Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍-ഹമാസ് സമാധാനത്തിന് ശ്രമിച്ച യു.എന്‍ പ്രതിനിധി വിവാദത്തില്‍

ഗാസ-ഇസ്രായില്‍ അതിര്‍ത്തിയില്‍ പ്രകടനം നടത്തുന്ന ഫലസ്തീനികളെ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ വിജയ ചിഹ്്‌നം ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നു.

യു.എന്‍ ദൂതനെ സ്വീകാര്യമല്ലെന്ന് പി.എല്‍.ഒ അറിയിച്ചു

പി.എല്‍.ഒയെ അറിയിക്കാതെ നേരിട്ട് ഹമാസ്-ഇസ്രായില്‍ ചര്‍ച്ചക്ക് ശ്രമിച്ചുവെന്ന് ആരോപണം

റാമല്ല- ഇസ്രായിലും ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസും തമ്മില്‍ സമാധാന കരാറിന് ശ്രമിച്ച ഐക്യരാഷ്ട്ര സംഘടനാ സമാധാന പ്രതിനിധിയുടെ നടപടി വിവാദത്തില്‍. യു.എന്‍ ദൂതനെ ഇനി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും ഫലസ്തീന്‍ വിമോചന സംഘടന (പി.എല്‍.ഒ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഹ്്മദ് മജ്്ദലാനി പറഞ്ഞു. ഇസ്്‌ലാമിക പ്രസ്ഥാനമായ ഹമാസും ഇസ്രായിലും തമ്മില്‍ നേരിട്ട് സമാധാന കരാര്‍ ഉണ്ടാക്കാന്‍ യു.എന്‍ ദൂതന്‍ നടത്തിയ ശ്രമം അതിരു കടന്നതാണെന്നാണ് ഫലസ്തീന്‍ നേതൃത്വത്തിന്റെ വിമര്‍ശം. ഫലസ്തീന്‍ സര്‍ക്കാരിന് യു.എന്‍ സമാധാന ദൂതന്‍ നിക്കോളായ് മ്ലാദനേവിനെ സ്വീകര്യമല്ലെന്ന് സെക്രട്ടറി ജനറലിനെ അറിയിച്ചതായി അഹ്്മദ് മജ്ദലാനി പറഞ്ഞു.

ഗാസയുടെ നിയന്ത്രണമുള്ള ഹമാസും ഇസ്രായിലും തമ്മില്‍ കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ച മ്ലാദനേവ് തന്റെ ദൗത്യത്തിനപ്പുറമുള്ള കാര്യങ്ങളിലാണ് ഏര്‍പ്പെട്ടത്. ഇദ്ദേഹത്തിന്റെ നടപടി ഫലസ്തീന്‍ ദേശീയ സുരക്ഷയേയും ജനങ്ങളുടെ ഐക്യത്തേയും ബാധിച്ചു -പി.എല്‍.ഒ പ്രതിനിധി പറഞ്ഞു.
ആദ്യം ഇസ്രായിലിനോടും പിന്നീട് അമേരിക്കയോടും നോ പറഞ്ഞ ഫലസ്തീനികള്‍ ഇപ്പോള്‍ യു.എന്നിനോടും നോ പറയുകയാണെന്ന് യു.എന്നിലെ ഇസ്രായില്‍ അംബാസഡര്‍ ഡാന്നി ഡാന്‍സണ്‍ പ്രതികരിച്ചു. ഈ തീരുമാനത്തിലൂടെ അബൂ മാസിന്‍ (ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ്) ഫലസ്തീന്‍ അതോറിറ്റിയെ വീണ്ടും അന്താരാഷ്ട്ര ഒറ്റപ്പെടലിലേക്കാണ് നയിക്കുന്നതെന്നും ഇത് അന്തിമമായി ഫലസ്തീനികള്‍ക്ക് തന്നെയാണ് ദോഷകരമെന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്തുമായി ചേര്‍ന്നാണ് ഇസ്രായിലും ഹമാസും തമ്മില്‍ ദീര്‍ഘകാല കരാറിന് മ്ലാദെനോവ് ശ്രമിച്ചത്. രാജ്യാന്തര സമൂഹം അംഗീകരിച്ച അബ്ബാസിന്റെ സര്‍ക്കാരിനെ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചിരുന്നില്ല. അബ്ബാസിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് മധ്യസ്ഥ നീക്കം സ്തംഭിച്ചിരിക്കയാണെങ്കിലും ഗാസയില്‍ അടുത്ത ആറു മാസത്തേക്കുള്ള ഇന്ധന വിതരണത്തിന് ഖത്തറിന്റെ സാമ്പത്തിക സഹായം സ്വീകരിക്കാന്‍ യു.എന്‍ മധ്യസ്ഥതയില്‍ ഭാഗിക കരാറിലെത്തിയിരുന്നു. ഈ കരാറില്‍ അബ്ബാസ് സര്‍ക്കാരിനെ ഉള്‍പ്പെടുത്താതെയുള്ള മ്ലാദനേവിന്റെ നീക്കമാണ് ഫലസ്തീന്‍ രാഷ്ട്രീയ നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിക്കാണ് അര്‍ധ സ്വയം ഭരണമെങ്കിലും 2007-ലെ പോരാട്ടത്തിനു ശേഷം ഗാസയുടെ നിയന്ത്രണം ഹമാസിനാണ്. രാജ്യാന്തര സമൂഹം യോജിച്ച് പ്രവര്‍ത്തിക്കുന്ന പി.എല്‍.ഒയെ ആണ് ഇസ്രായില്‍ അംഗീകരിക്കുന്നത്. ഇസ്രായിലും പി.എല്‍.ഒയും തമ്മില്‍ നിരവധി സമാധാന കരാറുകള്‍ ഒപ്പുവെച്ചെങ്കിലും ഹമാസ് ഇസ്രായിലുമായി പോരാട്ടം തുടരുകയാണ്. 2008 നു ശേഷം ഹമാസും ഇസ്രായിലും തമ്മില്‍ നേരിട്ട് മൂന്ന് തവണ ഏറ്റുമുട്ടി.

Latest News