥിരീകരിച്ചില്ലെങ്കിലും കൂടുതല്‍ ചര്‍ച്ചക്ക് വഴി ഒരുങ്ങുകയാണെന്ന അഭ്യൂഹം വ്യാപകമായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ താലിബാനും ഐ.എസും നടത്തിയ ആക്രമണങ്ങള്‍ സമാധാനത്തിനുള്ള ശുഭപ്രതീക്ഷ കെടുത്തി.
പുതിയ ചര്‍ച്ചയെ കുറിച്ച് താലിബാന്‍ നല്‍കിയ പ്രസ്താവനയോട് കാബൂളിലെ യു.എസ്. എംബസി വക്താവ് പ്രതികരിച്ചില്ല. അഫ്ഗാന്‍ അധിനിവേശത്തിന് സമാധാനപൂര്‍ണമായ അന്ത്യം കാണാനുള്ള വഴികളാണ് ചര്‍ച്ചയില്‍ ആരാഞ്ഞതെന്ന് താലിബാന്‍ വക്താവ് മുജാഹിദ് പറഞ്ഞു. 2001 ല്‍ അമേരിക്ക നടത്തിയ അധിനിവേശമാണ് താലിബാനെ അധികാരത്തില്‍നിന്ന് പുറന്തള്ളിയത്. വിദേശ സൈന്യത്തിന്റെ സാന്നിധ്യമാണ് സമാധാനത്തിന് ഏറ്റവും വലിയ തടസ്സമെന്നാണ് താലിബാന്‍ യു.എസ് പ്രതിനിധികളെ അറിയിച്ചത്. ഇത്തരം ചര്‍ച്ചകള്‍ തുടരാന്‍ ഇരുഭാഗവും സമ്മതിച്ചതായി മുജാഹിദ് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.
മേഖലയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖലീല്‍സാദ് കാബൂളില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് താലിബാന്‍ വക്താവിന്റെ പ്രസ്താവന. യു.എസ് പ്രതിനിധി ഖലില്‍ സാദ് തിങ്കളാഴ്ച അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുമായും മുതിര്‍ന്ന നേതാക്കളുമായും കാബൂളില്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയുടെ സാമ്പത്തിക സഹായത്തില്‍ നടക്കുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി താലിബാന്‍ പ്രസ്താവനയിറക്കിയതും ഇതേ ദിവസമായിരുന്നു. സുരക്ഷാ സേനയെ ലക്ഷ്യമിടുമെന്നായിരുന്നു താലിബാന്‍ താക്കീത്. കാബൂളിലെ മുന്‍ യു.എസ് അംബാസഡറായിരുന്ന ഖലീല്‍ സാദ് ജനിച്ചത് അഫ്ഗാനിസ്ഥാനിലാണ്. പഷ്തു, ദാരി തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുള്ള ഖലീല്‍ സാദിനെ താലിബാനുമായി സമാധാന നീക്കം നടത്താന്‍ കഴിഞ്ഞ മാസമാണ് നിയോഗിച്ചത്.