മലപ്പുറത്ത് 55 കാരന്‍ മര്‍ദനമേറ്റു മരിച്ചു; അഞ്ച് പേര്‍ക്കെതിരെ കേസ്

മലപ്പുറം-വാഹനം നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മര്‍ദനമേറ്റ 55 കാരന്‍ മരിച്ചു. കോട്ടയ്ക്കല്‍ പറപ്പൂരിനടുത്ത് പൊട്ടിപ്പാറയിലാണ് സംഭവം. പൂവളപ്പില്‍ കോയ (55) ആണ് ആശുപത്രിയില്‍വെച്ച് മരിച്ചത്.
പൊട്ടിപ്പാറ സ്വദേശികളായ ഒരു സംഘമാളുകള്‍ അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോയ രാത്രിയോടെയാണ് മരിച്ചത്. 
വാഹനം റോഡില്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോയയും മറ്റൊരാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
പൊട്ടിപ്പാറ സ്വദേശികളായ നൗഫല്‍, ജബ്ബാര്‍, അസ്‌കര്‍, ഹക്കിം, മൊയ്തീന്‍ഷാ എന്നിവര്‍ക്കെതിരെ വേങ്ങര പൊലീസ് കേസെടുത്തു.
മരിച്ച കോയ ചുമട്ടുതൊഴിലാളിയാണ്. ആസിയയാണ് ഭാര്യ. മക്കള്‍: മുഹമ്മദലി, സിദ്ദീഖ്, നജ്മുന്നിസ, സുലൈഖ, റംല.
 

Latest News