പട്‌ന- ബിഹാറിലെ ഖഗാരിയ ജില്ലയില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ദിനേശ് മുനിയുടെ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പസറാഹ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ അശിഷ് കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. ഖഗാരിയ പട്ടണത്തിനു പുറത്തെ ഗംഗാ നദിയിലെ സലര്‍പൂര്‍ തുരുത്തില്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് പോലീസും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടിയത്. മുനിയും സംഘവും ഇവിടെ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് അശിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരച്ചിലിനായി ഇവിടെ എത്തിയത്. സംഘത്തിലെ നാലു പേരെ പിടികൂടി. ഇവരുടെ കേന്ദ്രത്തില്‍ പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു റെയ്ഡ്. പോലീസിനെ നേര്‍ക്കുനേര്‍ കണ്ട സംഘം വെടിവയ്ക്കുകയായിരുന്നു. പോലീസ് തിരിച്ചു വെടിയുതിര്‍ത്തു. കനത്ത വെടിവയ്പ്പില്‍ നെഞ്ചില്‍ വെടിയേറ്റാണ് അശിഷ് കുമാര്‍ കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ സേന സ്ഥലത്തെത്തി. അതേസമയം ഗുണ്ടാ തലവന്‍ പിടിയിലായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അധികമാരും എത്തിപ്പെടാത്ത സലാര്‍പൂര്‍ തുരുത്ത് സംസ്ഥാനത്തെ ക്രിമിനലുകളുടെ സ്ഥിരം ഒളിത്താവളമാണെന്ന് പോലീസ് പറഞ്ഞു.