നമസ്‌കാരത്തിനിടെ യുവാവിന്റെ മരണം; വൈറലയി വിഡിയോ

വടക്കൻ ബീശയിൽ നമസ്‌കാരത്തിനിടെ പാക് യുവാവ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം

ബീശ- നമസ്‌കരിക്കുന്നതിനിടെ പാക്കിസ്ഥാൻ വംശജനായ യുവാവ് മരിച്ചുവീഴുന്നതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വെള്ളിയാഴ്ച വടക്കൻ ബീശയിൽ അൽദയ്‌ലമി ഗ്രാമത്തിലെ ഒരു മസ്ജിദിൽ മഗ്‌രിബ് നമസ്‌കാരാനന്തരം ഐഛിക നമസ്‌കാരം നിർവഹിക്കുന്നതിനിടെയാണ് 23 കാരൻ ആബിദ് ഏതൊരു വിശ്വാസിയും കൊതിക്കുന്ന രീതിയിലുള്ള മരണം വരിച്ചത്. പള്ളിയിലെ സി.സി.ടിവിയിൽ പതിഞ്ഞ വീഡിയോ ക്ലിപ്പിംഗ് നിരവധി പേർ പങ്കുവെച്ചു.

ഇലക്ട്രീഷനായി ജോലി ചെയ്യുന്ന യുവാവ് നമസ്‌കാരത്തിൽ അങ്ങേയറ്റം കണിശത പുലർത്തിയിരുന്നുവെന്ന് ഗ്രാമവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സൗദി അറേബ്യയെയും സൗദി ജനതയെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ചെറുപ്പക്കാരനാണ് വിട പറഞ്ഞതെന്ന് സ്വദേശിയായ മുഹമ്മദ് ശഅ്‌ലാൻ പറഞ്ഞു. ബീശ കിംഗ് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ട് ഇവിടെ ഖബറടക്കുന്നതിനായി നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

 

Latest News